എപ്പോഴും സുഹൃത്തുക്കൾ പിന്നിലുണ്ടായിരിക്കുന്നത് നല്ലതാണ്. അപകടത്തിൽ രക്ഷയ്ക്കുണ്ടാകുന്നത് അവരായിരിക്കും. അത്തരമൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിഡിയോയിലെ കാഴ്ചയും. പരുന്തിന്റെ ആക്രമണത്തിൽനിന്ന് ഒരു കോഴിയെ പൂവൻകോഴിയും ആടും ചേർന്ന് രക്ഷിക്കുന്നതാണ് വീഡിയോ.
നെതർലാൻഡിലെ ഗെൽഡർലാൻഡിലെ കർഷകനായ ജാപ് ബീറ്റ്സിന്റെ പാടത്താണ് ഈ അതിനാടകീയമായ സംഭവം അരങ്ങേറിയത്. പാടത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
പാടത്ത് കൊത്തിപ്പെറുക്കുകയായിരുന്ന കോഴിയെ വലിയ പരുന്ത് പറന്നുവന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പൂവൻകോഴി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുമെന്നു തോന്നുന്ന ഘട്ടത്തിൽ ആട് ഓടിവരികയും രണ്ടു പേരും ചേർന്ന് കോഴിയെ രക്ഷിക്കുന്നതുമാണ് വിഡിയോയിൽ.
17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 1.6 മില്യൺ ആളുകളാണ് കണ്ടത്. ആടിന്റെയും കോഴിയുടെയും ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് പലരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. “മൃഗങ്ങൾക്ക് വികാരമില്ലെന്ന് പറയുന്നവർ ഈ വിഡിയോ ഒന്ന് കാണണമെന്നും” ” അവർ സുഹൃത്തിനെ രക്ഷിക്കാൻ വന്നത് കണ്ടോ” എന്നുമാണ് ചിലർ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പറയുന്നത്.
Also read: ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ;’ വൈറലായി വീഡിയോ
പരുന്തിന്റെ ആക്രമണത്തിന് ഇരയായ കോഴിക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തന്റെ ആടിനെയും പൂവൻകോഴിയെ ഓർത്ത് അഭിമാനമുണ്ടെന്നും ജാപ് ബീറ്റ്‌സ് പറഞ്ഞതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.