കഴിഞ്ഞ ആഴ്ച അങ്ങ് ഇൻഡോറിൽ വളരെ വ്യത്യസ്തമായ ഒരു ഫുഡ്ബോൾ ടൂർൺമെന്റ് നടന്നു. ‘ഗോൾ ഇൻ സാരി’ എന്നായിരുന്നു ടൂർണമെന്റിന്റെ പേര്. മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിലെ സ്ത്രീകൾ ഉൾപ്പെടുന്ന ടീമാണ് മത്സരിക്കാനെത്തിയത്. ഒരു ടീമിൽ എട്ടു മത്സരാർത്ഥികൾ വീതമാണ് ഉണ്ടായിരുന്നത്. മത്സരത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ടീമംഗങ്ങളെല്ലാവരും ജേഴ്സിയ്ക്കു പകരം സാരിയണിഞ്ഞാണ് ഗ്രൗണ്ടിലിറങ്ങിയത്.
ടൂർണമെന്റിന്റെ രണ്ടാം ഘട്ടമാണ് കഴിഞ്ഞാഴ്ച നടന്നത്. ഗ്വാളിയാർ മിനിസിപ്പൽ കോർപ്പറേഷന്റെയും ജൂനിയർ ചേമ്പർ ഇന്റർനാഷ്ണലിന്റെയും നേതൃത്വത്തിൽ മാർച്ച് 25, 26 തീയതികളിലായാണ് മത്സരം സംഘടിപ്പിച്ചത്.
ഇരുപതു വയസ്സു മുതൽ 72 വയസ്സു വരെയുള്ള മത്സരാർത്ഥികൾ ടീമിലുണ്ടായതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ടൂർണമെന്റിലെ ഒരു മാച്ചിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഐഎഎസ് ഓഫീസറും മിനിസിപ്പൽ കോർപ്പറേഷനിലെ കമ്മിഷ്ണറുമായ കിഷോർ കന്യാൽ കമന്ററി പറയുന്ന വീഡിയോയും ശ്രദ്ധ നേടുകയാണ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ കൊണ്ട് ആയിരത്തിലധികം വ്യൂസും വീഡിയോയ്ക്ക് ലഭിച്ചു.
“സാരി അണിയുക ഫിറ്റായിരിക്കും എന്നതാണ് നമുക്ക് ഈ ടൂർണമെന്റിലൂടെ നടത്തിയെടുക്കാൻ സാധിച്ചത്. ടൂർണമെന്റിന്റെ അടുത്ത എഡിഷനിൽ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരെയും പങ്കെടുപ്പിക്കും. ദാട്ടിയ ജില്ലയിൽ നിന്നുള്ള കുറച്ച് ആളുകൾ നമ്മളെ സമീപിക്കുകയും ചെയ്തു. ടൂർണമെന്റ് കുറച്ചു കൂടി വിപുലീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാന തലത്തിലേക്ക് ഗോൾ ഇൻ സാരിയെത്തിക്കാനും പരിശ്രമിക്കും” ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് സാമൂഹ്യ പ്രവർത്തകയും സംഘാടകയുമായ അഞ്ജലി ഗുപ്ത പറഞ്ഞു.