ചെന്നൈ: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെലും വിനി രാമനും തമ്മില്ലുള്ള തമിഴ് ആചാരപ്രകാരമുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. മാർച്ച് 18 ന് ഓസ്ട്രേലിയയിൽ വച്ച് വിവാഹതിരായ ഇരുവരും പരമ്പരാഗത തമിഴ് ശൈലിയിലും ‘തിരുമണം’ ചാർത്തുന്ന ചടങ്ങാണ് കഴിഞ്ഞ ദിവസം നടത്തിയത്.
ഞായറാഴ്ച്ച ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ചടങ്ങിൽ നിന്നുള്ളൊരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. ആടിയാടി വിനിയ്ക്ക് മാക്സ്വെല്ലും വിനി മാക്സ്വെല്ലിനും മാലയിടുന്നതാണ് വീഡിയോയിൽ.
പരമ്പരാഗത രീതിയിലുള്ള കുർത്ത അണിഞ്ഞാണ് മാക്സ്വെലിനെ വീഡിയോയിൽ കാണാനാവുന്നത്. പച്ചയും ഓറഞ്ചും കലർന്ന സാരിയിലാണ് വിനി.
വർഷങ്ങളോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇവരുടെ വിവാഹം. തമിഴ്നാട്ടിൽ വേരുകളുള്ള വിനി ജനിച്ചതും വളർന്നതും മെൽബണിലാണ്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റാണ് വിനി. ചെന്നൈയിലാണ് വിനിയുടെ കുടുംബ വീട്. 2013 ഡിസംബറിൽ മെൽബൺ സ്റ്റാർസ് എന്ന പരിപാടിയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് നല്ല സുഹൃത്തുക്കളായി, തുടർന്ന് പ്രണയത്തിലാവുകയായിരുന്നു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ മാക്സ്വെൽ വിവാഹത്തോടനുബന്ധിച്ച് ടീമിൽ ജോയിൻ ചെയ്തിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ മാക്സ്വെൽ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 കോടി രൂപയ്ക്കാണ് മെഗാ താര ലേലത്തിനു മുന്നോടിയായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മാക്സ്വെല്ലിനെ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ 15 കളിയിൽ നിന്ന് 42.75 ശരാശരിയിൽ 513 റണ്‍സ് നേടിയ മാക്സ്വെൽ മികച്ച ഫോമിലായിരുന്നു.