പ​നജി: രാജ്യത്താകമാനം പെ​ണ്‍​കു​ട്ടി​ക​ൾ മ​ദ്യ​പി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച ഗോ​വ മു​ഖ്യ​മ​ന്ത്രിയും ബിജെപി നേതാവുമായ മ​നോ​ഹ​ർ പ​രീ​ക്കറിനെതിരെ ട്വിറ്ററില്‍ പട. ഗോവയിൽ നിയമകാര്യ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന യുവജന പാർലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മനോഹർ പരീക്കർ വാവിട്ട് സംസാരിച്ചത്.

“എനിക്ക് ഭയമാകുന്നുണ്ട്. പെൺകുട്ടികൾ പോലും മദ്യപിക്കുന്ന കാലത്തിലേക്കാണ് എത്തിയിരിക്കുന്നത്. സഹിഷ്‌ണുതയുടെ അതിര് ലംഘിക്കുന്നതാണിത്. ഇവിടെ ഇരിക്കുന്നവരെ ആരെയെങ്കിലുമോ അല്ലെങ്കിൽ എല്ലാ പെൺകുട്ടികളെയും കുറിച്ചോ അല്ല പറഞ്ഞത്. എന്നാൽ രാജ്യത്താകമാനം പെൺകുട്ടികളിൽ നല്ലൊരു വിഭാഗം മദ്യപിക്കുന്നത് ആശങ്കാജനകമാണ്”, പരീക്കർ പറഞ്ഞു.

പരീക്കറിന്റെ വാക്കുകള്‍ വാര്‍ത്തയായതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. പുരുഷാധിപത്യപരമായ പ്രസ്താവനയ്ക്ക് മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യം ഉയര്‍ന്നു.

എന്നാല്‍ വളരെ വ്യത്യസ്ഥമായ രീതിയിലാണ് പ്രസ്താവനയ്ക്കെതിരെ സ്ത്രീകള്‍ സോഷ്യല്‍മീഡിയയില്‍ അണിനിരന്നത്. ബിയര്‍ കഴിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് സ്ത്രീകള്‍ പോസ്റ്റ് ചെയ്തത്.

കൂടാതെ ബിയര്‍ മാത്രമല്ല വിസ്കി കൂടി കഴിക്കുന്നവളാണ് സ്ത്രീയെന്ന് പരീക്കര്‍ മനസ്സിലാക്കണമെന്ന് അറിയിച്ച് മദ്യപിക്കുന്ന ചിത്രങ്ങളും ട്വിറ്ററില്‍ നിറഞ്ഞു. ഇത്തരം ജന്മിത്ത ജോക്കറുമാര്‍ക്ക് സ്ത്രീ അടിമയല്ലെന്ന് കാണിച്ച് കൊടുക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു ഓരോ പോസ്റ്റുകളും. #GirlsWhoDrinkBeer എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

കൂടാതെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി രേണുക ചൗധരിയുടെ ചിരിയെ പരിഹസിച്ച പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും ട്വിറ്ററില്‍ പ്രതിഷേധം ശക്തമായി. പൊട്ടിച്ചിരിച്ച് കൊണ്ടിരിക്കുന്ന ചിത്രമാണ് സ്ത്രീകള്‍ പോസ്റ്റ് ചെയ്തത്. #LaughLikeSoorpanaka എന്ന ഹാഷ്ടാഗോടെയാണ് പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ആണിന് മാത്രമേ പൊട്ടിച്ചിരിക്കാന്‍ പാടുളളു എന്ന ധ്വനിയാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലെന്ന് കോണ്‍ഗ്രസും വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ത്രീവിരുദ്ധതയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കാണാനാകുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടയിലായിരുന്നു വിവാദ സംഭവം. മോദി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രേണുക ചൗധരി ഉറക്കെ ചിരിച്ചു. മോദി തന്റെ പ്രസംഗം തുടര്‍ന്നെങ്കിലും രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രേണുക ചൗധരിയെ ശാസിച്ചു.

അച്ചടക്കമില്ലായ്മയും നിയന്ത്രണമില്ലാത്ത പെരുമാറ്റവും സഭയില്‍ അനുവദിക്കില്ലെന്നു പറഞ്ഞ അധ്യക്ഷന്‍ എംപിയെ രൂക്ഷമായ ഭാഷയില്‍ താക്കീതു ചെയ്തു. എന്നാല്‍ ഈ താക്കീതില്‍ രേണുക ചൗധരി തന്റെ ചിരി നിര്‍ത്തിയില്ല. തുടര്‍ന്നായിരുന്നു മോദിയുടെ പരിഹാസം. രേണുക ചൗധരി ചിരി തുടര്‍ന്നോട്ടെയെന്നും രാമായണം സീരിയലിനും ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത് ഇപ്പോഴാണെന്നുമായിരുന്നു മോദിയുടെ തിരിച്ചടി. ഈ വാക്കുകള്‍ ഭരണകക്ഷിയംഗങ്ങള്‍ ഡസ്‌കില്‍ ആടിച്ച് ആഘോഷിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ