ബ്ലാക്ക് ബോര്‍ഡിലെ എഴുത്തുകളിലൂടെയും വരകളിലൂടെയും സ്വന്തം വിദ്യാര്‍ത്ഥികള്‍ മൈക്രോസോഫ്റ്റിന്റെ തത്ത്വങ്ങള്‍ പറഞ്ഞുകൊടുത്ത റിച്ചാര്‍ഡ് അപിയാ അക്കോട്ടോ എന്ന അധ്യാപകന്റെ ചിത്രം കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ദക്ഷിണ ഘാനയിലെ ബെറ്റെനസെ എംഎ ജൂനിയര്‍ ഹൈസ്‌കൂളിലെ അധ്യാപകനാണ് റിച്ചാര്‍ഡ് അപിയാ അക്കോട്ടോ. 2011 ന് മുമ്പ്‌വരെ പേരിന് പോലും ഒരു കമ്പ്യൂട്ടറില്ലാത്ത വിദ്യാലയമായിരുന്നു ബെറ്റെനസെ എംഎ ജൂനിയര്‍ ഹൈസ്‌കൂള്‍. എന്നാല്‍ ആ വര്‍ഷമായപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ദേശീയ പരീക്ഷ പാസ്സാകണമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി പഠിക്കണമെന്ന് നിര്‍ബന്ധിതരായി. അപ്പോഴാണ് കമ്പ്യൂട്ടറില്ലാത്ത സ്‌കൂളിന്റെ ശോചനീയാവസ്ഥ അധികൃതര്‍ മനസ്സിലാക്കുന്നത്.

എന്നാല്‍ സ്‌കൂളിലെ യുവ അധ്യാപകനായ റിച്ചാര്‍ഡ് ഒട്ടും മടിച്ചുനിന്നില്ല. കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ ആവശ്യമായ വിവരങ്ങള്‍ ബ്ലാക്ക്‌ബോര്‍ഡില്‍ വരച്ചും വിവരിച്ചും അദ്ദേഹം പഠിപ്പിച്ചു. അധ്യാപകന്റെ ഐടി ക്ലാസുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള അധ്യാപകന്റെ അര്‍പ്പണബോധം പുറംലോകം അറിയുന്നത്. ഇതിന് പിന്നാലെ സ്കൂളിനെ സഹായിക്കാന്‍ ഇന്ത്യന്‍ കമ്പനിയാണ് രംഗത്തെത്തിയത്.

വൈറലായി മാറിയ ചിത്രം ശ്രദ്ധയില്‍ പെട്ട എന്‍ഐഐടി അധികൃതരാണ് സ്കൂളിനെ സഹായിക്കാന്‍ തയ്യാറായത്. കമ്പനിയുടെ സിഇഒ കപില്‍ ഗുപ്തയുടെ നിര്‍ദേശപ്രകാരം അഞ്ച് ഡെസ്ക്ടോപ്പുകളും പുസ്തകങ്ങളുമാണ് കമ്പനി സ്കൂളിന് നല്‍കിയത്. വൈറലായി മാറിയ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട മൈക്രോസോഫ്റ്റ് ആഫ്രിക്കയും അക്കോട്ടോയ്ക്ക് സ്വീകരണം നല്‍കി. കൂടാതെ അദ്ദേഹത്തെ സിംഗപ്പൂരില്‍ നടക്കുന്ന എഡ്യൂക്കേഷന്‍ എക്സ്ചേഞ്ചിലും എത്തിച്ചു. ഇത് ആദ്യമായാണ് അദ്ദേഹം ഘാനയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ