ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കുന്ന ആദ്യ വിദ്യാലയമായി മാറിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ബാലുശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പാന്റും ഷര്‍ട്ടുമാണ് ഇത്തവണ പ്രവേശനം നേടിയ പ്ലസ് വണ്‍ ബാച്ചിലെ കുട്ടികളുടെ യൂണിഫോം. ഇന്നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയെ വിദ്യാര്‍ഥികളും പൊതുവെ സമൂഹവും സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ചില കോണുകളിൽ എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്. എം എസ് എഫ് ഉള്‍പ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലാണ് എതിര്‍പ്പ്. ആണ്‍കുട്ടികളുടെ യൂണിഫോം പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ പ്രാദേശിക മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ബാലുശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കു മാര്‍ച്ച് നടത്തിയിരുന്നു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരായ എതിര്‍പ്പുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനൊപ്പം ട്രോളുകളും നിറയുകയാണ്. മുസ്ലിം ലീഗ് നേതാക്കളുടേത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പാന്റും ഷര്‍ട്ടുമെന്ന യൂണിഫോം നടപ്പാക്കിയതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് എതിര്‍പ്പുകള്‍ക്കെതിരായ സോഷ്യല്‍ മീഡിയയിലെ ആക്രമണം.
സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ യുണിറ്റി വിമന്‍സ് കോളജിലെയും രാജ്യസഭാ അംഗം പി വി അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള പീവീസ് പബ്ലിക് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ പാന്റും ഷര്‍ട്ടും ധരിച്ചുകൊണ്ടുള്ള ഫൊട്ടോകള്‍ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റു ചിലരാവട്ടെ, ചില നേതാക്കളുടെ പെൺമക്കൾ പാന്റും ഷർട്ടുമിട്ടുനിൽക്കുന്നതിന്റെയും ഇസ്ലാമിക രാജ്യങ്ങളില്‍ സ്ത്രീകള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നതിന്റെ ഫൊട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ആണ്‍കുട്ടികളുടെ വേഷം പെണ്‍കുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എസ് എസ് എഫ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളുടെ ആരോപണം. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നതെന്ന് എം എസ് എഫ് കുറ്റപ്പെടുത്തുന്നു. വസ്ത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍, പുതിയ യൂണിഫോം ചുരിദാറിനെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യപ്രദമാണെന്നാണ് സ്‌കൂളിലെ പെണ്‍കുട്ടികളുടെ അഭിപ്രായം. വിദ്യാര്‍ഥികളുടെ പ്രതികരണം. പുതിയ യൂണിഫോം അടിപൊളിയാണെന്നും വളരെ കംഫര്‍ട്ടബിളായി തോന്നുവെന്നും പറഞ്ഞ വിദ്യാര്‍ഥികള്‍, തങ്ങള്‍ക്ക് ഇല്ലാത്ത പ്രശ്നം പ്രതിഷേധിക്കുന്നവര്‍ക്ക് എന്തിനാണെന്നാണ് ചോദിക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് പുതിയ യൂണിഫോം രീതി നടപ്പാക്കിയതെന്ന് സ്‌കൂള്‍ അധികൃതരും പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഓണ്‍ലൈനാണു പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും ഏറ്റവും സൗകര്യപ്രദമെന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യമെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലിംഗഭേദമില്ലാതെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും വിവാദം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയെ ഡിവൈഎഫ്‌ഐ സ്വാഗതം ചെയ്തു. ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ് ലിംഗ സമത്വം. പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്റര്‍, ട്രാന്‍സ് സെക്ഷ്വല്‍ അടക്കമുള്ള ലിംഗ പദവികള്‍ ദൈനംദിന വ്യവഹാരത്തില്‍ ഇടപെടുന്ന ഈ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ സൗകര്യപ്രദമായ ഒരു വസ്ത്രം യൂണിഫോമായി നല്‍കുക എന്നത് പ്രശംസനീയമായ കാര്യമാണെന്നു ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ വി ടി ബല്‍റാം സ്വാഗതം ചെയ്തു. ”അവര്‍ക്ക് കംഫട്ടബിള്‍ ആയി തോന്നുന്ന വസ്ത്രം അവര്‍ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്‌സും ഈക്വാളിറ്റിയും ജന്‍ഡറും ഒബ്ജക്റ്റിഫിക്കേഷനുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങള്‍ മാറട്ടെ. യൂണിഫോമിറ്റിയല്ല, ഡൈവേഴ്‌സിറ്റി തന്നെയാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം. അതിനാല്‍ സ്‌ക്കൂള്‍ യൂണിഫോമിനകത്തും പരമാവധി വൈവിധ്യങ്ങള്‍ക്കുള്ള കുട്ടികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനുള്ള സാധ്യത ആരായാവുന്നതാണ്,” എന്ന് അദ്ദേഹം പറഞ്ഞു.