/indian-express-malayalam/media/media_files/uploads/2017/12/HOH.jpg)
"ഞാൻ ഫെയ്സ്ബുക്കിനോട് വിട പറയുകയാണ്. 'Humans of Hindutva' എന്ന പേജ് ഞാൻ മായ്ച്ചു കളഞ്ഞിരിക്കുന്നു. ഒരു ഗൗരി ലങ്കേഷിനെ പോലെയോ, മറ്റൊരു അഫ്രസുൽ ഖാനെ പോലെയോ കൊല്ലപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്രകാരത്തിലുള്ള ഭീഷണി പലപ്പോഴായി എനിക്ക് ലഭിച്ചു കഴിഞ്ഞു. അത് നിസ്സാരമായി തള്ളി കളയാൻ എനിക്ക് കഴിയില്ല. കാരണം എന്നെക്കാളുപരി എന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിൽ ഞാൻ ആശങ്ക പെടുന്നു. ഞാൻ ഒറ്റപ്പെട്ടിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തു നിന്നാണ് ഞാൻ വരുന്നത്. ഒരു മധ്യവർഗ കുടുംബമാണ് എന്റേത് എനിക്ക് രാഷ്ട്രീയ ബന്ധങ്ങളോ, പൊലീസ് ബന്ധങ്ങളോ ഇല്ല. എന്നെ ഭീഷണിപ്പെടുത്തിയവർ വിജയിച്ചിരിക്കുന്നു. ഡേവിഡും ഗോലിയാത്തും തമ്മിലുള്ള ഈ യുദ്ധത്തിൽ ജയിച്ച ഹിന്ദുത്വക്ക് അഭിനന്ദനങ്ങൾ."
സമൂഹ മാധ്യമത്തിൽ ലക്ഷകണക്കിന് ആളുകൾ പിന്തുടരുന്ന 'ഹ്യൂമൻസ് ഓഫ് ഹിന്ദുത്വ' എന്ന പേജിന്റെ ഉടമ ഫെയ്സ്ബുക്കിൽ നിന്നും പിൻവാങ്ങുന്നതിനു മുൻപ് പ്രസിദ്ധീകരിച്ച കുറിപ്പാണിത്. എട്ടു മാസം മുൻപ് ഏപ്രിലിലാണ് അദ്ദേഹം ഈ പേജ് ആരംഭിച്ചത്. വലതു പക്ഷവാദികളെയും ഹിന്ദു മൗലികവാദികളെയും വിമർശിക്കുന്ന അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യ ശൈലി അദ്ദേഹത്തിന് ഏറെ ആരാധകരെ നേടികൊടുത്തിരുന്നു. പ്രശസ്തമായ Humans of New York ന്റെ ശൈലിയെ Humans of Hindutva ഓർമിപ്പിച്ചു.
ഫെയ്സ്ബുക്കിൽ പേജ് ആരംഭിച്ചതിനു ശേഷം അജ്ഞാതനായിരിക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ഫെയ്സ്ബുക്ക് മെസ്സഞ്ചറിലൂടെയായിരുന്നു അദ്ദേഹം അഭിമുഖങ്ങൾ നൽകിയതും മറ്റുള്ളവരോട് സംവദിച്ചതും. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്ത ഈ വേളയിലും പ്രതികരണത്തിനായി അദ്ദേഹത്തെ സമീപിക്കാൻ പറ്റിയില്ല.
സെപ്റ്റംബറിൽ പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഫെയ്സ്ബുക്കിനോട് വിടപറയാൻ അദ്ദേഹം തീരുമാനിച്ചത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു. "തീർത്തും അസ്വസ്ഥമായ ആ രാത്രിക്കു ശേഷം ഒരു വിട വാങ്ങൽ കുറിപ്പെഴുതി ഫെയ്സ്ബുക്കിൽ നിന്നും പിൻവാങ്ങാൻ ഞാൻ തീരുമാനിച്ചിരുന്നു. മാറി ചിന്തിക്കുന്നവനെ പരാജയപ്പെടുത്താൻ സംഘടിത ഭീഷണിക്കു കഴിഞ്ഞേക്കും," അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ഒരു മാസം മുൻപ് ഇതേ ലേഖകനോട് സംസാരിച്ചപ്പോൾ ഫെയ്സ്ബുക്കിൽ തന്നെ ഫോളോ ചെയ്തിരുന്ന ആയിരക്കണക്കിന് പേർ അത് ചെയ്യാതായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ പേജിന്റെ വ്യാപ്തിയും, ജനസമ്മിതിയും കുറയ്ക്കുന്നതിൽ ചരടുവലികൾ നടക്കുന്നതായും അദ്ദേഹം പരാതിപ്പെട്ടിരുന്നു.
ദേശീയ വാദിയായ ഒരു സുഹൃത്തുമായി ചൂടുപിടിച്ച വാദ പ്രതി വാദത്തിലേർപ്പെട്ട ശേഷമായിരുന്നു ഈ പേജ് അദ്ദേഹം ഫെയ്സ്ബുക്കിൽ ആരംഭിച്ചത്. സത്യനാശ് ഡോട്ട് കോം എന്ന പേരുള്ള ഒരു വെബ്സൈറ്റും ഇദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ 'ഹ്യൂമൻസ് ഓഫ് ഹിന്ദുത്വ' യിലുള്ള പോസ്റ്റുകളടക്കം ഒരു പുസ്തകവും അണിയറയിൽ ഒരുങ്ങുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.