റോഡില്‍ മാലിന്യം നിക്ഷേപിച്ചതിന്റെ പേരില്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ ഒരു യുവാവിനെ ശകാരിക്കുന്ന വീഡിയോ കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനുഷ്‌കയുടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്ലി തന്നെയാണ് ഈ വീഡിയോ ഇന്‌സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് ഇരുവര്‍ക്കും ആരാധകരുടെ അഭിനന്ദന പ്രവാഹമായിരുന്നു.

എന്നാല്‍ വീഡിയോ വൈറലായ സാഹചര്യത്തില്‍, സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്, ദൃശ്യങ്ങളില്‍ കണ്ട യുവാവ്. മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിംഗാണ് അനുഷ്‌കയ്ക്കും കോഹ്ലിക്കുമെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

Read More: റോഡില്‍ മാലിന്യം നിക്ഷേപിച്ച യാത്രക്കാരന് അനുഷ്‌കയുടെ വക ശകാരം

റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് താന്‍ ക്ഷമ ചോദിച്ചുവെന്നും എന്നാല്‍ വീണ്ടും തന്നെ മോശക്കാരനാക്കി മറ്റുള്ളവരുടെ മുമ്പില്‍ നല്ല പേര് നേടാനാണ് അനുഷ്‌കയും കോഹ്ലിയും ആ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് അര്‍ഹാന്‍ ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ ആരോപിക്കുന്നു.

അര്‍ഹാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

അറിയിപ്പ്: ഈ പോസ്റ്റുകൊണ്ട് പ്രത്യേകിച്ചെന്തിക്കിലും നേടാമെന്ന മോഹം എനിക്കില്ല.

ദാരുണം തന്നെ!

ഡ്രൈവ് ചെയ്യുമ്പോള്‍ ഒട്ടും ശ്രദ്ധിക്കാതെ ഒരു സ്‌ക്വയര്‍ മില്ലിമീറ്റര്‍ മാത്രം വരുന്ന പ്ലാസ്റ്റിക് മാലിന്യം ഞാന്‍ അശ്രദ്ധമായി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. സംഭവിച്ചു പോയതാണ്. ആ സമയം അതുവഴി കടന്നു പോയ ഒരു കാര്‍ സമീപത്ത് നിര്‍ത്തി അതിന്റെ വിന്‍ഡോ പതിയെ താഴ്ന്നു. നമ്മുടെ പ്രിയപ്പെട്ട അനുഷ്‌ക ശര്‍മയായിരുന്നു കാറില്‍. എന്നാല്‍ വഴിയരികില്‍ കാണുന്ന ഭ്രാന്തുള്ളവരെപ്പോലെ അവര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. എന്റെ അശ്രദ്ധ കുറ്റകരം തന്നെയായിരുന്നു. അതില്‍ ഞാന്‍ ഖേദിക്കുന്നുണ്ട്. മാപ്പും പറഞ്ഞു. പക്ഷേ, മിസിസ് അനുഷ്‌ക്ക ശര്‍മ കോലി, സംസാരത്തില്‍ കുറച്ചെങ്കിലും മാന്യതയും വിനയവും പുലര്‍ത്തിയിരുന്നെങ്കില്‍ നിങ്ങളുടെ താരമൂല്യം ഇടിഞ്ഞുപോകുമായിരുന്നോ? പലതരം മര്യാദകളും ശുചിത്വങ്ങളുമുണ്ട്. സംസാരിക്കുമ്പോഴുള്ള മര്യാദ അതിലൊന്നാണ്.

എന്റെ ആഢംബര കാറില്‍ നിന്നും അറിയാതെ പുറത്തേക്കെറിഞ്ഞ ആ ചെറിയ മാലിന്യത്തെക്കാള്‍ എത്രയോ വലിയ മാലിന്യമാണ് നിങ്ങളുടെ വായില്‍ നിന്ന്, നിങ്ങളുടെ ആഢംബര കാറിന്റെ വിന്‍ഡോയില്‍ നിന്ന് വന്ന മാലിന്യം. അല്ലെങ്കില്‍ അത് ഷൂട്ട് ചെയ്ത് ഓണ്‍ലൈനിലിട്ട വിരാട് കോഹ്ലിയുടെ മനസിലെ മാലിന്യത്തെക്കാള്‍ ചെറിയ മാലിന്യമാണ് ഞാന്‍ പുറത്തേക്കിട്ടത്.

അതൊരു ഗൗരവമുള്ള മാലിന്യമാണ്- അര്‍ഹാന്‍ സിംഗ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ