രസകരമായ കൗതുകമുണർത്തുന്ന ചിരി പടർത്തുന്ന വിഡിയോകൾ നവമാധ്യമങ്ങളിൽ നാം നിത്യവും നിരവധി കാണാറുണ്ട്. മനുഷ്യനും മൃഗങ്ങളും പക്ഷികളും തുടങ്ങിയെന്തും ഇത്തരം വിഡിയോയിലെ പ്രധാന താരങ്ങളാവാറുമുണ്ട്. നവമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം രണ്ട് പൂച്ചക്കുട്ടികളാണ്. കുസൃതി നിറഞ്ഞ കൗതുകം പരത്തുന്ന പ്രവൃത്തികളിലൂടെ കാഴ്‌ചക്കാരുടെ മനം കവരുകയാണ് ഈ പൂച്ചക്കുട്ടികൾ. ട്വിറ്ററിലാണ് ഈ വിഡിയോകൾ പോസ്റ്റ് ചെയ്‌തിരിക്കുന്നത്

എലിക്കവിടെ പ്രാണ വേദന, പുച്ചക്കിവിടെ വീണ വായന എന്ന പഴഞ്ചൊല്ലിനെ അനുസ്‌മരിപ്പിക്കുന്നതാണ് ഒരു വിഡിയോ. ഈ പൂച്ചകൾ വായിക്കുന്നത് പക്ഷേ വീണയല്ല, പകരം ഗിറ്റാറാണ്. അതൊന്നു കാണേണ്ട കാഴ്‌ച തന്നെയാണ്. ആരിലും കൗതുകമുണർത്തുകയും ചുണ്ടിൽ ചിരിപ്പടർത്തുന്നതുമാണ് ഈ കാഴ്‌ച. ഗിറ്റാറിനെ പതിയെ തൊട്ടു നോക്കുകയും ശബ്‌ദമുണ്ടാവുമ്പോൾ കൈ വലിക്കുകയും ചെയ്യുന്നുമുണ്ട് ഈ പൂച്ചകൾ. പോരാത്തതിന് ഇതെന്താണെന്നറിയാനായി ആകെ മൊത്തത്തിൽ അതിനെ തൊട്ടു നോക്കുന്നുണ്ട് ഒരു പൂച്ചക്കുട്ടി. ഗിറ്റാറിലെ കമ്പികളിൽ തട്ടി ശബ്‌ദമുണ്ടാവുമ്പോൾ ചുറ്റും നോക്കുന്നുമുണ്ട് ഇരുവരും. നിരവധി പേരാണ് ഇതിനോടകം ഈ വിഡിയോ കണ്ട് കഴിഞ്ഞത്.

തീരുന്നില്ല, ഈ​ പൂച്ചക്കുട്ടികളുടെ തമാശകൾ. ബെല്ലടിച്ച് ഭക്ഷണം വാങ്ങുന്ന രണ്ട് പൂച്ചക്കുട്ടികളുടെ വിഡിയോയും ചിരി പടർത്തുന്നതാണ്. ഒരു മേശക്കരികിലിരുന്ന് ബെല്ലടിച്ച് കൊണ്ടിരിക്കുകയാണ് ഈ പൂച്ചക്കുട്ടികൾ. മുന്നിൽ ഒരു പാത്രവും ഇരിപ്പുണ്ട്. ഓരോ തവണ മണിയടിക്കുമ്പോഴും കഴിക്കാനുളളത് ഒരാൾ പാത്രത്തിൽ വെച്ച് കൊടുക്കുന്നതും വിഡിയോയിൽ കാണാം. പാത്രത്തിൽ വെക്കുന്ന ഭക്ഷണം വളരെ പണിപ്പെട്ടാണ് ഒരു പൂച്ചക്കുട്ടി കഴിക്കുന്നത്. ആദ്യമാദ്യം രണ്ട് പേരും അടിച്ചു കൊണ്ടിരുന്നത് വ്യത്യസ്‌ത മണിയായിരുന്നെങ്കിൽ അവസാനമോകുമ്പോഴേക്കും അത് ഒരു മണിയിലേക്ക് മാത്രമായി ഒതുങ്ങുന്നതും കാണേണ്ട കാഴ്‌ചയാണ്.

വളർത്തുമൃഗങ്ങളിലെ ഏറ്റവും കുസൃതി നിറഞ്ഞവർ പൂച്ചകളാണെന്ന് വേണമെങ്കിൽ പറയാം. ഈ രണ്ട് വിഡിയോകളും അതിന്റെ ഉദാഹരണങ്ങളുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook