മലപ്പുറത്ത് ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ബോധവത്കരണത്തിനായി ഫ്ലാഷ് മോബ് കളിച്ച മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ‘ജിമ്മിക്കി കമ്മല്‍’ എന്ന പാട്ടിനൊത്താണ് പെണ്‍കുട്ടികള്‍ നൃത്തം വയ്ക്കുന്നത്.

വിഡിയോ വൈറലായി മാറിയതിന് പിന്നാലെയാണ് പെണ്‍കുട്ടികളെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍മീഡിയയിലെത്തിയത്. ഓഖി ചുഴലിക്കാറ്റ് ഉണ്ടാവാന്‍ കാരണക്കാര്‍ ഇവരാണെന്നാണ് മതമൗലികവാദികളുടെ ഇപ്പോഴത്തെ വാദം. സുനാമി വരാഞ്ഞത് ഭാഗ്യമായിപ്പോയെന്നും ഇവര്‍ പറയുന്നു.

ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്നും കമന്റുകള്‍ വന്നു. ‘അനക്ക് മരിക്കണ്ടെ പെണ്ണേ’ എന്ന സൈബര്‍ ആങ്ങളമാരുടെ ക്ലീഷേ ഡയലോഗുകളും വിഡിയോയ്ക്ക് താഴെ ഇട്ടിട്ടുണ്ട്. എന്നാല്‍ വിഡിയോ ആദ്യം പോസ്റ്റ് ചെയ്ത പെണ്‍കുട്ടി ആക്രമണം കനത്തതോടെ അക്കൗണ്ടില്‍ നിന്നും ഇത് പിന്‍വലിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിന് മുമ്പേ വൈറലായി മാറിയ വിഡിയോയെ വിടാതെ പിടികൂടിയിരിക്കുകയാണ് ഇത്തരക്കാര്‍. തട്ടമിട്ട് നടുറോഡില്‍ ഡാന്‍സ് ചെയ്ത് മതത്തിന് പേരുദോഷം ഉണ്ടാക്കുകയാണ് പെണ്‍കുട്ടികള്‍ ചെയ്തതെന്നാണ് ഇവരുടെ വാദം. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നേരായ ആക്രമണത്തിനെതിരെ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ അണിനിരന്നു.

എയ്ഡ്സിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ഡാന്‍സിനെ വിമര്‍ശിക്കുന്നവര്‍ സമൂഹത്തിനായി എന്താണ് ചെയ്തിട്ടുളളതെന്ന ആത്മപരിശോധന നടത്തണമെന്ന് കമന്റുകള്‍ വന്നു. ഇവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും പ്രവഹിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ