വിവിധ തരം വിഭവങ്ങളുടേയും പാനീയങ്ങളുടേയും പെരുന്നാളാണ് ഓരോ നോമ്പ് കാലവും. എല്ലാ നോമ്പ് കാലത്തേയും പോലെ ഇത്തവണയും വ്യത്യസ്തമായൊരു പാനീയമാണ് സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധേയമാകുന്നത്. പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന നോമ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഉള്ള നോമ്പ് തുറയിൽ താരമായിരിക്കുകയാണ് ഫുല്‍ജാര്‍ സോഡ. പേര് കേട്ട് പേടിക്കണ്ട, കുലുക്കി സര്‍ബത്തിന്റെയെല്ലാം ഒരു വക ഭേദമാണ് സംഭവം. ഗ്ലാസിലൊഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയെല്ലാം വ്യത്യസ്തമാണെന്നു മാത്രം.
പലയിടങ്ങളിലും ഫുല്‍ജാര്‍ സോഡ കുടിക്കാന്‍ മണിക്കൂറുകളോളമാണ് കാത്തു നില്‍ക്കേണ്ടി വരുന്നത്. ഇപ്പോള്‍ കേരളത്തില്‍ ഫുല്‍ജാര്‍ സോഡയ്ക്കാണ് ഡിമാന്റ്. ദിവസേന ഒട്ടേറെപ്പേരാണ് ഫുല്‍ജാര്‍ സോഡയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.
നോമ്പു തുറയ്ക്ക് തയാറാക്കുന്ന ഫുൽജാർ സോഡ തരംഗം മലയാളികൾ ഏറ്റു പിടിച്ചിരിക്കുകയാണ്. വെറും ഉപ്പും മുളകും മാത്രമല്ല, ഈ മസാല ലൈം സോഡയിൽ. നാരങ്ങ, ഇഞ്ചി, പഞ്ചസാരപ്പാനി എല്ലാം ചേരേണ്ടപോലെ ചോർന്നാൽ ഫുൽജാർ റെഡി. ഒരു ചെറിയ ഗ്ലാസും അത് ഇറക്കി വയ്ക്കാനുള്ള വലിയ ഗ്ലാസുമാണ് ഈ സോഡയുടെ ഹൈലൈറ്റ്. ചെറിയ ഗ്ലാസിൽ തയ്യാറാക്കിയ രുചി മിശ്രിതം വലിയ ഗ്ലാസിലേക്ക് ചേർക്കുമ്പോൾ പതഞ്ഞുപൊങ്ങിവരുന്ന ആ നിമിഷത്തിൽ തന്നെ ഇത് അകത്താക്കിയാൽ രുചി കൂടും. 15 രൂപ മുതൽ 30 രൂപ വരെയാണ് കടകളിൽ ഫുല്‍ജാർ സോഡയ്ക്ക് വില.
പുതിന ഇല, ഇഞ്ചി, കാന്താരിമുളക്, വേപ്പില, കസ്‌കസ്സ്, കറുവപ്പട്ട, ചെറുനാരങ്ങ നീര്, നറുനീണ്ടി, തേന്‍, ഉപ്പ്, പഞ്ചസാര ലായനി തുടങ്ങിയവയാണ് ഫുല്‍ജാര്‍ സോഡയിലെ പ്രധാന ചേരുവകള്‍. ഇവയെല്ലാം ഒരു ചെറിയ ഗ്ലാസില്‍ മിക്സ് ചെയ്ത ശേഷം സോഡ ഒഴിച്ച വലിയ ഗ്ലാസിലേക്ക് ഇറക്കിവെക്കുന്നു. പിന്നെ ഒറ്റവലിക്ക് കുടിക്കുക.