സാരസ് കൊക്കും ഉത്തർപ്രദേശിലെ അമേത്തി സ്വദേശിയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോ ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ 35 കാരൻ മുഹമ്മദ് ആരിഫിന്റെയും കൊക്കിന്റെയും കഥയുടെ അവസാനം സന്തോഷത്തിലല്ല അവസാനിച്ചത്. മൃഗസംരക്ഷണ നിയമ പ്രകാരം സാരസ് കൊക്കിനെ ഖാൻപൂർ മൃഗശാലയിലേക്ക് മാറ്റിയിരുന്നു.
ഉത്തർപ്രദേശിൽ നിന്നു തന്നെ സമാനമായൊരു വീഡിയോ വീണ്ടും വൈറലാവുകയാണ്. റാംസാമുജ് യാദവ് എന്ന യുവാവ് സാരസ് കൊക്കിനൊപ്പം സമയം ചെലവിടുന്ന ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. എൻഐ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ നെറ്റിസൺസിനു മുന്നിലെത്തിയത്.
യാദവിന്റെ പുറകെ ഓടുന്ന സാരസ് കൊക്കിനെ വീഡിയോയിൽ കാണാം. യുവാവ് പറയുന്ന നിർദേശങ്ങൾ അനുസരിക്കുന്നുമുണ്ട് കൊക്ക്. “ഞാൻ ഒരിക്കൽ ഇതിന് ഭക്ഷണം നൽകിയിരുന്നു. അവിടെ വച്ച് തന്നെയാണ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയത്. തുടർച്ചയായി ഭക്ഷണം നൽകിയതു കൊണ്ടാണെന്ന് തോന്നുന്നു, അത് വീണ്ടും എന്റെയടുത്തേക്ക് വരാൻ തുടങ്ങി. ഈ പ്രദേശത്തു കൂടി സ്ഥിരമായി അതിങ്ങനെ നടക്കും” യാദവ് ന്യൂസ് ഏജൻസിയോട് പറഞ്ഞതായി ട്വീറ്റ് ചെയ്തിരിക്കുന്നു.
മുഹമ്മദ് ആരിഫ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കാൻപൂരിലെ മൃഗശാല സന്ദർശിക്കാനെത്തിയത്. തന്റെ ആത്മസുഹൃത്തിനെ വീണ്ടും കാണാനായതിൽ സന്തോഷിക്കുന്ന പക്ഷിയുടെ വീഡിയോ ഏറെ വൈറലായിരുന്നു. വിശ്രമ ജീവിതം നയിക്കുന്ന ഐ എ എസ് ഓഫീസറായ സൂര്യ പ്രതാപ് സിങ്ങാണ് ആരിഫ് കൂടിനടുത്ത് നിൽക്കുന്ന വീഡിയോ പങ്കുവച്ചത്.