വര്‍ഷങ്ങള്‍ കടന്നുപോകുന്നതിനനുസരിച്ച് സാങ്കേതികവിദ്യ കൂടുതല്‍ പുരോഗമിക്കുകയും മനുഷ്യജീവിതം എളുപ്പമാകുകയും ചെയ്യുന്നത് ഒരു വസ്തുത. ഫ്രിഡ്ജ് എന്ന ഉപകരണം ആളുകള്‍ക്ക് നല്‍കിയ സൗകര്യം വളരെ വലുതാണ്. ഇത്തരം ഉപകരണങ്ങളുടെ കാര്യത്തില്‍ ഏറ്റവും പുതിയതു മികച്ചതായിരിക്കുമെന്നാണു കരുതപ്പെടുന്നത്.
എന്നാല്‍, 1956 ലെ ഒരു ഫ്രിഡ്ജിന്റെ പഴയ പരസ്യം നെറ്റിസണ്‍മാരെ മറ്റൊരു ചിന്തയുണ്ടാക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ റഫ്രിജറേറ്ററുകളില്‍ ഇല്ലാത്ത ഒന്നിലേറെ സൗകര്യങ്ങളാണു പരസ്യത്തില്‍ കാണിച്ചിരിക്കുന്ന ഫ്രിഡ്ജിലുള്ളത്.
വിശാലമായ ഈ ഫ്രിഡ്ജില്‍ പുതിയതും ശീതീകരിച്ചതും ടിന്നിലടച്ചതും കുപ്പിയിലാക്കിയതും പൊതിഞ്ഞതുമായ ഭക്ഷണങ്ങള്‍ക്കും ബാക്കിവന്നവയ്ക്കുമായി പ്രത്യേക ഇടങ്ങളുണ്ട്.
പരസ്യ വീഡിയോയില്‍ ഒരു യുവതി ഫ്രിഡ്ജ് തുറന്ന് വാതിലില്‍ കുപ്പികള്‍, വെണ്ണ, ചീസ്, ബാക്കിവന്നവ എന്നിവയ്ക്കു നിശ്ചയിച്ചിട്ടുള്ള ഇടം കാണിക്കുന്നു. പഴങ്ങളും പച്ചക്കറികളും അടുക്കിവയ്ക്കാനായി പ്രത്യേക അറയുണ്ട്. ഇതു പുറത്തെടുത്ത് ഉള്ളിലെ പഴങ്ങളും പച്ചക്കറികളും കഴുകാം.
ഫ്രിഡ്ജിന്റെ ഉള്‍വശത്തെ സൗകര്യങ്ങളിലേക്കു പോകാം. അവിടെ, മറ്റൊന്ന് നീക്കാതെ തന്നെ സ്ലൈഡ് ചെയ്യാന്‍ കഴിയുന്ന ഒന്നിലേറെ ഷെല്‍ഫുകളുണ്ട്. ശീതീകരിച്ച ഇനങ്ങള്‍ക്കായി പ്രത്യേക ഇടവുമുണ്ട്. താഴെ ഭാഗത്താണ് ഐസ് ക്യൂബ് ട്രേയുള്ളത്. ട്രേയെടുത്ത് തൊട്ടുമുകളിലെ പ്ര ത്യേക സ്ഥലത്ത് തിരിച്ചുവച്ച് തള്ളുന്നതോടെ ഐസ് ക്യൂബുകള്‍ താഴെയുള്ള പാത്രത്തിലേക്കു വീഴും.
‘ലോസ്റ്റ് ഇന്‍ ഹിസ്റ്ററി’ എന്ന ട്വിറ്റര്‍ ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ 1.13 കോടി വ്യൂസ് നേടി. ’66 വര്‍ഷം പഴക്കമുള്ള ഈ ഫ്രിഡ്ജ് പുതിയതിനേക്കാള്‍ മികച്ചതാവുന്നത് എന്തുകൊണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫ്രിഡ്ജിലെ സൗകര്യങ്ങള്‍ കണ്ട് നെറ്റിസണ്‍സ് അമ്പരന്നിരിക്കുകയാണ്. ”പണ്ട് പലതും വളരെ മോശമായിരുന്നു… ഇന്നു പലതും വളരെ മികച്ചതാണ്… പക്ഷേ.. ഇതു കാണുമ്പോള്‍ എന്തുകൊണ്ടാണ് എന്റെ ഫ്രിഡ്ജില്‍ ഇവ ഇല്ലാത്തത് എന്ന് ചോദിക്കാന്‍ തോന്നുന്നു,” ഒരു ഉപയോക്താവ് കുറിച്ചു. ”ഇത് എനിക്കു വേണം! ഇതുവച്ച് നോക്കുമ്പോള്‍ എന്റെ ഫ്രിഡ്ജ് പുരാതനമാണ്!”മറ്റൊരു ഉപയോക്താവ് കുറിച്ചു.