അവിശ്വസിനീയമായ കഴിവുകളിലൂടെ നെറ്റിസണ്‍സിനെ ഞെട്ടിക്കുന്നത് കുട്ടികളുടെ സ്ഥിരം പരിപാടികളില്‍ ഒന്നാണ്. ചൈനയിലെ സിബൊ സിറ്റിയിലെ മഞ്ഞു മലകളിലൂടെ സ്നൊബോര്ഡിങ് നടത്തുന്ന കുട്ടികളുടെ വീഡിയോയാണ് നെറ്റിസണ്‍സിന്റെ കയ്യടി നേടുന്നത്.
വളരെ അനായാസമായി മഞ്ഞു മലയിലൂടെ സ്നൊബോര്ഡിങ് നടത്തുന്ന കുട്ടിയെയാണ് നൗ ദിസ് ന്യൂസ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വളരെ ആത്മവിശ്വാസത്തോടെ ആസ്വദിച്ചാണ് കുട്ടി മഞ്ഞിനിടയിലൂടെ അഭ്യാസങ്ങള്‍ നടത്തുന്നത്.
വീഡിയോയില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പ്രകാരം കുട്ടി രണ്ടാം വയസില്‍ റോളര്‍ സ്കേറ്റിങ് ആരംഭിച്ചതാണ്. നാലാം വയസിൽ പ്രാദേശിക ഷാൻഡോംഗ് യൂത്ത് റോളർ സ്കേറ്റിങ് മത്സരത്തിന്റെ ഭാഗവുമായി. മുൻ എക്സ്ട്രീം റോളർ-സ്കേറ്റിംഗ് ലോക ചാമ്പ്യനും സ്കീയിങ്ങില്‍ ദേശീയ ഫ്രീസ്റ്റൈൽ കിരീട ജേതാവുമായിട്ടുള്ള പിതാവ് ഷാങ് ഹെകായാണ് പരിശീലകന്.
മറ്റു കുട്ടികളേക്കാള്‍ വേഗത്തില്‍ കുട്ടി എല്ലാം പഠിച്ചെടുക്കുമെന്നും ഷാങ്ങിനെ ഉദ്ധരിച്ചുകൊണ്ട് വീഡിയോയില്‍ പറയുന്നു. മകളെ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കണമെന്നാണ് ഷാങ്ങിന്റെ ആഗ്രഹം.
വീഡിയോയ്ക്ക് ഇതിനോടകം തന്നെ 12 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. കുട്ടി ജനിച്ചത് തന്നെ ഒളിമ്പിക് ചാമ്പ്യനാകാനാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.