മൃഗങ്ങളുടെ കളിത്തട്ട് വനമാണെങ്കിലും, ചില അബദ്ധങ്ങളൊക്കെ അവര്‍ക്കും പറ്റാറുണ്ട്. ഇത് സാധാരണമായി സംഭവിക്കുന്ന ഒന്ന് തന്നെയാണ്. വനത്തിലെ ചതുപ്പില്‍ കുടുങ്ങിയ ആനയാണ് ഏറ്റവും ഒടുവിലായി അത്തരത്തില്‍ കണ്ടൊരു കാഴ്ച. തമിഴ്നാട്ടിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലാണ് ആനയെ ചതുപ്പില്‍ നിന്ന് കരകയറാന്‍ സഹായിച്ചത്.
നീലഗിരിയിലെ ഗൂഡല്ലൂരിലെ ചതുപ്പിലാണ് ആനയെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാരം കൂടുതലായതുകൊണ്ട് തന്നെ പരമാവധി ശ്രമിച്ചിട്ടും സ്വയം രക്ഷപെടാന്‍ ആനക്കായില്ല. ശ്രമങ്ങള്‍ ഓരോന്ന് പിന്നിടും തോറും കൂടുതല്‍ താഴ്ചയിലേക്ക് പോവുകയായിരുന്നു ആന. പിന്നീടായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സഹായവുമായി എത്തിയത്.
കയര്‍ ഉപയോഗിച്ചായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാപ്രവര്‍ത്തനം. ഉദ്യോഗസ്ഥരുടെ ശ്രമത്തിന് അനുകൂലമായ പ്രതികരണമായിരുന്നു ആനയില്‍ നിന്നും ഉണ്ടായത്. പരിസ്ഥിതി കലാവസ്ഥ വ്യതിയാന വനം അഡീഷണല്‍ സെക്രട്ടറി സുപ്രിയ സഹുവാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവച്ചത്. സഹുതന്നെയായിരുന്നു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചതും.
ആനയ്ക്ക് 25 വയസ് പ്രായമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനയുടെ പോരാട്ട വീര്യത്തേയും അവര്‍ പ്രശംസിച്ചു. തളരാന്‍ ആനയും വിസമ്മതിച്ചു, ഉദ്യോഗസ്ഥര്‍ നല്കിയ കയറില്‍ പിടിച്ച് ചതുപ്പില്‍ നിന്ന് കരകയറാന്‍ പോരാട്ട വീര്യം കാണിച്ചു, വീഡിയോയ്ക്കൊപ്പം സഹു കുറിച്ചു. ആനയെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരുടെ ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്.
Also Read: RRR Release: താരങ്ങൾക്ക് മാത്രമല്ല സംവിധായകനും കട്ടൗട്ട്; രാജമൗലി ഡാ