scorecardresearch

Latest News

ലോക്ക്ഡൗണിൽ കേരളത്തിലായത് അനുഗ്രഹം; പിണറായിയെയും ശൈലജ ടീച്ചറെയും പ്രശംസിച്ച് വിദേശ പരിശീലകൻ

പിണറായി വിജയനെയും ശൈലജ ടീച്ചറെയും നേരിൽക്കണ്ട് എന്റെ കുടുംബത്തിന്റെ നന്ദിയും ആശംസകളും അറിയിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു

football trainer, ie malayalam

ലോക്ക്ഡൗൺ ദിനങ്ങളിൽ കേരളം തനിക്കു നൽകിയ സ്നേഹത്തെയും പിന്തുണയെയും കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ.ശൈലജ എന്നിവരെ പ്രശംസിച്ചും സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയിരിക്കുകയാണ് ബൾഗേറിയൻ ഫുട്ബോൾ പരിശീലകൻ. കോവിഡ് ഭീതി മാറിയശേഷം പിണറായിയെയും ശൈലജയെയും നേരിൽ കാണാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദിമിതർ പാൻഡേവ് കുറിപ്പിൽ പറയുന്നു. ‘പട്ടാമ്പിയിലെ എന്റെ കോവിഡ്-19 ലോക്ക്ഡൗൺ’ എന്ന വിദേശ പരിശീലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.

ദുബായ് ആസ്ഥാനമായുളള എച്ച്16 സ്പോർട്സ് സർവീസസ് കമ്പനിയുടെ ഒരു ഫുട്ബോൾ പരിശീലന പരിപാടിയുടെ ഭാഗമായി ദിമിതർ കേരളത്തിലെത്തിയത്. കേരളത്തിൽ രാജ്യാന്തര നിലവാരത്തിലുളള പരിശീലന കേന്ദ്രം തുടങ്ങാനായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിനെക്കുറിച്ച് പഠിക്കാനും കേരളത്തിലെ ഫുട്ബോൾ താരങ്ങൾക്ക് മികച്ച പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ദിമിതർ പാൻഡേവിനെ കമ്പനി കേരളത്തിലേക്ക് അയച്ചത്.

”മാർച്ച് നാലിനാണ് ഞാൻ കേരളത്തിലെത്തിയത്. കേരളം എനിക്ക് നൽകിയ സ്വീകരണത്തിന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. കേരളത്തിന്റെ സൗന്ദര്യം എന്നെ ശരിക്കും അതിശയിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം കേരളം ശരിക്കും അർഹിക്കുന്നതായി എനിക്ക് മനസിലായി.

ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും രാജ്യമാകെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പക്ഷേ ഒരു ഘട്ടത്തിലും ഞാൻ വിഷമിക്കുകയോ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുകയോ ചെയ്തില്ല. കാരണം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ മുന്നിൽ നിർത്തി കാര്യങ്ങൾ ഏറ്റെടുത്തു. ഇതിന് ഞാൻ സാക്ഷിയായതിൽ സന്തോഷമുണ്ട്, ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ദുരന്തത്തെ കൈകാര്യം ചെയ്യുന്നതിലെ അവരുടെ കാര്യക്ഷമതയും ഈ ഭയാനകമായ രോഗത്തിനെതിരായ പോരാട്ടത്തിൽ അവരുടെ പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിനും രാജ്യാന്തരതലത്തിൽ ലഭിച്ച പ്രശംസ സന്തോഷം നൽകുന്നു.

Read Also: ഈ നാട് അഭിമാനം; കൊറോണയെ അതിജീവിച്ച മുഹമ്മദ് ഫറാസ് പറയുന്നു

പട്ടാമ്പി മുൻസിപ്പാലിറ്റി പരിധിയിൽ ഞാൻ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതൽ മുത്തുത്താല ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ ദാസും ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും എന്നെ പരിശോധിച്ചുകൊണ്ടിരുന്നു, സുരക്ഷാ നിർദേശങ്ങൾ നൽകുകയും എല്ലാ ദിവസവും ഫോണിൽ വിളിക്കുകയും എന്റെ ആരോഗ്യനില ഉറപ്പുവരുത്തുകയും ചെയ്തു. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഓഫീസർ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് കേരള പൊലീസ്, സ്പെഷ്യൽ ബ്രാഞ്ച്) മോഹന കൃഷ്ണൻ സർക്കാരിന്റെ നിർദേശ പ്രകാരം വിദേശിയായ എന്നെ വളരെ കരുതലോടെയാണ് നിരീക്ഷിച്ചത്.

യൂറോപ്പിൽ കൊറോണ വൈറസ് സൃഷ്ടിച്ച ദുരന്തത്തെക്കുറിച്ച് കേട്ടപ്പോൾ വൈറസിന്റെ കാലത്ത് ഞാൻ കേരളത്തിലായിരുന്നതിൽ ഭാഗ്യവാനാണെന്ന് കരുതി. പിണറായി വിജയനെയും ശൈലജ ടീച്ചറെയും നേരിൽക്കണ്ട് എന്റെ കുടുംബത്തിന്റെ നന്ദിയും ആശംസകളും അറിയിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. കേരള ഫുട്ബോൾ അസോസിയേഷന്റെയും പ്രാദേശിക ഫുട്ബോൾ ഗ്രൂപ്പുകളുടെയും ദയയ്ക്കും നല്ല ഹൃദയത്തിനും എനിക്ക് നന്ദിയുണ്ട്” ദിമിതർ പാൻഡേവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങളാണിത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Foreign football trainer facebook post lockdown days in kerala