ബഹിരാകാശ നിരീക്ഷണത്തില്‍ ആതീവ താത്പര്യമുള്ള വ്യക്തിയാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് എന്നിങ്ങനെ അഞ്ച് ഗ്രഹങ്ങള്‍ ഒന്നിച്ചെത്തിയ അപൂര്‍വ്വ നിമിഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍.
അഞ്ച് ഗ്രഹങ്ങളും ഒരു നിരയിലായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. “കാഴ്ച..അഞ്ച് ഗ്രഹങ്ങള്‍ ഒന്നിച്ച് ഒരു നിരയില്‍ ഇന്ന് എത്തിയിരിക്കുന്നു. മനോഹരവും അപൂര്‍വ്വവുമായ ഈ കാഴ്ച നിങ്ങളും കണ്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു,” അമിതാഭ് ബച്ചന്‍ കുറിച്ചു. ഒരു കോടിയിലധികം പേരാണ് താരം പങ്കുവച്ച വീഡിയോ കണ്ടത്.
ഇന്നലെ (മേയ് 28) രാത്രിയാണ് അഞ്ച് ഗ്രഹങ്ങളും ഒരുനിരയിലെത്തിയത്.
എങ്ങനെ അഞ്ച് ഗ്രഹങ്ങളും ദൃശ്യമായി
ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളെ എളുപ്പത്തില്‍ കാണാന്‍ കഴിയുമെന്നാണ് സ്കൈ ആന്‍ഡ് ടെലസ്കോപ്പ് മാഗസീന്‍ സീനിയര്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്ററായ റിക്ക് ഫെയിന്‍ബര്‍ഗ് പറയുന്നത്. സൗരയുഥത്തില്‍ ഏറ്റവും തിളക്കമുള്ള ഗ്രഹമാണ് ശുക്രന്‍. ചന്ദ്രന്റെ തൊട്ടടുത്തായാണ് ചൊവ്വയേയും കാണാന്‍ കഴിയുന്നത്. എന്നാല്‍ ശുക്രന്റെ സമീപം തന്നെയുള്ള യുറാനസ് ദൃശ്യമാകണമെങ്കില്‍ ബൈനോക്കുലറിന്റെ സഹായം ആവശ്യമാണ്.
ഇതൊരു അപൂര്‍വ്വ നിമിഷമാണോ?
ഇന്നലെ ആകാശത്ത് ദൃശ്യമായ ഗ്രഹങ്ങളുടെ സംഗമം എന്നും കാണാന്‍ കഴിയുന്ന ഒന്നല്ല. യഥാര്‍ത്ഥത്തില്‍ അഞ്ച് ഗ്രഹങ്ങളും ഒരു വരിയില്‍ പ്രത്യക്ഷപ്പെടുന്നതല്ല. ശരിക്കും ഇത്തരത്തില്‍ അഞ്ച് ഗ്രഹങ്ങളും ഒരു നിരയില്‍ വന്നത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളായിരുന്നു ജൂണില്‍ ഒരു വരിയായി പ്രത്യക്ഷപ്പെട്ടത്.
18 വര്‍ഷത്തിനിടെ ആദ്യമായായിരുന്നു അപൂര്‍വ്വമായ ഒത്തുചേരല്‍ ജൂണില്‍ സംഭവിച്ചത്. 2004 ഡിസംബറിലായിരുന്നു ഇതിന് മുന്‍പ് ഗ്രഹങ്ങള്‍ ഇത്തരത്തില്‍ ദൃശ്യമായത്. 2040 കൃത്യതയോടെ ഇങ്ങനെ സംഭവിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.