അമേരിക്കന്‍ സ്വദേശിയും ഫിഷര്‍മാനുമായി സ്പെന്‍സര്‍ ഗ്രെയ്നര്‍ക്ക് കൊളൊറാഡോയിലെ അനിമാസ് നദിയില്‍ നിന്ന് ഒരു ക്യാമറയാണ് മീന്‍ പിടുത്തത്തിനിടെ ലഭിച്ചത്. വെള്ളത്തില്‍ ദീര്‍ഘനാള്‍ കിടന്ന ക്യാമറ കമ്പ്യൂട്ടറുമായി കണക്ട് ചെയ്ത് സ്പെന്‍സര്‍ അതിലുണ്ടായിരുന്ന ചിത്രങ്ങളെല്ലാം വീണ്ടെടുത്തു. തുടര്‍ന്ന് ഒരു സ്വകാര്യ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഇതിന്റെ ഉടമയെ കണ്ടെത്തുന്നതിനായി സ്പെന്‍സര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
കോറല്‍ അമയി എന്ന യുവതിയുടേതായിരുന്നു ക്യാമറ. 2010 ജൂലൈ മൂന്നിനാണ് നദി സന്ദര്‍ശനത്തിനിടെ ക്യാമറ നഷ്ടപ്പെട്ടത്. “എന്റെ നായയുടേയും അതിന്റെ കുട്ടികളുടേയും ചിത്രങ്ങള്‍, എന്റെ സുഹൃത്തിന്റെ ആദ്യത്തെ കുഞ്ഞിന്റെ ചിത്രം, യാത്രകളുടെ ചിത്രങ്ങള്‍ എല്ലാം ഉണ്ടായിരുന്നു ക്യാമറയില്‍. ഇവയൊന്നും ഞാന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നില്ല. ഇനി ഒരിക്കലും അവ കാണില്ലെന്നാണ് കരുതിയത്,” അമയി വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
അമയിയുടെ ബ്രൈഡല്‍ ഷവര്‍, വിവാഹം തുടങ്ങി നിരവധി ഇവന്റുകളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ ഉണ്ടായിരുന്നു. സ്പെന്‍സര്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ അമയിയുടേതാണ് ക്യാമറെയെന്ന് കണ്ടെത്തിയത്.
“മഞ്ഞുരുകിയതിന് ശേഷമായതിനാല്‍ നദികളില്‍ നിരവധി വസ്തുക്കള്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ മീന്‍പിടിക്കാന്‍ ഇറങ്ങിയപ്പോള്‍ കുറച്ച് പാഴ്വസ്തുക്കല്‍ ലഭിച്ചിരുന്നു. അതിനിടയില്‍ നിന്നാണ് ക്യാമറ കണ്ടെത്തിയത്. ദീര്‍ഘകാലമായി വെള്ളത്തിനടിയില്‍ കിടന്നതാണെന്ന് കണ്ടപ്പോഴെ മനസിലായിരുന്നു. വീട്ടില്‍ ചെന്നതിന് ശേഷം, ക്യാമറയില്‍ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിച്ചു,” സ്പെന്‍സര്‍ ബിബിസിയോട് പ്രതികരിക്കവെ പറഞ്ഞു.