ചെറിയ ശരീരം, വലിയ കണ്ണ്, നീണ്ട വാൽ…. നോർവെയിൽ പത്തൊൻപതുകാരൻ പിടികൂടിയ ദിനോസറിനോട് രൂപസാദൃശ്യമുളള വിചിത്ര മത്സ്യമാണ് പുതിയ വാർത്താ താരം. നോർഡിക് സീ ഏംഗ്ലിങ് ഫിഷിങ് കമ്പനിയിലെ ഗെയ്ഡായ ഓസ്കർ ലുന്ദ്ഹൽ (19) ആണ് മത്സ്യത്തെ പിടിച്ചത്. ആന്തോയ ദ്വീപിൽ ബ്ലൂ ഹെയിൽബട് എന്നയിനം മത്സ്യത്തെ തിരയുമ്പോഴാണ് വിചിത്ര മത്സ്യം യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

”കരയിൽ നിന്ന് അഞ്ച് മൈൽ അകലെയായി അപൂർവയിനം മത്സ്യമായ ബ്ലൂ ഹാലിബട്ടിനായി തിരയുകയായിരുന്നു ഞങ്ങൾ. നാലു കൊളുത്തുളള ചൂണ്ട ഉപയോഗിച്ചായിരുന്നു മീൻപിടിത്തം. രണ്ടു കൊളുത്തിൽ ഹെയിൽബട്ടുകൾ കുടുങ്ങിയിരുന്നു. കണ്ടപ്പോൾ സന്തോഷമായി. അപ്പോഴാണ് മറ്റെന്തോ കൂടി ചൂണ്ടയിൽ കുടുങ്ങിയതായി ശ്രദ്ധിച്ചത്. ഞാൻ അതിശയിച്ചുപോയി. ഇതിനു മുൻപൊരിക്കലും ഇങ്ങനെയൊരു മത്സ്യത്തെ കണ്ടിട്ടില്ല. വലിയ കണ്ണുകളും ചെറിയ ശരീരവുമുളള ദിനോസറിനെ പോലെ തോന്നിക്കുന്നൊരു മത്സ്യം. 800 മീറ്ററോളം താഴ്ചയുണ്ടായിരുന്നതിനാൽ അരമണിക്കൂറെടുത്താണ് ബോട്ടിലേക്ക് വിചിത്ര മത്സ്യത്തെ വലിച്ചെടുത്തത്” ഓസ്കർ പറഞ്ഞു.

സ്രാവിന്റെ കുടുംബത്തിൽപ്പെട്ട ‘റാറ്റ് ഫിഷ്’ ആണിതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടത്. ‘ചിമേരസ് മോൺസ്ട്രോസ ലിന്നേസ്’ എന്നാണ് ഇതിന്റെ ലാറ്റിൻ നാമമെന്നും സിംഹത്തിന്റെ തലയും വ്യാളിയുടെ ഉടലുമുള്ള ഗ്രീക്ക് കഥാപാത്രത്തിൽ നിന്നാണ് മത്സ്യത്തിന്റെ പേരുണ്ടായതെന്നും വിദഗ്ധർ പറഞ്ഞു.

വളരെ ആഴത്തിൽ ഇരുട്ടുനിറഞ്ഞ പ്രദേശത്താണ് റാറ്റ് ഫിഷുകൾ കാണപ്പെടാറുളളത്. വിരളമായിട്ടാണ് ഇവയെ പിടികൂടിയിട്ടുളളത്. ഇരുട്ടിൽ സഞ്ചരിക്കാൻ സഹായിക്കുന്നതിനാണ് ഈ മത്സ്യത്തിന് ഇത്ര വലിയ കണ്ണുകൾ ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook