കൊച്ചി: മത്തിക്ക് അജ്ഞാത രോഗം ബാധിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നു. ചിത്രം സഹിതമുള്ള സന്ദേശത്തിൽ മത്തിയുടെ കുടൽ ഭാഗങ്ങളിൽ വെളുത്ത നിറത്തിൽ ചെറിയ മുട്ടകൾ പോലെ തോന്നിക്കുംവിധമുള്ള രോഗത്തെ കുറിച്ചാണു വിവരണം. എന്നാൽ ഇത്തരത്തിലൊരു അസുഖം എവിടെയും മീനുകളിൽ കണ്ടെത്തിയതായി അറിവില്ലെന്നാണു ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ മത്തിയോടു സാദൃശ്യം തോന്നിക്കുന്ന മൽസ്യങ്ങളാണു ചിത്രത്തിലുള്ളത്. ഇറക്കുമതി ഇനമായ ഇറാൻ മത്തി ആലപ്പുഴയിലെ ചന്തകളിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും രോഗം ബാധിച്ചവ ലഭിച്ചതായി ഇതുവരെ പരാതിയില്ല. എന്നാൽ സന്ദേശം വൈറലായതോടെ മത്തിക്ക് ആവശ്യക്കാർ നേരിയതോതിൽ കുറ‍ഞ്ഞുവരുന്നതായി കച്ചവടക്കാർ പറയുന്നു.

വിശ്വാസയോഗ്യമല്ലാത്ത ഇത്തരം സന്ദേശങ്ങൾ കണ്ടു ഭയക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നാണു ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ജില്ലയിൽ റിപ്പോർട്ട് ചെയ്തെങ്കിൽ ജനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകുമെന്നും ഇത്തരത്തിലൊരു രോഗം ബാധിക്കുന്നുണ്ടോയെന്നു കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതരും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook