ഫുഡ് വ്ലോഗിങ്ങിനെ മറ്റൊരു തലത്തിലെത്തിച്ച വ്യക്തിയാണ് പാലക്കാട്ടുകാരനായ ഫിറോസ് ചുട്ടിപ്പാറ. ‘വ്യത്യസ്തമായ’ വിഭവങ്ങള്‍ക്ക് നല്‍കി സബ്സ്ക്രൈബേഴ്സിനെ കൊതിപ്പിച്ച് കൂടെ കൂട്ടുന്നതാണ് ഫിറോസിന്റെ രീതി. ഇത്തവണ ഉടുമ്പ് ബാര്‍ബിക്യുവുമായാണ് ഫിറോസ് വന്നിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ തന്നെ വീഡിയോ ഒന്‍പത് ലക്ഷത്തിലധികം പേരാണ് കണ്ടത്.
ഒന്‍പതര കിലോ വരുന്ന ഉടുമ്പിനെയാണ് ഫിറോസ് കിടത്തി പൊരിച്ചെടുക്കുന്നത്. കേരളത്തില്‍ ഇത്തരം മൃഗങ്ങളെ കൊല്ലുന്നത് നിയമവിരുദ്ധമായതുകൊണ്ട് ഇന്തോനേഷ്യയില്‍ പോയാണ് ഫിറോസിന്റെ പാചകം. ഇന്തോനേഷ്യന്‍ ശൈലിയില്‍ തന്നെയാണ് ബാര്‍ബിക്യവിനുള്ള മസാല തയാറാക്കുന്നതെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു.
ചൂടുവെള്ളം ഉപയോഗിച്ച് വ്യത്തിയാക്കിയ ഉടുമ്പിനെ എണ്ണ, ചതച്ചെടുത്ത മുളക്, മഞ്ഞള്‍പൊടി, വെളുത്തുള്ളിപൊടി, മല്ലപ്പൊടി എന്നിവ മിക്സ് ചെയ്ത മസാലയില്‍ കുളിപ്പിച്ചെടുക്കുകയാണ് ഫിറോസ്. പിന്നാലെ ഗ്രില്ലിങ് പരിപാടികള്‍. ഗ്രില്‍ ചെയ്തെടുത്ത ഉടുമ്പിന് ഉഗ്രന്‍ സ്വാദാണെന്നാണ് കഴിച്ചവരുടെ അഭിപ്രായം.
ഫിറോസിന്റെ സ്ഥിരം സഹായിയായ രതീഷിനെ ഇന്തോനേഷ്യയില്‍ കൊണ്ടുപോകാത്തതില്‍ ആരാധകര്‍ അതൃപ്തിയും രേഖപ്പെടുത്തുന്നുണ്ട്. ഇവിടുത്തെ രതീഷെന്ന് പറഞ്ഞ് ഫിറോസ് ഒരു ഇന്ത്യോനേഷ്യക്കാരനെ പരിചയപ്പെടുത്തുന്നുമുണ്ട്. അടുത്തിടെ ഫിറോസിന്റെ അനാക്കോണ്ട ഗ്രില്ലും വലിയ രീതിയില്‍ പ്രചരിച്ചിരിന്നു. 28 ലക്ഷം പേരാണ് അനാക്കോണ്ടയെ ഗ്രില്‍ ചെയ്യുന്ന വീഡിയോ കണ്ടത്.