പൂച്ചയെ രക്ഷിക്കാനായി മരത്തില്‍ കയറി അവസാനം സ്വയം കുടുങ്ങിപ്പോയ ഒരു പതിനേഴുകാരന്റെ കഥ. സംഭവം ഇവിടെങ്ങുമല്ല, അങ്ങ് അമേരിക്കയിലെ ഇന്‍ഡ്യാനയിലാണ്. പൂച്ചയെ കൈയിലെത്തിപ്പിടിക്കാന് ശ്രമിക്കവെയാണ് ആശാന് കുടുങ്ങിപ്പോയത്. അവസാനം ഫയര്‍ ആന്‍ഡ് റെസ്ക്യു ടീം തന്നെ വരേണ്ടി വന്നു.
ഇത്രയും റിസ്ക് എടുത്ത ചെറുപ്പക്കാരന്റെ പേര് ഓവന് എന്നാണെന്നാണ് മനസിലാക്കുന്നത്. ഇന്‍ഡ്യാനപോളിസിന്റെ വടക്കന്‍ മേഖലയിലുള്ള ഹോളിഡെ പാര്‍ക്കിലെ മരത്തിലാണ് ഓവന് കയറിയത്. 35 അടി ഉയരം ഓവന് താണ്ടിയിരുന്നെന്നും ഇൻഡ്യാനപോളിസിലെ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഓവനെ രക്ഷിക്കുന്ന വീഡിയോയും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പങ്കുവച്ചിട്ടുണ്ട്. റോപ് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. താഴെ വീഴാതെ മരത്തിന് ചുറ്റും മുറുകെപ്പിടിച്ചിരിക്കുന്ന ഓവനെയും ദൃശ്യങ്ങളില്‍ കാണാം. ഉദ്യോഗസ്ഥര്‍ ഓവനരികില്‍ എത്തുകയും റോപ്പ് ഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ താഴെ എത്തിച്ചു.
വീഡിയോ കണ്ട പലരും ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമിനെ അഭിനന്ദിച്ചെങ്കിലും പൂച്ചയെ രക്ഷപ്പെടുത്താത്തതില്‍ അസംതൃപ്തരായിരുന്നു. ചെറുപ്പക്കാരനെ സുരക്ഷിതനായി താഴെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം, പൂച്ചയും താഴേക്ക് ഇറങ്ങിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു, വീഡിയോയുടെ താഴെ ഒരാള്‍ കമന്റ് ചെയ്തു.
താന്‍ പൂച്ചയെ താഴെ എത്തിച്ച് ഒരു നല്ല കാര്യം ചെയ്യാനാണ് ശ്രമിച്ചതെന്ന് ഓവന് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഓവന് മരത്തില്‍ കേറുന്നതിന് പ്രശ്നമൊന്നുമില്ലെന്നും, എന്നാല്‍ കുടുങ്ങി പോയ സ്ഥലം താഴേക്കിറങ്ങാന്‍ ബുദ്ധിമുട്ടുള്ളതായിരുന്നെന്നും ഉദ്യോഗസ്ഥരും പറഞ്ഞു.
Also Read: സംഗീതം പ്രതീക്ഷയാകുമ്പോള്‍; ബോംബ് ഷെല്‍ട്ടറില്‍ വയലിന് വായിക്കുന്ന പെണ്‍കുട്ടി; വീഡിയോ