ആലപ്പുഴ: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാന സർക്കാറിന്റെ പ്രതിച്ഛായക്ക് കുറച്ചൊന്നുമല്ല മങ്ങലേൽപിച്ചത്. സ്വാശ്രയ മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിക്കുകയായിരുന്നെന്ന ആരോപണം നിലനിൽക്കെ തന്നെ ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും എംബിബിഎസിന് അഡ്മിഷന്‍ കിട്ടിയ അനീറ്റയുടെ കഥയുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്.

നാട്ടുകാരുടെ സഹായത്തോടെയാണ് അനീറ്റ അഞ്ചുലക്ഷം രൂപയുമായി ഗോകുലം മെഡിക്കല്‍ കോളെജില്‍ അഡ്മിഷന്‍ എടുക്കാന്‍ ചെല്ലുന്നതെന്നും ബാങ്ക് ഗ്യാരണ്ടി വേണമെന്നറിഞ്ഞപ്പോള്‍ കണ്ണീരോടെ മടങ്ങി. സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്നതോടെ അനീറ്റയും അച്ഛനും രണ്ടാമത് തിരുവനന്തപുരത്ത് പോയി അഡ്മിഷന്‍ നേടിയെന്നാണ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്. ഇപ്പോള്‍ അവരുടെ ആശങ്ക ആ അഞ്ചുലക്ഷം രൂപ എങ്ങനെ തിരിച്ചുകൊടുക്കുമെന്നാണെന്നും ഐസക്ക് കുറിക്കുന്നു. നിങ്ങള്‍ ഫീസായി കൊടുത്ത പണം സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്നും മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയകോളെജിലും സര്‍ക്കാരാണ് ഫീസ് നല്‍കുന്നതെന്നും പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിഎസ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണ് മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയ കോളെജിലും സര്‍ക്കാര്‍ ഫീസ് നല്‍കുമെന്ന പരിഷ്‌കാരമെന്നും വ്യക്തമാക്കിയശേഷം ഫിഷറീസ് മന്ത്രിയെ വിളിച്ച് ഇതുറപ്പ് വരുത്തുകയും ചെയ്തു മന്ത്രി തോമസ് ഐസക്ക്. ആ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അനീറ്റയുടെ അപ്പന്‍ അവിടെയുണ്ടായിരുന്നവരോടായി ‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത്’ എന്ന് പറഞ്ഞെന്നും വ്യക്തമാക്കിയാണ് മന്ത്രി ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂണ രൂപം:

അനീറ്റയുടെ കദനകഥ ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത് . കഴിഞ്ഞയാഴ്ച രണ്ടു ദിവസം ആലപ്പുഴ പത്രങ്ങളിലെ പ്രധാന വാര്‍ത്ത ആയിരുന്നത്രെ . മത്സ്യതൊഴിലാളി കുട്ടി , എന്നെ സംബന്ധിച്ചിടത്തോളം പ്രതിഭാതീരത്തിലെ കുട്ടി അധ്യാപിക . ജ്ഞാനപീഠം വായനശാലയിലെ പ്രതിഭാതീരം കേന്ദ്രത്തിലെ കുട്ടികളെ സഹായിക്കാന്‍ മുടങ്ങാതെ വരുന്ന ഒരാള്‍ ആണ് . സ്വയം പഠിക്കുകയും ചെയ്യും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും . എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയപ്പോള്‍ അഭിനന്ദിക്കാന്‍ ഞാന്‍ വീട്ടില്‍ പോയതാണ് . നീറ്റ് പരീക്ഷയില്‍ നല്ല വിജയം .ഗോകുലം മെഡിക്കല്‍ കോളേജില്‍ ആണ് എം ബി ബി എസ് അലോട്ട്മെന്‍റ് കിട്ടിയത് നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച അഞ്ചു ലക്ഷം രൂപയുമായി മെഡിക്കല്‍ അഡ്മിഷന്‍ എടുക്കാന്‍ ചെന്നപ്പോള്‍ ആണ് ബാങ്ക് ഗ്യാരണ്ടി വേണം എന്നറിയുന്നത് . കണ്ണീരോടെ മടങ്ങി, പത്ര വാര്‍ത്തയുമായി. ഞാന്‍ ഇത് അറിയുന്നില്ല . സര്‍ക്കാരിന്‍റെ പുതിയ തീരുമാനം വന്നതോടെ രണ്ടാമത് തിരുവനന്തപുരത്ത് പോയി അഡ്മിഷന്‍ നേടി. എന്നോട് ഇതേകുറിച്ച് സംസാരിച്ചവര്‍ക്ക് പ്രശ്നം എന്തെന്ന് കൃത്യമായി പറയാന്‍ കഴിയുന്നില്ല . അത് കൊണ്ട് ഇന്നലെ ഞാന്‍ തന്നെ വീട്ടില്‍ പോയി . ഇപ്പോള്‍ അഞ്ചു ലക്ഷം രൂപ കടം വാങ്ങിയത് എങ്ങിനെ തിരിച്ചു കൊടുക്കും എന്ന വേവലാതിയില്‍ ആണ് കുടുംബം . നിങ്ങള്‍ കൊടുത്ത പണം സര്‍ക്കാര്‍ തിരിച്ചു തരും , മത്സ്യ തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയത്തിലും വിദ്യാഭ്യാസം സൌജന്യമാണ് . ഇത് പറഞ്ഞിട്ട് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല . എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. കഴിഞ്ഞ ഇടതു സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ട് വന്നതാണ് മത്സ്യ തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയ കോളേജില്‍ പോലും ഫീസ്‌ സര്‍ക്കാര്‍ നല്‍കും എന്ന പരിഷ്കാരം. എല്ലാവരുടെയും അത്ഭുതം കണ്ടപ്പോള്‍ അതൊന്നു ഉറപ്പാക്കാന്‍ ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മയെ തന്നെ വിളിച്ചേക്കാം എന്ന് കരുതി . “പിന്നെ നമ്മുടെ ബാധ്യതയല്ലെ അത് . കുറച്ചു കൂടി പണത്തിനു ഫയല്‍ അയക്കുന്നുണ്ട് ” എന്ന് മന്ത്രി . ഏതായാലും അനീറ്റ ഡോക്ടര്‍ ആവും . ഒരു പക്ഷെ ഞാന്‍ ഇത് പറഞ്ഞാല്‍ നിങ്ങളില്‍ ചിലര്‍ വിശ്വസിച്ചു എന്ന് വരില്ല . അനീറ്റയുടെ കുടുംബം പാര്‍ട്ടി കുടുംബമൊന്നുമല്ല. പക്ഷെ ഞാന്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അനീറ്റയുടെ അപ്പന്‍ അവിടെയുണ്ടായിരുന്നവരോടായി പറയുന്നുണ്ടായിരുന്നു , “ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത് എന്ന് “

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook