മലയാളികളെല്ലാം ഒന്നിലധികം തവണ കണ്ട സിനിമയെന്ന് ഉറപ്പിച്ചുപറയാവുന്ന ഒന്നാണ് മണിച്ചിത്രത്താഴ്. അങ്ങനെയൊരു മലയാളി, ഇതര സംസ്ഥാനത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയിലുള്ള ഒരാളെ പ്രേമിച്ചാൽ എങ്ങനിരിക്കും. ഒരാൾ മണിച്ചിത്രത്താഴിനെക്കുറിച്ച് പറയുമ്പോൾ​ മറ്റേയാൾ ഭൂൽ ഭുലയ്യയെക്കുറിച്ച് പറയും. പിന്നെ അടിയാകും, ഇടിയാകും. വിടമാട്ടേൻ എന്നും പറഞ്ഞ് മലയാളി മറ്റേയാളുടെ കഴുത്തിന് പിടിക്കും.

ഈയൊരു അവസ്ഥയെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഫിൽട്ടർ കോപ്പി തങ്ങളുടെ പുതിയ വീഡിയോയിലൂടെ. വിരാജ് ഗിലാനിയും നയന ശ്യാമുമാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. നയന മലയാളി കാമുകിയാകുമ്പോൾ നീരജ് ഉത്തരേന്ത്യക്കാരൻ കാമുകനായി എത്തുന്നു.

വിരാജിനെക്കൊണ്ട് മലയാളം പാട്ട് പാഠിപ്പിക്കാൻ ശ്രമിച്ച് ഒടുവിൽ എല്ലാം കൂടി കുളമായി ഇനി പാടല്ലേയെന്ന് പറയുന്ന നയന, കാമുകിയെ ഇംപ്രസ് ചെയ്യിക്കാൻ കഷ്ടപ്പെട്ട് മലയാളം പഠിക്കാൻ ശ്രമിക്കുന്ന വിരാജ്. അഞ്ച് മിനിട്ട് 39 സെക്കൻഡ് വീഡിയോ ചിരിച്ച് സൈഡ് ആകുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

മണിച്ചിത്രത്താഴ് മാത്രല്ല, റാംജി റാവു സ്പീക്കിങിന്റെ പേരിലും ഇരുവരും തമ്മിൽ വഴക്കിടുന്നുണ്ട്. അതിനിടയിൽ നയന മലയാളികളെ കണ്ട് തിരിച്ചറിയുന്നതും ഇതെല്ലാം കണ്ട് വിരാജ് അത്ഭുതപ്പെട്ട് നിൽക്കുന്നതും കാണിക്കുന്നു. 20 മണിക്കൂറിൽ എട്ട് ലക്ഷത്തിനടുത്ത് കാഴ്ചക്കാരാണ് വീഡിയോയ്ക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook