ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഏറെ വ്യത്യസ്തകള്‍ നിറഞ്ഞതാണ്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ലോകകപ്പ് നടക്കുന്നതെന്നാണ് ആദ്യത്തെ പ്രത്യേകത. കൂടാതെ വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ശൈത്യകാലത്ത് നടക്കുന്ന ആദ്യ ടൂര്‍ണമെന്റ് കൂടിയാണിത്. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി 2002 ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ഏഷ്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ക്കായി എട്ട് ലോകോത്തര സ്റ്റേഡിയങ്ങളാണ് ഖത്തര്‍ നിര്‍മ്മിച്ചത്.
ടൂര്‍ണമെന്റിനായി നിര്‍മ്മിച്ച സ്റ്റേഡിയങ്ങളിലൊന്ന് നിര്‍മ്മിച്ചത് പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്ത ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഉപയോഗിച്ചാണ്. ഈ സ്റ്റേഡിയത്തനാണ് ‘974’ എന്ന് പേര് നല്‍കിയത്.സ്റ്റേഡിയത്തിന് ‘974’ എന്ന് പേരിട്ടതിനും കാരണമുണ്ട്. സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച റീസൈക്കിള്‍ ചെയ്ത ഷിപ്പിംഗ് കണ്ടെയ്നറുകളുടെ കൃത്യമായ എണ്ണമാണ് ഇത് സൂചിപ്പിക്കുന്നത്. ഖത്തറിന്റെ അന്താരാഷ്ട്ര ഡയലിംഗ് കോഡ് കൂടിയാണ് 974. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പൂര്‍ണമായും അഴിച്ചുമാറ്റാവുന്ന സ്റ്റേഡിയമാണ് സ്റ്റേഡിയം 974.
ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് സ്റ്റേഡിയം ‘974’-ന്റെ 360 ഡിഗ്രി ഫൂട്ടേജ് പങ്കിട്ടു, ഏറെ അവിശ്വസനീയമായ ദൃശ്യങ്ങളാണ് അവ. ‘974 ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകകപ്പിന് ശേഷം സ്റ്റേഡിയം പൂര്‍ണ്ണമായി പൊളിച്ച് നീക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 40,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ആകെ ഏഴ് മത്സരങ്ങളാണ് നടക്കുന്നത്. വേദിക്ക് റാസ് അബു അബൗദ് സ്റ്റേഡിയം എന്ന് പേരിടുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.