2018 ഫിഫ ലോകകപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കൊളംബിയന്‍ വനിതാ മാധ്യമപ്രവര്‍ത്തക ജൂലിയത് ഗൊന്‍സാലസ് തെരാനെ ഒരു റഷ്യന്‍ ആരാധകന്‍ ചുംബിച്ചത് വിവാദമായിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഇയാള്‍ കയറിപ്പിടിച്ച് ചുംബിച്ചത്. ഇതിന് പിന്നാലെ ജൂലിയത് തന്റെ ട്വിറ്ററിലൂടെ ലൈംഗിക അതിക്രമത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് അക്രമിക്ക് താക്കീത് നല്‍കുകയും ചെയ്തു. സോഷ്യൽ മീഡിയയില്‍ പ്രതിഷേധം പുകഞ്ഞതോടെ റഷ്യന്‍ ആരാധകന്‍ ക്ഷമാപണം നടത്തി തലയൂരി.

എന്നാല്‍ സ്ത്രീകള്‍ക്ക് നേരെ മാത്രമാണോ ഇത്തരത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത്? അല്ലെന്നാണ് പുതിയ വീഡിയോ തെളിയിക്കുന്നത്. ലോകകപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ദക്ഷിണ കൊറിയന്‍ മാധ്യമപ്രവര്‍ത്തകനെയാണ് റഷ്യന്‍ യുവതികള്‍ ചുംബിച്ചത്. ജൂണ്‍ 28ന് ഫുട്ബോള്‍ മത്സരത്തിന് ശേഷം ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ചാനലായ എബിഎന്നിന്റെ റിപ്പോര്‍ട്ടറായ ജിയോന്‍ ഗ്വാങ് റിയോളിനെയാണ് യുവതികള്‍ ചുംബിച്ചത്.

കവിളില്‍ ചുംബിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ അദ്ദേഹം ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് നോക്കി. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ വാദം കൊഴുത്തു.

ഇത് ലൈംഗിക അതിക്രമമായി കണക്കാക്കണമെന്ന് ചിലര്‍ വാദിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ തമാശ മാത്രമായിരുന്നു എന്നായിരുന്നു മറ്റു ചിലരുടെ വാദം. വനിതാ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച അതേ സാഹചര്യമാണ് ഇവിടെയും എന്ന വാദമാണ് ഉയര്‍ന്നുകേട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ