പ്രണയം കുറ്റമാവുകയും ദുരഭിമാനക്കൊലകള്‍ വര്‍ധിക്കുകയും ചെയ്യുകയും ചെയ്യുന്ന കാലത്ത് മകളുടെ ലെസ്ബിയന്‍ പ്രണയത്തെ ചേര്‍ത്തുനിര്‍ത്തുകയാണ് ഒരച്ഛന്‍. പുരോഗമനമെന്നത് പറയാന്‍ മാത്രമുള്ളതല്ലെന്ന് തെളിയിക്കുകയാണ് കൊച്ചി സ്വദേശി ശ്രീജിത്ത് വാവ പി വി.
മകള്‍ രേഷ്മ അവള്‍ക്കിഷ്ടപ്പെട്ട പെണ്‍കുട്ടി സഞ്ജനയ്‌ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ച വിവരം ശ്രീജിത്ത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
” കഴിഞ്ഞ എട്ടാം തിയതി എന്റെ മകള്‍ രേഷ്മ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. (സഞ്ജന). പുരോഗമന വാദം പറയാന്‍ എളുപ്പമാണ്. ഞാന്‍ സന്തോഷവാനാണ്. ഈ ലെസ്ബിയന്‍സിനോട് നിങ്ങളുടെ കരുതല്‍ ഉണ്ടാകണേ,” എന്നാണ് ഇരുവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീജിത്ത് വാവ കുറിച്ചത്.

ശ്രീജിത്തിന്റെ ഫെയ്‌സ്ബുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദമ്പതികള്‍ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അതിനേക്കാളേറെ അഭിനന്ദപ്രവാഹമാണ് ഇരുവരെയും ചേര്‍ത്തുനിര്‍ത്തിയ ശ്രീജിത്തിന്റെ തീരുമാനത്തിനു ലഭിക്കുന്നത്.
പുരോഗമന ആദര്‍ശം വാക്കുകളില്‍ മാത്രം പോരെന്ന് ഒരു പിതാവ് ജീവിതം കൊണ്ട് തെളിയിക്കുകയാണെന്നും പിള്ളേര് സന്തോഷമായി ജീവിക്കട്ടേയെന്നുമാണ് പലരുടെയും കമന്റ്. ‘നിങ്ങളൊരു ധീരനായ പിതാവാണ്’, ‘മലയാളികളുടെ സദാചാര ബോധത്തെ തട്ടിത്തെറിപ്പിച്ച പിതാവ്’, ‘ഇങ്ങനെ ചേര്‍ത്തുപിടിക്കാന്‍ അതിനൊരു മനസ് വേണം’, ‘അവളുടെ അച്ഛന്‍ ആകാന്‍ കഴിഞ്ഞതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.