/indian-express-malayalam/media/media_files/uploads/2019/05/Father-died-daughter.jpg)
'രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ നിന്‍ മൗനം പിന്‍വിളിയാണോ,' പാടി മുഴുവനാക്കും മുമ്പേ, ഒരു പിന്‍വിളിക്ക് കാത്തു നില്‍ക്കാതെ അച്ഛന്‍ യാത്രയായി. അച്ഛന്‍ പോയതറിയാതെ ആര്‍ച്ച സുമംഗലിയായി. കൊട്ടും മേളവുമായി പൊന്നുമോളുടെ വിവാഹം കാണാന്‍ ആഗ്രഹിച്ച ആ അച്ഛന്‍ മോര്‍ച്ചറിയിലെ ഇരുട്ടിലും തണുപ്പിലും ഒറ്റയ്ക്കായി.
കതിര്‍മണ്ഡപത്തിലിരിക്കുമ്പോഴും ആര്‍ച്ച തിരഞ്ഞത് അച്ഛനെ ആയിരുന്നു. അച്ഛന്‍ ഇനിയില്ലെന്ന് ആരും ആ മകളോട് പറഞ്ഞില്ല. ഇപ്പോള്‍ വരും എന്ന് ബന്ധുക്കള്‍ ആശ്വസിപ്പിച്ചു. വിവാഹിതയായി അവള്‍ വരനോടൊപ്പം യാത്രയായി.
തിരുവനന്തപുരം കരമന സ്റ്റേഷനിലെ എസ്‌ഐ നീണ്ടകര പുത്തന്‍തുറ ചമ്പോളില്‍ തെക്കതില്‍ പി.വിഷ്ണുപ്രസാദ് (55) ഇളയ മകള്‍ ആര്‍ച്ചയുടെ വിവാഹത്തലേന്നു സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ രാത്രി 9.30നു സ്റ്റേജില്‍ കുഴഞ്ഞു വീണാണു മരിച്ചത്. പാട്ടു പാടിക്കൊണ്ടിരുന്ന വിഷ്ണുപ്രസാദ് സ്റ്റേജില്‍ വീഴുന്നതു കണ്ട് ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭരതന്‍ സംവിധാനം ചെയ്ത മമ്മൂട്ടി, മുരളി, മാതു, അശോകന്‍, ചിത്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ 'അമരം' എന്ന ചിത്രത്തിലെ 'വികാര നൗകയുമായി' എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കെ ആയിരുന്നു വിഷ്ണു പ്രസാദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഒരു വര്‍ഷം കൂടിയേ അദ്ദേഹത്തിന് ബാക്കിയുണ്ടായിരുന്നുള്ളൂ. അച്ഛന്റെ മരണ വിവരം സംസ്‌കാരത്തിന് തൊട്ട് മുമ്പ് മാത്രം ആര്‍ച്ചയെ അറിയിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കള്‍. അനുപ്രസാദ് ആര്യാ പ്രസാദ് എന്നിവരാണ് ആര്‍ച്ചയുടെ മറ്റ് സഹോദരങ്ങള്‍. ജെ.സുഷമയാണ് വിഷ്ണുപ്രസാദിന്റെ ഭാര്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.