ഇഷ്ടഗാനം മുതല്‍ കലിമ ചൊല്ലല്‍ വരെ; കോവിഡ്‌ വാര്‍ഡിലെ വിടവാങ്ങല്‍ നിമിഷങ്ങള്‍ വിവരിച്ച് ഡോക്ടര്‍മാര്‍

ഡോക്ടര്‍ എന്ന നിലയില്‍ നിന്നുയര്‍ന്ന്, മനുഷ്യത്വത്തിന്റെ, സ്നേഹത്തിന്റെ ആള്‍രൂപമാവുകയായിരുന്നു ഡോ. ദീപ്ശിഖയും ഡോ. രേഖയും

COVID-19 death, Covid-19 India Second Wave, coronavirus cases in india, Dr. Dipshikha Ghosh, Dr. Rekha Krishnan, Tera mujhse hai pehle ka naata koi, shahadat kalima, kalima, കലിമ

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കോവിഡ്‌ വാര്‍ത്തകളില്‍ നിറയുന്ന രണ്ടു വനിതാ ഡോക്ടര്‍മാരുണ്ട്. ഒന്ന്, കൊല്‍ക്കത്തയിലെ അപ്പോളോ ഗ്ലെനീഗിള്സ് ആശുപത്രിയിലെ ഡോ. ദീപ്ശിഖ ഘോഷ്, മറ്റൊന്ന്, കേരളത്തില്‍ പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യനായ ഡോ. രേഖ കൃഷ്ണന്‍. ഇരുവരും ശ്രദ്ധേയരായത് കോവിഡ്‌ വാര്‍ഡിലെ ഡ്യൂട്ടിക്കിടെ മരണത്തിലേക്ക് വീണ രണ്ടു രോഗികള്‍ക്ക് അവരുടെ അവസാന നിമിഷങ്ങളില്‍ സ്നേഹസാമീപ്യമായത് കൊണ്ടാണ്. മകന്റെ പാട്ട് വീഡിയോ കോളിലൂടെ കേള്‍പ്പിച്ച് ഒരമ്മയെ ഡോ. ദീപ്ശിഖ യാത്രയാക്കിയപ്പോള്‍, ഇസ്ലാംമത വിശ്വാസിയായ ഒരുമ്മയെ ശഹാദത്ത് കലിമ ചൊല്ലിയാണ് ഡോ. രേഖ യാത്രയാക്കിയത്. ഡോക്ടര്‍ എന്ന നിലയില്‍ നിന്നുയര്‍ന്ന്, മനുഷ്യത്വത്തിന്റെ, സ്നേഹത്തിന്റെ ആള്‍രൂപമാവുകയായിരുന്നു ഈ രണ്ടു പേരും.

സംഗീതം മരിച്ച നാള്‍

‘ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ’

കവി റഫീക്ക് അഹമ്മദിന്റെ ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനത്തിലെ ഈ വരികള്‍ അന്വര്‍ത്ഥമാക്കുന്ന സംഭവങ്ങളാണ് കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ മേയ്‌ 12നു നടന്നത്. കോവിഡ്‌ ഐസിയുവില്‍ ഡ്യൂട്ടിക്കെത്തിയ ഡോ. ദീപ്ശിഖ ഘോഷ്, അവിടെ ആറു ദിവസം മുന്‍പ് പ്രവേശിപ്പിച്ച സംഘമിത്ര ചാറ്റര്‍ജി എന്ന രോഗിയെ കാണുന്നു. കോവിഡിന്റെ അതിരൂക്ഷമായ അവസ്ഥയിലൂടെ കടന്നു പോകുന്ന അവര്‍ ആ രാത്രി കടക്കില്ലെന്ന് തിരിച്ചറിയുന്നു. തുടര്‍ന്ന്, തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് തന്നെ അവരുടെ കുടുംബത്തെ വീഡിയോ കോളില്‍ വിളിക്കുന്നു.

‘മേയ്‌ 12നു മോണിങ് ഷിഫ്റ്റായിരുന്നു ഞാന്‍. സംഘമിത്രയെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി അവര്‍ക്ക് ഇനി 24 മണിക്കൂറില്‍ കൂടുതല്‍ ഇല്ലെന്ന്. ഓക്സിജന്‍ ലെവല്‍ പൂര്‍ണ്ണമായും താഴ്ന്ന്, നൂറു ശതമാനം സപ്പോര്‍ട്ടില്‍ ആയിരുന്നു അവര്‍. മൂന്ന് മണിയോടെ, അവസാനത്തെ ആ വീഡിയോ കോള്‍ വിളിക്കാന്‍ തീരുമാനമായി. ഫോണ്‍ ഞാന്‍ അവരുടെ അടുത്തേക്ക് പിടിച്ചു, അപ്പോള്‍ അവരുടെ 25 വയസ്സുള്ള മകന്‍ സോഹം ‘തേരാ മുജ്സേ ഹൈ പെഹ്ലെ കാ നാതാ കോയീ’ എന്ന ഹിന്ദി ഗാനം പാടി. പല തവണ ഇടയ്ക്ക് അവന്‍ വിങ്ങിപ്പൊട്ടി.

അന്ന് ആ വാര്‍ഡില്‍ ഉണ്ടായിരുന്ന എല്ലാ കണ്ണുകളും ഈറനണിഞ്ഞു. ഒന്നും മിണ്ടാതെ ഞാന്‍ വെറുതെ നിന്നു. ഞങ്ങള്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് പഠിച്ച ഒരു പാഠമാണത്. ഉറ്റവരുടെ വിയോഗത്തില്‍ ബന്ധുക്കള്‍ അലമുറയിട്ട് കരയുമ്പോള്‍, പതറാത്ത മുഖവും ശബ്ദവുമായി നില്‍ക്കുകയെന്നത്. ചിലര്‍ മരണമെന്ന സത്യത്തെ നിഷേധിക്കാന്‍ ശ്രമിക്കും, ചിലര്‍ പ്രിയപ്പെട്ടവരുടെ അവസാനനിമിഷങ്ങള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ വെറുതെ നോക്കി നില്‍ക്കും. ഇത്തരം നിമിഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് എന്ത് പറയാനാവും? അവിടെ ഉണ്ടാവുക എന്നതൊഴികെ,’ ഡോ. ദീപ്ശിഖ ഘോഷ് വിവരിച്ചു.

‘ആ വീഡിയോ കോള്‍ കഴിഞ്ഞു പന്ത്രണ്ടു മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ സംഘമിത്ര മരിച്ചു. വെറും 48 വയസായിരുന്നു പ്രായം. ഞങ്ങള്‍ കാണുന്ന മറ്റനേകം രോഗികളെപ്പോലെ അവര്‍ക്കും ജീവിക്കാന്‍ ഇനി ഒരുപാട് വര്‍ഷങ്ങള്‍ ബാക്കിയുണ്ടായിരുന്നു. വൈറസ്‌ അവരുടെ ജീവിതത്തിനു വിരാമമിട്ടു. സോഹം അമ്മയ്ക്ക് നല്‍കിയ വികാരഭരിതമായ ആ യാത്രയയ്പ്പും മറ്റൊരു ജീവന്‍ നഷ്ടപ്പെട്ടതും ഞങ്ങളുടെ സങ്കടത്തിനു ആക്കം കൂട്ടുന്നു.’ ഡോ. ദീപ്ശിഖ ഘോഷ് ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

ഇതേ സംഭവം ഡോ. ദീപ്ശിഖ അവരുടെ ട്വിറ്ററിലും പങ്കുവച്ചിരുന്നു. അത് അനേകം പേര്‍ റീട്വീറ്റ് ചെയ്യുകയും തുടര്‍ന്നും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തതോടെ സോഹം എന്ന ചെറുപ്പക്കാരന്റെ നഷ്ടവും ദുഃഖവും ലോകത്തിന്റേത് കൂടിയായി. അവന്‍ പാടിയ പാട്ട്, അമ്മയോടുള്ള സ്നേഹത്തിന്റെ ഉണര്‍ത്തുപാട്ടായി.

Read Here: The day the music died: Farewells in a Covid ward

രോഗത്തിനു ജാതിയും മതവുമില്ല, സ്നേഹത്തിനും

ജാതി-മതഭേദങ്ങളും, വലിപ്പചെറുപ്പങ്ങളും, എല്ലാ അതിര്‍വരമ്പുകളും മാഞ്ഞ്, ഒരു ചെറിയ വൈറസിന് മുന്നില്‍ മനുഷ്യരാശി ഭയചകിതരായി നില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ലോകം കണ്ടു കൊണ്ടിരിക്കുന്നത്. കോവിഡ്‌ ബാധിച്ച് ഈ ലോകത്ത് നിന്ന് പോകുന്നവര്‍ പലരും ഉറ്റവരെയും ഉടയവരെയും കാണാതെ, അവര്‍ ആഗ്രഹിച്ചിരുന്ന, വിശ്വസിച്ചിരുന്ന ആചാരപരമായ വിടവാങ്ങലുകള്‍ സാധ്യമാകാതെ ഏകാന്തതയില്‍ മരണപ്പെടുന്നു. ബന്ധുക്കള്‍ക്കാകട്ടെ, പ്രിയമുള്ളവര്‍ പോയ സങ്കടത്തിനു മേല്‍ സങ്കടമാവുകയാണ് അവരെ അവര്‍ ആഗ്രഹിച്ച രീതിയില്‍ യാത്രയയക്കാന്‍ സാധിച്ചില്ല എന്നുള്ളത്. അവിടെയാണ് പട്ടാമ്പി സേവന ആശുപത്രിയിലെ ഡോ. രേഖ കൃഷ്ണന്‍ രോഗിയായ വയോധികയുടെ അവസാന നിമിഷങ്ങളില്‍, അവര്‍ക്കായി പ്രാര്‍ത്ഥിച്ച്, അവരുടെ വിശ്വാസ​ പ്ര​കാ​ര​മു​ള്ള വിടപറച്ചി​ല്‍ നല്‍കിയത്.

‘പത്തു പതിനേഴ് ദിവസങ്ങളായി ഇവിടെ കോവിഡ്‌ ഐസിയുവില്‍ കിടക്കുന്ന രോഗിയാണ്. കടുത്ത ന്യൂമോണിയയായിരുന്നു. അവസാന ഘട്ടത്തില്‍ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തനം നിലച്ചു തുടങ്ങി. വെന്ററിലേറ്ററില്‍ നിന്നും പതുക്കെ മാറ്റാമെന്ന് തീരുമാനിച്ചു. ബന്ധുക്കളോട് സംസാരിച്ചു. വെന്ററിലേറ്ററില്‍ നിന്നും മാറ്റിയ സമയത്ത്, പിന്നെ ഒന്നും ചെയ്യാനില്ല. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവുമൊക്കെ കുറഞ്ഞു വന്നു. ഒരു ഡോക്ടര്‍ എന്നുള്ള നിലയില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മരണസമയമായിരുന്നു, അവിടെ അങ്ങനെ നില്‍ക്കുമ്പോള്‍, ഒരു തോന്നലുണ്ടായി. ഒന്നും ആലോചിച്ചിട്ട് ചെയ്തതല്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവിടെ നില്‍ക്കുമ്പോള്‍ തോന്നി, പാവം ഇങ്ങനത്തെ ഒരവസ്ഥയില്‍ അവരുടെ കുടുംബക്കാര്‍ ആരുമില്ലല്ലോ ഇവിടെ എന്ന്. അവരുടെ കണ്ണടയ്ക്കാനായിട്ട് ഞാന്‍ അവരുടെ അടുത്ത് പോയതാ… അപ്പോള്‍ ചെറിയൊരു മിടിപ്പ് മാത്രമേയുള്ളൂ.

യുഎഇയില്‍ വളര്‍ന്നത് കൊണ്ട് എനിക്ക് ആ നേരത്ത് ചൊല്ലേണ്ട പ്രാര്‍ത്ഥന അറിയാം. അതെന്റെ മനസ്സില്‍ ചൊല്ലിക്കൊണ്ട് നിന്നപ്പോള്‍ അവര്‍ അവസാനശ്വാസമെടുത്തു. എല്ലാം ഫ്ലാറ്റ്ലൈനില്‍ ആയി,’ ഡോ. രേഖ കൃഷ്ണന്‍ ഓര്‍ത്തു.

തുടര്‍ന്നു അന്ന് വൈകിട്ട് ഡോ. രേഖ തന്റെ സഹപ്രവര്‍ത്തകനായ ഡോ. മുസ്തഫയോട് അന്നത്തെ ദിവസത്തെ സംഭവങ്ങള്‍ വിവരിക്കുന്നതിന്റെ കൂട്ടത്തില്‍ ഈ ഉമ്മയുടെ കാര്യവും പറഞ്ഞു. ഡോ. മുസ്തഫയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

‘ആ രോഗിക്ക് ഭൂമിയില്‍ നിന്നും പോകാന്‍ എന്തോ തടസ്സം ഉണ്ടായത് പോലെ… ഞാന്‍ കലിമ ചൊല്ലിയപ്പോള്‍ അതങ്ങ് മാറിയതുപോലെ. അത് പറഞ്ഞതോട് കൂടി ദേഹം നിശ്ചലമായി. ഞാന്‍ ഡോ. മുസ്തഫയോട് പറയുകയായിരുന്നു, ഡോക്ടര്‍മാര്‍ രോഗികളുടെ കുടുംബമായി തീരുന്ന അവസ്ഥയാണ് ഇപ്പോള്‍ എന്ന്.

ഞാന്‍ പ്രത്യേകിച്ച് ഒന്നും ആലോചിച്ചിട്ടല്ല അത് ചെയ്തത്. മതവും കാര്യങ്ങളും ഒന്നുമല്ല, മനുഷത്വമാണ് വലുത്. ഈ കോവിഡ്‌ കാലത്ത് എല്ലാര്‍ക്കുമുള്ള ഒരു പേടി അതാണ്‌. നമ്മള്‍ ഒറ്റപ്പെടും. അപ്പോള്‍ ഞങ്ങളാണ് ഈ കുടുംബവും രോഗിയും തമ്മിലുള്ള പോയിന്റ്‌ ഓഫ് കോണ്‍ടാക്റ്റ്‌. അപ്പോള്‍ നമ്മളാല്‍ കഴിയുന്ന ചെറുത്, അത് ഏതു രീതിയിലും…’

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Farewells in covid ward

Next Story
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമNandu Mahadeva, Nandu Mahadeva death, Nandu Mahadeva passes away
The moderation of comments is automated and not cleared manually by malayalam.indianexpress.com