scorecardresearch
Latest News

വിമാനത്തില്‍ മോഹന്‍ലാല്‍, ബാത്‌റൂമില്‍ ഷാരൂഖ് ഖാന്‍, പബ്ബില്‍ രജനികാന്ത്: പ്രിയതാരത്തെ നേരില്‍ കണ്ട നിമിഷങ്ങള്‍ ഓര്‍ത്ത് ആരാധകര്‍

സിനിമാതാരങ്ങള്‍, കായികതാരങ്ങള്‍, എഴുത്തുകാര്‍ അങ്ങനെ പ്രശസ്തരാവയര്‍ തൊട്ടു മുന്നിലെത്തിയപ്പോഴുണ്ടായ രസകരമായ ഓര്‍മകളുമായ് ട്വിറ്റര്‍ ചര്‍ച്ച സജീവമായി

വിമാനത്തില്‍ മോഹന്‍ലാല്‍, ബാത്‌റൂമില്‍ ഷാരൂഖ് ഖാന്‍, പബ്ബില്‍ രജനികാന്ത്: പ്രിയതാരത്തെ നേരില്‍ കണ്ട നിമിഷങ്ങള്‍ ഓര്‍ത്ത് ആരാധകര്‍
Celebrity Encounters, fans their favourite fanboy moment

മനസ്സില്‍ കൊണ്ട് നടക്കുന്ന ആരാധനാപാത്രത്തേയോ, അല്ലെങ്കില്‍ പ്രശസ്തരായവരെയോ പെട്ടെന്ന് നേരില്‍ കണ്ടപ്പോഴുണ്ടായ നിങ്ങളുടെ അനുഭവം ഓര്‍ത്തിരിക്കുന്നുണ്ടോ? അതൊന്ന് കുറിക്കാമോ? ഇങ്ങനൊരു ചോദ്യം ട്വിറ്ററില്‍ വന്നതിന് പിന്നാലെ അധികം വൈകാതെ ഓര്‍മകള്‍ ചികഞ്ഞ് പൊടി തട്ടിയെടുത്ത് നൂറു കണക്കിനാളുകളെത്തി. സിനിമാതാരങ്ങള്‍, കായികതാരങ്ങള്‍, എഴുത്തുകാര്‍ അങ്ങനെ പ്രശസ്തരാവയര്‍ തൊട്ടു മുന്നിലെത്തിയപ്പോഴുണ്ടായ രസകരമായ ഓര്‍മകളുമായ് ട്വിറ്റര്‍ ചര്‍ച്ച സജീവമായി.

മോഹന്‍ലാല്‍

2013ല്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയ്റോബ്രിഡ്ജില്‍, പ്ലെനിലേക്ക് കയറുന്ന തിടുക്കത്തില്‍ ഒരാളെ ചെന്നിടിച്ചു. ഒരു ക്ഷമാപണം പോലും പറയാതെ യാത്ര തുടര്‍ന്നു. പിന്നീട് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍, അദ്ദേഹത്തിന് ചുറ്റുമുളള ആള്‍ക്കൂട്ടത്തെ കണ്ടപ്പോഴാണ്, അത് മോഹന്‍ലാല്‍ സാറാണെന്ന് മനസ്സിലായത്.

രജനീകാന്ത്

1998ല്‍, ലണ്ടനിലെ ഒരു പബ്ബില്‍ മദ്യപിച്ച് കൊണ്ടിരിക്കുമ്പോള്‍, അല്‍പം ഇരുണ്ട നിറമുള്ള വെളളത്താടിയുള്ള മാന്യനായ ഒരു വ്യക്തി എന്‍റെ അടുത്ത് വന്നിരുന്നു. ഞാനദ്ദേഹത്തോട് പറഞ്ഞു, ‘നിങ്ങളെ കാണാന്‍ തമിഴ് നടന്‍ രജനീകാന്തിനെപ്പോലുണ്ട്’. അദ്ദേഹം പറഞ്ഞു ‘ഞാന്‍ രജനീകാന്താണ്’. ഞങ്ങള്‍ രണ്ടു പേരും കുറച്ചു നേരം ഒരുമിച്ച് ചിരിച്ചു.

അജിത്

അജിത്ത് എന്‍റെ അയല്‍ക്കാരനായിരുന്നു. ഒരിക്കല്‍ ബാങ്കിലേക്ക് പോകുന്നതിനിടയില്‍, വീടിന് മുന്നില്‍ നില്‍ക്കുന്ന അജിത്തിനെ കണ്ടു. അദ്ദേഹം എന്തോ നോക്കിനില്‍ക്കുകയായിരുന്നു. അപ്പോള്‍ ആ വഴിയില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തോട് സംസാരിക്കാമായിരുന്നെങ്കിലും പെട്ടെന്ന് നാവ് പൊങ്ങിയില്ല. അദ്ദേഹത്തോട് സംസാരിക്കേണ്ടതായിരുന്നു.

എം.ജി.ആറും ജയലളിതയും

1968ല്‍ മദ്രാസില്‍, ‘വിജയവാഹിനി’ എന്ന തമിഴ് ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് എം.ജി.ആറിനെയും ജയലളിതയെയും കണ്ടു. ഷൂട്ടിങ്ങിന് ശേഷം കാപ്പി കുടിക്കാന്‍ എം.ജി.ആര്‍ ക്ഷണിച്ചു. വളരെയധികം മാന്യനായ വ്യക്തിയാണദ്ദേഹം. ജയലളിതയും സന്തോഷത്തോടെ കാപ്പി കുടിക്കാന്‍ ചേര്‍ന്നു. മദ്രാസില്‍ വന്നതെന്തിനാണെന്നൊക്കെ എം.ജി.ആര്‍ ചോദിച്ചറിഞ്ഞു.

ഷാരൂഖ് ഖാന്‍

എന്‍റെ ജന്മദിനത്തിലാണ് ഷാരൂഖ് ഖാനെ അപ്രതീക്ഷിതമായ് കണ്ടുമുട്ടിയത്. വളരെ ഊഷ്മളതയുളള മനുഷ്യന്‍

‘ഹാപ്പി ന്യൂയര്‍’ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായ് എത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ കൈ കൊടുക്കാനായ്. ഞാന്‍ കണ്ടിട്ടുള്ളതില്‍‌ വച്ച് മാന്യനായ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ വലതുവശത്ത് ആരാധകരെ ഗൌനിക്കാതെ ദീപിക നില്‍ക്കുന്നുണ്ടായിരുന്നു.

മുംബൈ താജ് ലാന്‍ഡ്സ് എന്‍ഡിലെ പുരുഷന്‍മാരുടെ ശുചിമുറിയിലേക്ക് നടക്കുമ്പോള്‍, സുരക്ഷാഭടന്‍മാര്‍ എന്നെ സൂക്ഷിച്ച് നോക്കുന്നത് കണ്ടു. എന്താണെന്ന് മനസ്സിലായില്ല. ഞാന്‍ ശുചിമുറിയിലാണ് കയറി. അപ്പുറത്തെത്തില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നു. ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെ കണ്ടു. ഷാരൂഖ് ഖാന്‍ ആയിരുന്നു അത്.

ആമിര്‍ ഖാന്‍

‘രംഗീല’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിലാണ് ആമിര്‍ ഖാനെ കണ്ടത്. അത്ര വലിയ താരത്തെയാണ് ഞാന്‍ കണ്ടതെന്ന തോന്നല്‍ അദ്ദേഹമുണ്ടാക്കിയില്ല. വളരെ വിനയത്തോടെ പെരുമാറിയ അദ്ദേഹം അപ്പോള്‍ത്തന്നെ ഓട്ടോഗ്രാഫ് ഒപ്പിട്ട് തന്നു. അതിനു ശേഷം, അതേ സെറ്റില്‍ വച്ച് ഊര്‍മിള മണ്ഡോദ്ക്കറെയും കണ്ടുമുട്ടി. ഓട്ടോഗ്രാഫ് ചോദിച്ചപ്പോള്‍ അടുത്ത ദിവസം വരാന്‍ പറഞ്ഞു. അതാണ് വ്യത്യാസം!

ഹോട്ടലിലെ ഇന്‍റര്‍കോമിലൂടെ ആമിര്‍ ഖാനെ രാത്രി 12 മണിക്ക് വിളിച്ചെഴുന്നേല്‍പ്പിച്ച്, പുലര്‍ച്ചെ അഞ്ച് മണിക്ക് അദ്ദേഹം എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് മുന്‍പ് കണ്ടത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ത്രില്ല് മാറിയിട്ടില്ല.

അമിതാഭ് ബച്ചന്‍

മാന്‍ഹട്ടനിലെ തിരക്കില്ലാത്ത ഒരു തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ തൊട്ട് മുന്‍പിലെ നിരയിലെ സീറ്റില്‍ അമിതാഭ് ബച്ചനും ജയ ബച്ചനും. ഇടവേളയായപ്പോഴാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. സിനിമ കഴിഞ്ഞപ്പോള്‍ ഇരുവരോടും സംസാരിക്കാനായി.

പുണെയിലെ താജ് ഹോട്ടലില്‍ വച്ചാണ് അമിതാഭ് ബച്ചനെ കണ്ടത്. ആകെ അഞ്ച് പേരാണുണ്ടായിരുന്നത്. കൂട്ടത്തില്‍ ഉയരക്കൂടുതലുണ്ടായതു കൊണ്ട് അദ്ദേഹത്തെ നന്നായി കാണാന്‍ പറ്റി. ഓട്ടോഗ്രാഫ് നല്‍കുന്നതിനിടയില്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് താഴെ വീണ പേന ഞാനെടുത്തു. ഇന്നും അത് ഭദ്രമായ് സൂക്ഷിച്ചിട്ടുണ്ട്.

നാലോ, അഞ്ചോ വയസ്സുള്ളപ്പോള്‍ വിമാനത്തില്‍ വച്ച് കണ്ടപ്പോള്‍ അമിതാഭ് ബച്ചന്‍ കവിളില്‍ നുള്ളിയത്

ധാരാളം പ്രശസ്തരായ ആളുകളെ കണ്ടതിന്‍റെ ഓര്‍മയുണ്ടെങ്കിലും ഏറ്റവും വിലപ്പെട്ടതായ് ഞാന്‍ കരുതുന്നത്, ജീവിതത്തില്‍ എനിക്ക് വലിയ പ്രചോദനമായ അമിതാഭ് ബച്ചനൊപ്പം കപില്‍ ശര്‍മ ഷോയില്‍ നൃത്തം ചെയ്യാനായതാണ്.

ലതാ മങ്കേഷ്കര്‍

ഞാന്‍ ഡിസൈന്‍ ചെയ്ത ആഭരണം ലതാ മങ്കേഷ്കര്‍ വാങ്ങിയത് മറക്കാനാകാത്ത ഓര്‍മയാണ്.

രാഹുല്‍ ദ്രാവിഡ്

രാജസ്ഥാന്‍ റോയല്‍സ് നടത്തിയ ക്യാപ്ഷന്‍ മല്‍സരത്തില്‍ വിജയിയാപ്പോഴാണ് രാഹുല്‍ ദ്രാവിഡിനെ കണ്ടുമുട്ടിയത്. ഹോട്ടല്‍ ഇടനാഴിയില്‍ വച്ച് അദ്ദേഹത്തോടൊപ്പം ക്രിക്കറ്റ് കളിച്ചു.

കഴിഞ്ഞ ദീപാവലിക്ക് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് രാഹുല്‍ ദ്രാവിഡിനെ കണ്ടത്. ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ അടുത്ത് പോയി കാണാനായില്ല. പക്ഷേ, അദ്ദേഹത്തെ നേരിട്ട് കാണാനായതില്‍ ഞാന്‍ സന്തോഷവാനായി. അദ്ദേഹത്തിന് ചുറ്റുമുള്ളവരാരും അദ്ദേഹത്തെ ശ്രദ്ധിക്കാതെ സാധാരണ രീതിയില്‍ പെരുമാറുന്നുണ്ടായിരുന്നു.

ബാംഗ്ലൂരില്‍ വച്ചാണ് വളരെ നാളുകള്‍ക്ക് മുന്‍പ് രാഹുല്‍ ദ്രാവിഡിനെ കാണാനായത്. എന്‍റെ പേരിന്‍റെ അവസാനവും ദ്രാവിഡ് എന്നാണെന്ന് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടയില്‍ അദ്ദേഹത്തോട് പറഞ്ഞു. അതു കേട്ട് അദ്ദേഹം ഹൃദ്യമായ് പുഞ്ചിരിച്ച് ഹസ്തദാനം നല്‍കി. അദ്ദേഹത്തിനുളള ചില എഴുത്തുകള്‍ ഞങ്ങള്‍ക്ക് കിട്ടിയതിനെക്കുറിച്ച് എന്‍റെ അമ്മ രാഹുലിന്‍റെ അമ്മയോട് സംസാരിച്ചു.

എം.എസ് ധോണി

ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് എന്‍റെ ആരാധനാപാത്രമായ ധോണിയെ കണ്ടത്. അദ്ദേഹവും മറ്റ് കളിക്കാരും ജഴ്സിയില്‍ ഒപ്പിട്ട് തന്നു. വളരെ വിനയത്തോടെ പെരുമാറിയ അദ്ദേഹം ഇരുപത് മിനിറ്റിലേറെ എന്നോട് സംസാരിച്ചു.

സൌരവ് ഗാംഗുലി

സൌരവ് ഗാംഗുലിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന്‍റെ കടുത്ത ആരാധികയായ ഞാന്‍ ഒരുമിച്ച് ഒരു ഫോട്ടോ ചോദിച്ചു. പിന്നെ പറഞ്ഞു, ‘എന്‍റെ പേരും സനയെന്നാണ്'(അദ്ദേഹത്തിന്‍റെ മകളുടെ പേരും). അതു കേട്ടപ്പോള്‍ അദ്ദേഹം ഹൃദ്യമായ് എന്നെ നോക്കി പുഞ്ചിരിച്ചു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

എയര്‍പോര്‍ട്ട് ലോഞ്ചില്‍ വച്ചാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കാണുന്നത്. മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു നിമിഷം ചെലവഴിക്കാനായതിന്‍റെ സന്തോഷത്തിലായിരുന്നു ഞാന്‍. അഞ്ച് മിനിറ്റ് മാത്രമേ കിട്ടിയുളളുവെങ്കിലും അദ്ദേഹം എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അറിയിക്കാന്‍ കഴിഞ്ഞു. അദ്ദേഹവും നന്നായ് സംസാരിച്ചു.

പൌലോ കൊയ്‌ലോ

‘ദി വിച്ച് ഓഫ് പോര്‍ട്ടോബെല്ലോ’ എന്ന പുസ്തകത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായ് 2006ല്‍ പൌലോ കൊയ്‌ലോ ദുബായിലെത്തി. ആരാധകര്‍ക്ക് പുസ്തകം ഒപ്പിട്ട് നല്‍കിയതിനു ശേഷം പബ്ലിക്ക് റിലേഷന്‍ വിഭാഗം ഒരു അഭിമുഖത്തിന് എനിക്ക് അവസരമൊരുക്കി. എന്‍റെ പേരിന്‍റെ അവസാനവും കൊയ്‌ലോ എന്നതുള്ളത് കൊണ്ട് അദ്ദേഹത്തിന്‍റെ പ്രതികരണമറിയാന്‍ സംഘാടകര്‍ക്കും കൌതുകമായിരുന്നു.

അമീഷ് ത്രിപാഠി

എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയെ കണ്ടുമുട്ടി അധികം വൈകാതെ എനിക്ക് മനസ്സിലായ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ക്രീം ബിസ്ക്കറ്റിനോടുളള ഭ്രാന്ത്.

എ.പി.ജെ.അബ്ദുല്‍ കലാം

ജീവിതത്തിലൊരിക്കല്‍ എ.പി.ജെ.അബ്ദുല്‍ കലാമിനെ നേരില്‍ കാണാനായത് ഭാഗ്യമായ് കരുതുന്നു.

മുകേഷ് അംബാനി, അനില്‍ അംബാനി

മുംബൈയിലെ താജ് ഹോട്ടലിലെ ലിഫ്റ്റിലേക്ക് ഓടിക്കയറിയപ്പോള്‍ മുകേഷ് അംബാനി നില്‍ക്കുന്നു. മറുവശത്തേക്ക് തിരിഞ്ഞപ്പോള്‍ അനില്‍ അംബാനിയും. രണ്ടു പേരോടും ഒന്നും ചോദിച്ചില്ല. അതില്‍ ഇപ്പോഴും പശ്ചാത്താപമുണ്ട്.

മദര്‍ തെരേസ

മദര്‍ തെരേസയാല്‍ അനുഗ്രഹിപ്പെടാന്‍ ഭാഗ്യമുണ്ടായി. മദര്‍ എന്റെ മുടിയില്‍ തലോടി. ആ ദിവ്യ നിമിഷത്തെക്കുറിച്ച് ഓരോ തവണ ഓര്‍ക്കുമ്പോഴും രോമാഞ്ചം വരും.

ഇങ്ങനെ താരങ്ങളെ കണ്ടതിന്‍റെ നൂറുകണക്കിന് അനുഭവങ്ങള്‍ രസകരമായ് കുറിച്ചിട്ടുണ്ട്. ചിലര്‍ ആരാധാനപാത്രങ്ങളോടൊപ്പം എടുത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന ചിത്രങ്ങളും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read More Social Stories Here

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Fans share memorable celebrity encounters on twitter