ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മുതിര്‍ന്ന കുറച്ച് താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ ഉള്‍പ്പെടുത്താന്‍ ധോണി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത് പരസ്യമായ രഹസ്യമാണ്. ധോണിയും മുതിര്‍ന്ന ചില താരങ്ങളും തമ്മില്‍ ഇതിനെ ചൊല്ലി തര്‍ക്കം ഉണ്ടായെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ ചൊല്ലി വിരേന്ദര്‍ സെവാഗും ധോണിയും തമ്മിലുളള ബന്ധം വഷളായെന്നും പ്രചാരണം ഉയര്‍ന്നിരുന്നു.

ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഫൈനലില്‍ യൂസഫ് പത്താന് വേണ്ടി സെവാഗിനെ പുറത്തിരുത്തിയത് മുതലായിരുന്നു ഈ പ്രചാരണത്തിന് ശക്തി വരുന്നത്. ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍ ആയിരുന്ന സെവാഗിനെ 2011 ലോകകപ്പിന് പിന്നാലെ സ്ഥിരം പുറത്തിരിക്കലാണ് കാത്തിരുന്നത്. 2015 ലോകകപ്പിലെ പട്ടികയില്‍ നിന്നും സെവാഗ് പുറംതളളപ്പെടുകയും ചെയ്തു.

അദ്ദേഹത്തിന്റെ വിരമിക്കലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ടീമില്‍ നിന്നും അവഗണിക്കപ്പെട്ടാണ് അദ്ദേഹം വിരമിക്കലിന് നിര്‍ബന്ധിനായതെന്നായിരുന്നു വിവരം. കൂടാതെ അര്‍ഹിച്ച യാത്രയയപ്പ് നല്‍കാനും അന്ന് ബിസിസിഐ തയ്യാറായില്ല. ഇതിനെതിരെ സൗരവ് ഗാംഗുലി അടക്കമുളളവരും രംഗത്തെത്തി. എന്നാല്‍ ധോണി ഇടപെട്ട് തന്റെ അവസരം ഇല്ലാതാക്കിയെന്ന് ഇതുവരെ സെവാഗ് പറഞ്ഞിട്ടില്ല.

ശനിയാഴ്ച്ച ജന്മദിനം ആഘോഷിക്കുന്ന ധോണിക്ക് വേണ്ടി സെവാഗ് ആശംസകളും നേര്‍ന്നിരുന്നു. ധോണി ക്രീസിലേക്ക് കാല്‍ നിവര്‍ത്തുന്ന ചിത്രത്തിനൊപ്പമാണ് സെവാഗ് ആശംസ നേര്‍ന്നത്. ‘ധോണിക്ക് ജന്മദിനാശംസകള്‍. ഇതിനേക്കാളും നീളത്തിലാവട്ടെ നിങ്ങളുടെ ജീവിതയാത്ര. നിങ്ങളുടെ സ്റ്റംമ്പിംഗിനേക്കാള്‍ വേഗത്തില്‍, എല്ലാത്തിലും സന്തോഷം കണ്ടെത്താനാവട്ടെ. ഓം ഫിനിഷായ നമഹ’, എന്നാണ് സെവാഗ് ആശംസിച്ചത്.

‘സെവാഗ് സാറിന്റെ കരിയര്‍ അവസാനിപ്പിച്ചയാള്‍ക്ക് ജന്മദിനാശംസ’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. എന്നാല്‍ ഇതിന് മികച്ച മറുപടിയാണ് സെവാഗ് നല്‍കിയത്. ‘കള്ളമായ പ്രസ്താവന’ എന്നാണ് സെവാഗ് ഇതിന് മറുപടി നല്‍കിയത്. ആയിരക്കണക്കിന് ലൈക്കാണ് സെവാഗിന്റെ കമന്റിന് ലഭിച്ചത്.

ഇന്ന് ധോണിയുടെ 37ാം ജന്മദിനമായിരുന്നു. ക്രിക്കറ്റ് ലോകം മുഴുവന്‍ പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയും ആശംസ നേര്‍ന്നിരുന്നു. വിരാട് കോഹ്ലിയുടെ ആശംസ വേറിട്ടു നിന്നു. രണ്ട് താരങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനം വ്യക്തമാകുന്നതായിരുന്നു ധോണിയ്ക്കുള്ള വിരാടിന്റെ പിറന്നാള്‍ സന്ദേശം.
”ഈ പ്രായത്തിലും നിങ്ങള്‍ എന്നത്തേയും പോലെ ഫിറ്റും വേഗതയുമുള്ളവനുമാണ്. ചിരിച്ച് സ്വയം ആസ്വദിച്ച് കളിക്കുന്ന നിങ്ങളെ കാണുന്നത് തന്നെ സന്തോഷമാണ്. എല്ലാ വിധ ആശംസകളും നേരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ക്ക് കീഴില്‍ തുടങ്ങാന്‍ സാധിച്ചതിലും ഇപ്പോഴും ഒരുമിച്ച് കളിക്കാന്‍ കഴിയുന്നതിലും അഭിമാനമുണ്ട്. എല്ലാ വിധ ആശംസകളും,” ബിസിസിഐ ടിവിയിലൂടെയായിരുന്നു ധോണിയക്ക് വിരാട് ആശംസ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ