ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ റിമാൻഡിന് പിറകെ 17 ആരാധകർ പൊലീസ് പിടിയിൽ

നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തു, നിയമവിരുദ്ധമായി സംഘം ചേർന്നു എന്നീ കുറ്റങ്ങളിലാണ് 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്

E bull jet, e bull jet issue, e bull jet police custody, e bull jet rto, e bull jet mvd, ie malayalam

കണ്ണൂർ: പ്രമുഖ യൂട്യൂബ് വ്‌ളോഗർമാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ റിമാൻഡ് ചെയ്തതിന് പിറകെ ഇവരുടെ 17 ആരാധകരെ പൊലീസ് പിടികൂടി. ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെന്നറിയപ്പെടുന്ന കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തു, നിയമവിരുദ്ധമായി സംഘം ചേർന്നു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യൂട്യൂബർമാരുടെ ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. യൂട്യൂബർമാരുടെ ആരാധകർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാവിലെ മുതൽ തടിച്ച് കൂടിയിരുന്നു.

നിയമവിരുദ്ധമായി രൂപ മാറ്റം വരുത്തിയ ട്രാവലറിന് പിഴ അടക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളം ഉണ്ടാക്കിയതിനാണ് എബിന്‍, ലിബിന്‍ എന്നിവർക്കെതിരെ കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നും കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

‘നെപ്പോളിയൻ’ എന്ന വാഹനത്തിൽ റാംബോ എന്ന പട്ടിക്കൊപ്പം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ളോഗ് ചെയ്യുന്ന ഇ-ബുള്‍ ജെറ്റ് സഹോദരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ടെംപോ ട്രാവലർ രൂപമാറ്റം വരുത്തി കാരവനാക്കിയാണ് ഇവരുടെ യാത്ര. നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് വാഹനം കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരോട് തിങ്കളാഴ്ച ആർടിഒ ഓഫിസിൽ ഹാജരാവാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

ഇരുവരും രാവിലെ ഒൻപതിന് ആർടിഒ ഓഫീസില്‍ എത്തുകയും ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടാവുകയും ചെയ്തതിനു പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിനു രണ്ടു ദിവസം മുൻപ് ആർടിഒ അധികൃതർ എത്തി വണ്ടി പരിശോധിക്കുകയും ടാക്സ് പ്രശ്നമുണ്ടെന്ന് പറഞ്ഞ് കൊണ്ടുപോവുകയും ചെയ്തതായും രേഖ ഹാജരാക്കിയതിനെത്തുടർന്ന് വിട്ടുകിട്ടിയതായും ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ ഒരു വിഡിയോയിൽ പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥർ ഞായറാഴ്ച വീണ്ടുമെത്തി വാഹനം കസ്റ്റഡിയിലെടുത്തതായും ടാക്സിൽ കുറവുള്ള ആറായിരം രൂപ അടയ്ക്കാൻ പറഞ്ഞതായും തിങ്കളാഴ്ച രാവിലെ ഒമ്പതിനു തങ്ങൾ ആർടിഒ ഓഫീസിൽ ഉണ്ടാകുമെന്നും ഇവർ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. തങ്ങളെ ചതിച്ചെന്നും ഇനി വാൻലൈഫുമായി തങ്ങൾ ഉണ്ടാവില്ലെന്നും ഇ-ബുൾ ജെറ്റ് ഇനി ഇല്ലായെന്നും ഇവർ പറഞ്ഞിരുന്നു. വാഹനം ഉദ്യോഗസ്ഥർ കൊണ്ടുപോകുന്ന ദൃശ്യങ്ങളും ഇവർ പങ്കുവച്ചിരുന്നു.

ഇന്ന് രാവിലെ ഇവർ ആര്‍ടിഒ ഓഫീസിൽ എത്തിയതോടെ ആരാധകരും കൂട്ടത്തോടെ എത്തി. തുടർന്ന് ആർടിഒ ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്നും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം ചേർന്നുവെന്നും അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് ആർടിഒ ഓഫിസിൽ എത്തി കസ്റ്റഡിലെടുക്കാൻ ശ്രമിച്ചത് ഇരുവരും ചെറുക്കുകയും ഇത് മൊബൈൽ ഫോൺ വഴി ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുകയും ചെയ്തു. ഇതോടെ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ ഇവർ വൈകാരികായി പ്രതികരിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

പൊതുമുതൽ നാശം, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ തുടങ്ങിയവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. ആസമയത്തും നാടകീയ രംഗങ്ങൾ അരങ്ങേറി.

അതേസമയം, തങ്ങൾ വാഹനം കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ടാക്സ് അടച്ചതിൽ കുറവുള്ളതു കൊണ്ടും നിയമവിരുദ്ധമായ രൂപമാറ്റങ്ങൾ വാഹനത്തിൽ വരുത്തിയതു കൊണ്ടും ചെക്ക് റിപ്പോർട്ട്‌ എഴുതി നൽകുകയായിരുന്നുവെന്നും തുടർന്നു പ്രശ്ങ്ങൾ ഉണ്ടാക്കാനായി അവർ ആർടിഒ ഓഫീസിൽ വാഹനം കൊണ്ടിടുകയായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ ആരോപിച്ചു.

വാഹനത്തിന്റെ നിറം വെള്ളയെന്നാണ് ആർസി ബുക്കിലുള്ളത്. നിലവിൽ അതു പച്ചയായി മാറ്റിയിട്ടുണ്ട്. വാഹനത്തിലുടനീളം സ്റ്റിക്കർ വർക്കുകളുമുണ്ട്. ധാരാളം ഫാൻസി ലൈറ്റുകളും വാഹനത്തിന്റെ മുൻ ഭാഗത്ത് മുകളിൽ ഉൾപ്പെടെ ഘടിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് കഴിഞ്ഞയാഴ്ച എറണാകുളത്തുനിന്നാണ് ഇവർ വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത്.

തിരുവനന്തപുരത്തുനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ-ബുൾ ജെറ്റ് വാഹനം മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇന്നലെ ഇരിട്ടിയിലെത്തി പരിശോധിച്ചത്. തുടർന്ന് നികുതി ഇനത്തിൽ ആറായിരം രൂപ പിഴ ചുമത്തി. ഈ തുക ഇന്ന് ഹാജരായി അടയ്ക്കാനും വാഹനം രണ്ടാഴ്ചയ്ക്കുള്ളിൽ പഴയ രൂപത്തിലാക്കാനും അധികൃതർ നിർദേശം നൽകിയിരുന്നു. ഇതുകൂടാതെ 42,000 രൂപ പിഴ സംബന്ധിച്ച ചെക്ക് റിപ്പോർട്ടും നൽകി. ഈ തുക സംബന്ധിച്ച് അവർക്കു പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയോ കോടതിയെയോ സമീപിക്കാമായിരുന്നുവെന്നും അതിനു പകരം ഓഫിസിന്റെ പ്രവർത്തനം തടസപ്പെടുത്തുകയായിരുന്നുവെന്നും ആർടിഒ അധികൃതർ പറയുന്നത്.

എന്നാൽ, ടാക്സ് മുഴുവൻ അടച്ചിരുന്നുവെന്നും ഈ പേരിൽ വിളിച്ചു വരുത്തി 52,000 രൂപ പിഴ ചുമത്തിയെന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ പൊലീസ് വാനിലിരുന്നുകൊണ്ട് കരഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് തങ്ങളെ കള്ളക്കേസിൽ കുടുക്കുകയാണെന്നും ചതിക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു.

ഇ-ബുൾ ജെറ്റ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിനു 16 ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആണുള്ളത്. കോവിഡ് രണ്ടാംതരംഗത്തിനിടെ അസം യാത്രയിലായിരുന്ന ഇവർ അവിടെ കുടുങ്ങി പട്ടിണിയിലായ മലയാളികളായ ടൂറിസ്റ്റ് ബസ് തൊഴിലാളികളെ സന്ദർശിക്കുകയും ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തിരുന്നു. ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അസമിൽനിന്നുള്ള തൊഴിലാളികളെ ഉദ്ദേശിച്ച് സർവിസ് നടത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാൽപ്പതിലേറെ ടൂറിസ്റ്റ് ബസുകളാണ് മാസങ്ങളോളം അവിടെ കുടുങ്ങിയത്.

Also read: കടയിൽ പോകാൻ രേഖ വേണം; ട്രോളിൽ മുങ്ങി കോവിഡ് നിയന്ത്രണം

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Famous van life youtubers e bull jet in police custody

Next Story
ഭാര്യയ്ക്ക് ഈ കുരുത്തക്കേടുകൾ സഹിക്കാൻ പറ്റില്ല, നല്ല വഴക്ക് കിട്ടാറുണ്ടെനിക്ക്; മനസു തുറന്ന് ബോചെBoby Chemmanur latest news, Boby Chemmanur interview vanitha, Boby Chemmanur wife, Bo che, boby chemmannur videos, boby chemmannur malayalam rap song, boby chemmannur latest news, ബോബി ചെമ്മണ്ണൂർ, comedy stars, കോമഡി, Boby Chemmanur Daughter wedding, Boby Chemmanur Daughter Anna Bobby Wedding, Sam Sibin wedding, actor Sam sibin, Sam Sibin films, Boby chemmannur, സ്റ്റാർസ്, asianet show
The moderation of comments is automated and not cleared manually by malayalam.indianexpress.com