ഹാച്ചിക്കോ എന്ന നായയുടെ കഥ അറിയില്ലേ? റെയില്‍വെ സ്റ്റേഷനില്‍ ഒറ്റപ്പെട്ട് പോയ തന്നെ രക്ഷിച്ച ഉടമസ്ഥന് വേണ്ടി വര്‍ഷങ്ങളോളം അതേ റെയില്‍വെ സ്റ്റേൽനില്‍ കാത്തിരുന്ന നായയുടെ കഥ? മൃഗങ്ങളോട് നമ്മള്‍ സ്നേഹവും കരുതലും കാണിച്ചാല്‍ അവയും തിരിച്ച് കാണിക്കുമെന്ന് നമുക്ക് അറിയാം. എന്നാല്‍ ഒരു നീരാളിയോട് ആണ് ഇത്തരത്തില്‍ കരുതലും സ്നേഹവും കാണിക്കുന്നതെങ്കിലോ? സംശയമേതും വേണ്ടെന്നാണ് ഗോഡ്ഫ്രൈ- സ്മിത്ത് ദമ്പതിമാര്‍ പറയുന്നത്. അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടലായ ചെങ്കടലിന്റെ തീരത്ത് വെച്ചുളള ഒരു വീഡിയോ ആണ് ഇതിന് തെളിവായി ഇവര്‍ കാണിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നും പ്രചരിക്കുകയാണ്.

തീരത്ത് കൂടി നടക്കുന്നതിനിടെയാണ് മണലില്‍ കുടുങ്ങിക്കിടക്കുന്ന നീരാളിയെ കണ്ടതെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നു. ‘നീരാളി ചത്തതാണോ അല്ലയോ എന്ന് പോലും അറിയാതെ ഞങ്ങള്‍ അതിനെ വെളളത്തിലേക്ക് തളളിവിട്ടു. അല്‍പനേരം അനങ്ങാതെ കിടന്ന ശേഷം അത് തിരിച്ച് കടലിലേക്ക് നീന്തിപ്പോയ്. എന്നാല്‍ പിറ്റേന്ന് ഞങ്ങള്‍ അതേ തീരത്ത് തന്നെ വീണ്ടും നടക്കാന്‍ പോയ്. അപ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് വെളളത്തിലൂടെ നിഴല് പോലെ എന്തോ ഒന്ന് നീന്തി അടുക്കുന്നത് കണ്ടത്.
അത് ഞങ്ങള്‍ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ നീരാളിയായിരുന്നു. അത് ഞങ്ങളെ തിരിച്ചറിഞ്ഞിരിക്കുന്നു’, യുട്യൂബ് വീഡിയോയ്ക്ക് ഒപ്പമുളള അടിക്കുറിപ്പില്‍ കുറിക്കുന്നു.

എന്നാല്‍ തിരിച്ചറിയുക മാത്രമല്ല സ്നേഹത്തോടെ എന്ന പോലെ ഇവരുടെ കാല് കൈകള്‍ നീട്ടി തൊടാനും നീരാളി ശ്രമിച്ചു. ജീവന്‍ രക്ഷിച്ച തങ്ങളോട് നന്ദി പറയാനാണ് നീരാളി തിരിച്ച് വന്നതെന്ന് വിശ്വസിക്കുന്നതായും ഇവര്‍ പറയുന്നു. കടലിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് നീരാളി. നമ്മള്‍ മനുഷ്യരുടെ ബുദ്ധി തലയിലാണ് കേന്ദ്രീകരിച്ചതെങ്കില്‍ നീരാളികളില്‍ ഓരോ കൈകള്‍ക്കും ബുദ്ധി നല്‍കിയിരിക്കുന്നതായാണ് ഗവേഷകരുടെ പക്ഷം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ