ആയുര്‍വേദത്തിന്റെ മറവില്‍ വ്യാജവൈദ്യം നടത്തുന്നവര്‍ രോഗികളുടെ ജീവന്‍ കൊണ്ടാണ് കളിക്കുന്നതെന്ന മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍ ഷിമ്ന അസീസ്. പഠിച്ച്‌ ഡിഗ്രിയുള്ളവർ പോലും അതിവിദഗ്‌ധർക്ക്‌ കൈമാറുന്ന രോഗാവസ്‌ഥകൾ എങ്ങനെയാണ്‌ ‘പൊടിയും ഇലയും’ കൊണ്ട്‌ ചികിത്സിക്കുകയെന്ന് ഡോക്ടര്‍ ചോദിച്ചു. ഡിഗ്രിയുള്ള ആയുർവേദ ഡോക്‌ടർമാരാണ്‌ ‘ആയുർവേദം’ എന്ന ഭംഗിയുള്ള പേരിൽ നടത്തുന്ന ഇത്തരം കിരാതപ്രവർത്തനങ്ങൾക്ക്‌ തടയിടുന്നതിൽ മുൻകൈ എടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത്‌ അറിയാത്ത പണി ചെയ്‌ത്‌ കൊലപാതകം നടത്തുന്നത്‌ ആരായാലും അത്തരം കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ‘അതിന്‌ മുൻകൈ എടുക്കേണ്ടത്‌ സർക്കാരാണ്‌. അതിന്‌ വേണ്ടി പ്രവർത്തിക്കേണ്ടത്‌ ചുരുങ്ങിയത്‌ അഞ്ചരവർഷം ചരകസംഹിതയും അഷ്‌ടാംഗഹൃദയവുമൊക്കെയായി മല്ലിട്ട്‌ ബിരുദം നേടിയവരാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ ജിഷ്‌ണു, ഇന്ന്‌ അബി, നാളെ ഇനി ആരെന്നറിയില്ല. പെട്ടുപോകുന്നത്‌ പ്രശസ്‌തരാകുമ്പോൾ വിവരം പുറത്തറിയും, അല്ലാതെ വ്യാജവൈദ്യത്തിന്‌ ഇരയാകുന്ന എണ്ണമറ്റ സാധാരണക്കാരുടെ കാര്യം ആരെങ്കിലും അറിയുന്നുണ്ടോ?

ജിഷ്‌ണുവിന്‌ കാൻസറായിരുന്നു. അബിക്ക്‌ രക്‌താർബുദം ആയിരുന്നെന്നും അതല്ല ITP എന്ന പ്ലേറ്റ്‌ലെറ്റ്‌ കുറയുന്ന രോഗമായിരുന്നെന്നുമെല്ലാം കേൾക്കുന്നുണ്ട്‌. യാഥാർത്ഥ്യം അറിയില്ല. ഫലത്തിൽ ഷെയ്‌നിനും പെങ്ങൻമ്മാർക്കും ഉപ്പ ഇല്ലാതായെന്നറിയാം. അവരുടെ ദു:ഖത്തിൽ പങ്ക്‌ ചേരുന്നു.

സാരമായ രോഗമുള്ള ഒരാൾക്ക്‌ എങ്ങനെയാണ്‌ ഇത്തരം പരീക്ഷണങ്ങൾക്ക്‌ അവസരം ലഭിക്കുന്നത്‌? രോഗി വേദന അനുഭവിക്കുന്ന വ്യക്‌തിയാണ്‌. ആശ്വാസം തേടി ഏത്‌ വഴിക്കും പോയേക്കും. അവരെ കുറ്റം പറയാനൊക്കില്ല. അവർ ആശ്വാസം തേടാനിടയുള്ള ഇടങ്ങൾ അവർക്ക്‌ ജീവഹാനി വരാൻ സാധ്യതയുള്ള നിലയിലേക്ക്‌ പോകുന്നതിന്‌ തടയിടേണ്ടതല്ലേ? ഓരോ ജീവനും വിലമതിക്കാനാകാത്ത സ്വത്താണ്‌, പരീക്ഷണവസ്‌തുവല്ല.
ആർക്കും ‘പാരമ്പര്യവൈദ്യൻ’ എന്ന തിലകം ചാർത്തിക്കൊടുക്കുന്ന സർക്കാരിന്റെ ഔദാര്യമാണ്‌ ആദ്യം ഒഴിവാക്കേണ്ടത്‌. പഠിച്ച്‌ ഡിഗ്രിയുള്ളവർ പോലും അതിവിദഗ്‌ധർക്ക്‌ കൈമാറുന്ന രോഗാവസ്‌ഥകൾ എങ്ങനെയാണ്‌ ‘പൊടിയും ഇലയും’ കൊണ്ട്‌ ചികിത്സിക്കുക? ഡിഗ്രിയുള്ള ആയുർവേദ ഡോക്‌ടർമാരാണ്‌ ‘ആയുർവേദം’ എന്ന ഭംഗിയുള്ള പേരിൽ നടത്തുന്ന ഇത്തരം കിരാതപ്രവർത്തനങ്ങൾക്ക്‌ തടയിടുന്നതിൽ മുൻകൈ എടുക്കേണ്ടത്‌. മോഡേൺ മെഡിസിൻ പഠിച്ചവർ ഈ കാര്യം പറയുമ്പോൾ അതിന്റെ പേര്‌ ‘പേഷ്യന്റിനെ കാൻവാസ്‌ ചെയ്യൽ’ എന്നായിത്തീരുമെന്നത്‌ തീർച്ചയാണല്ലോ.

സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത്‌ അറിയാത്ത പണി ചെയ്‌ത്‌ കൊലപാതകം നടത്തുന്നത്‌ ആരായാലും അത്തരം കേന്ദ്രങ്ങൾ അടച്ചു പൂട്ടണം. അതിന്‌ മുൻകൈ എടുക്കേണ്ടത്‌ സർക്കാരാണ്‌. അതിന്‌ വേണ്ടി പ്രവർത്തിക്കേണ്ടത്‌ ചുരുങ്ങിയത്‌ അഞ്ചരവർഷം ചരകസംഹിതയും അഷ്‌ടാംഗഹൃദയവുമൊക്കെയായി മല്ലിട്ട്‌ ബിരുദം നേടിയവരാണ്‌.

‘ഞാൻ ഉറപ്പായും ചികിത്സിച്ച്‌ നന്നാക്കിയെടുക്കാം’ എന്ന്‌ പ്രഖ്യാപിച്ച്‌ മാരകരോഗിയെ വെച്ച്‌ വിവരമുള്ള ഒരു ആയുർവേദഡോക്‌ടറും ഇരുന്നതായി അറിവില്ല. മിക്കവരും തന്നെ രോഗിക്ക്‌ സപ്പോർട്ടീവ്‌ മെഡിസിൻ കൊടുത്ത്‌ വിദഗ്‌ധകേന്ദ്രങ്ങളിലേക്ക്‌ അർഹിക്കുന്ന ചികിത്സക്കായി റഫർ ചെയ്ത്‌ വരുന്നതാണ്‌ കണ്ടിട്ടുള്ളത്‌. ഒരു ഡോക്‌ടറും രോഗിയുടെ ജീവൻ കൊണ്ട്‌ കളിക്കില്ല. എന്നാൽ വ്യാജചികിത്സകർ അങ്ങനെയല്ല. എന്തർത്‌ഥത്തിലാണ്‌ മോഹനനും അബി സമീപിച്ച ആ വൈദ്യരുമൊക്കെ ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന്‌ പുലമ്പുന്നത്‌ !
ആളെക്കൊല്ലികളെ ഒറ്റപ്പെടുത്തണം, സമൂഹം അതിനായി ഒറ്റക്കെട്ടാകണം. ഇനിയൊരു ജീവൻ കൂടി ഇത്തരത്തിൽ ഇല്ലാതാകരുത്‌…

കുട്ടിക്കാലത്ത്‌ ഏറെ ചിരിപ്പിച്ച ആമിനതാത്തയുടെ ശബ്‌ദത്തിനുടമയ്‌ക്ക്‌ ആദരാഞ്‌ജലികൾ…
വിട അബിക്കാ…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook