ബുധനാഴ്ച രാവിലെ വാഷിങ്ടണ്‍ ഡിസിയിലെ ജനങ്ങളെ എതിരേറ്റത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. മുന്നിലിരുന്ന വാഷിങ്ടണ്‍ പോസ്റ്റ് പത്രം കണ്ടവര്‍ ഞെട്ടിത്തരിച്ചെന്ന് ഉറപ്പ്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്നായിരുന്നു പത്ര വാര്‍ത്ത. ഇതെപ്പോ സംഭവിച്ചെന്നും ഇന്നലെ രാത്രി കിടക്കും വരെ ഒന്നും കേട്ടിരുന്നില്ലല്ലോ എന്ന് ആലോചിച്ചു കൊണ്ട് പത്രത്തിലേക്ക് ഒന്നൂകൂടെ നോക്കിയപ്പോഴാണ് അവര്‍ സത്യം അറിഞ്ഞു കാണുക. പത്രത്തിലെ ഡേറ്റ് മെയ് 1, 2019 ആയിരുന്നു. സംഗതി വ്യാജ വാര്‍ത്ത മാത്രമല്ല, പത്രം തന്നെ വ്യാജമായിരുന്നു.

വാഷിങ്ടണിലെ തെരുവുകളില്‍ വ്യാജ വാര്‍ത്തയുള്ള വ്യാജ പത്രം സൗജന്യമായി വിതരണം ചെയ്യുന്നുണ്ടായിരുന്നു. വൈറ്റ് ഹൗസിന് മുന്നില്‍ പോലും പത്രം വിതരണം ചെയ്യുകയുണ്ടായി. രാജ്യത്തെ സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപ് രാജിവച്ചെന്നായിരുന്നു വാര്‍ത്ത. വാഷിങ്ടണ്‍ പോസ്റ്റിന്റെ അതേ രൂപത്തിലുള്ള പത്രത്തില്‍ മുഴുവനും ട്രംപിനെതിരായ വാര്‍ത്തകളായിരുന്നു. ഒപ്പം ട്രംപ് രാജി വച്ചതിനെ തുടര്‍ന്ന് ലോകത്ത് പലയിടത്തും നടക്കുന്ന ആഘോഷങ്ങളെ കുറിച്ചുമുണ്ടായിരുന്നു. വാര്‍ത്തകളൊക്കെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ബൈലൈനോടു കൂടിയുള്ളതായിരുന്നു.

വൈറ്റ് ഹൗസിന് മുന്നില്‍ പത്രം വിതരണം ചെയ്തിരുന്നത് മധ്യ വയസ്‌കയായ ഒരു സ്ത്രീയായിരുന്നു. വ്യാജ പത്രത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിവേഗം പ്രചരിക്കാന്‍ തുടങ്ങിയതോടെ വാഷിങ്ടണ്‍ പോസ്റ്റ് വിശദീകരണവുമായെത്തി. പ്രചരിക്കുന്നത് തങ്ങളുടെ പത്രമല്ലെന്നും വ്യാജമാണെന്നും വാഷിങ്ടണ്‍ പോസ്റ്റ് ട്വീറ്റ് ചെയ്തു. പത്രത്തിന് പുറമെ വാഷിങ്ടണ്‍ പോസ്റ്റിന്റെ വൈബ് സൈറ്റിന്റെ മാതൃകയില്‍ വ്യാജ സൈറ്റും ഇവര്‍ തയ്യാറാക്കിയിരുന്നു. പിന്നീടിത് അപ്രത്യക്ഷമായി.

ആരായിരിക്കും ഇങ്ങനൊരു പണി ട്രംപിന് കൊടുത്തതെന്ന് ആലോചിച്ച് അമേരിക്കന്‍ ജനത തല പുകഞ്ഞു. പിന്നീട് ‘യെസ് മെന്‍’ എന്ന ആക്ടിവിസ്റ്റുകളുടെ സംഘടന വ്യാജ പത്രത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു. പല ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടേയും കൂട്ടായ ശ്രമമാണ് പത്രത്തിന് പിന്നിലെന്ന് യെസ് മെന്‍ അറിയിച്ചു. എഴുത്തുകാരായ ഒന്നേഷ റോയ്ചൗധുരിയും എൽ.എ.കോഫ്മാനുമാണ് പത്രം തയ്യാറാക്കിയത്. ട്രംപിന്റെ നിലപാടുകളോടുള്ള പ്രതിഷേധമാണ് ഇത്തരത്തിലൊരു പ്രവൃത്തിയിലേക്ക് നയിച്ചതെന്നും യെസ് മെന്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook