വാര്‍ത്തകളുടെ വര്‍ഷം തന്നെയായിരുന്നു 2017ഉം. വാര്‍ത്തകളും ആഘോഷിക്കപ്പെട്ട വാര്‍ത്തകളും ഏറെ. ഇതില്‍ തന്നെ ആഘോഷിക്കപ്പെട്ട വ്യാജ വാര്‍ത്തകള്‍ അതിലേറെയാണ്. ഇത്തരം വ്യാജ വാര്‍ത്തകളുടെ വലിയൊരിടമാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 365%മാണ് വ്യാജവാര്‍ത്തകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആഘോഷിക്കപ്പെട്ട ചില വ്യാജ വാര്‍ത്തകള്‍ ഏതെല്ലാമെന്നു നോക്കാം.

1. ഒന്നര ലക്ഷം രൂപ വിലയുള്ള അമ്പാനിയുടെ മകന്റെ വിവാഹ ക്ഷണക്കുറിപ്പ്

മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന്‍ ആകാശ് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഒന്നര ലക്ഷം രൂപ വിലയുള്ള സ്വര്‍ണം പതിച്ച വിവാഹ പത്രികയാണ് ഇവര്‍ ഒരുക്കിയിരിക്കുന്നതെന്നായിരുന്നു അത്. ഇപ്പേരില്‍ ഒരു വ്യാജ വീഡിയോയും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നും സെന്‍സേഷണലിസത്തിനായി ക്രിയേറ്റ് ചെയ്ത വാര്‍ത്തയാണിതെന്നും റിലയന്‍സ്ഗ്രൂപ്പ് തന്നെ പിന്നീട് പ്രസ്താവനയിറക്കി.

2. ആഞ്ജലീന ജോളിയെപ്പോലാകാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി

സഹര്‍ തബര്‍ എന്ന 19വയസുകാരിയെക്കുറിച്ചായിരുന്ന അടുത്ത വാര്‍ത്ത. ആഞ്ജലീന ജോളിയെപ്പോലാകാന്‍ 50 ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടി ഒരു അസ്ഥികൂടം പോലെയായി മാറിയെന്ന വാര്‍ത്തകളും ചിത്രങ്ങളും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതും വ്യാജ വാര്‍ത്തയാണെന്നു വെളിപ്പെട്ടു.

3. ‘ബിഗിനിങ്’ പറയാന്‍ അറിയാത്ത പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പ്രസംഗിക്കുന്ന വീഡിയോ ആയിരുന്നു ആഘോഷമാക്കിയ മറ്റൊരു വാര്‍ത്ത. സംസാരത്തിനിടെ ബിഗിനിങ് എന്ന വാക്ക് ഉച്ഛരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നതായിരുന്നു ഇത്. എന്നാല്‍ ‘ഇന്‍ ദി ബിഗിനിങ്’ എന്ന സീരിസിലുള്ള യൂട്യൂബ് വിഡിയോകളില്‍ കെട്ടിച്ചമച്ച ഒന്നുമാത്രമായിരുന്നു എന്നതായിരുന്നു സത്യം.

4. സ്വാമി വിവേകാനന്ദന്റെ ‘തലവെട്ടി’

തലയെടുത്തു മാറ്റിയ നിലയിലുള്ള സ്വാമി വിവേകാനന്ദന്റെ പ്രതിമയുടെ ചിത്രവും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. മുസ്ലീങ്ങളാണ് ഇതു ചെയ്തത് എന്നായിരുന്നു ആരോപണം. അവരെ അറസ്റ്റു ചെയ്‌തെന്നും അഖണ്ഡ ഭാരതത്തിന്റെ വെബ്‌സൈറ്റില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതൊരു നുണപ്രചരണമാണെന്നു തെളിഞ്ഞു.

5. അമേരിക്കന്‍ തെരുവിലെ തിമിംഗലം

അമേരിക്കയില്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടര്‍ന്ന് തെരുവുകളില്‍ വെള്ളം കയറിയപ്പോള്‍ അതിനടിയില്‍ കണ്ട തിമിംഗലമായിരുന്നു പിന്നെ ട്വിറ്ററില്‍ നിറയെ. ഒന്നര ലക്ഷത്തിലേറെ ലൈക്കുകളും 87000 ഷെയറുകളുമായിരുന്നു ഈ ചിത്രത്തിന്. ജാസണ്‍ മൈക്കിള്‍ എന്നയാളുടെ പേരിലായിരുന്നു ഈ ചിത്രം പ്രചരിച്ചിരുന്നത്. എന്നാല്‍ പിന്നീട് അതു വ്യാജമാണെന്നു പറഞ്ഞു അദ്ദേഹം തന്നെ രംഗത്തെത്തി.

6. ജി20 ഉച്ചകോടിയില്‍ ലോകനേതാക്കളുടെ മീം

ജൂലൈയില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിച്ചു വന്ന ഒരു മീം ആയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപ്, ടര്‍ക്കിഷ് പ്രസിഡന്റ് റെസെപ്പ് ടയിപ്പ് എര്‍ഡോഗന്‍ എന്നിവരുടെ മുഖഭാവങ്ങളായിരുന്നു ഇതിലെ തമാശ. ചിത്രത്തില്‍ കണ്ട റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉച്ചകോടിയില്‍ തന്നെ പങ്കെടുത്തിരുന്നില്ല. അതോടെ അതും പൊളിഞ്ഞു.

7. 200 രൂപയുടെ വ്യാജ നോട്ട്

ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു 200 രൂപയുടെ വ്യാജ നോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യഥാര്‍ത്ഥ നോട്ടു പോലും മാറി നിന്നു ഈ വ്യാജന്റെ മുന്നില്‍. നിറത്തിലും വ്യത്യാസം ഉണ്ടായിരുന്നു. പിന്നീട് വ്യാജ നോട്ടാണെന്ന് തെളിഞ്ഞു.

8. ഏഴു തലവിടര്‍ത്തിയ രാജവെമ്പാല

ചിത്രം മാത്രമല്ല, വീഡിയോ സഹിതമല്ലേ റോഡരികില്‍ ഏഴു പത്തി വിടര്‍ത്തി നില്‍ക്കുന്ന രാജവെമ്പാല വൈറലായത്. പത്തു ദിവസത്തിനുള്ളില്‍ ഒരുകോടിയുടെ അടുത്ത് കാഴ്ചക്കാരായിരുന്നു ഇതിന്. പിന്നീട് ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു.

9. കാമുകിക്ക് സമ്മാനമായി ‘2000 രൂപയുടെ’ കാര്‍

രണ്ടായിരം രൂപയുടെ നോട്ടുകൊണ്ട് അലങ്കരിച്ച കാറാണ് മുംബൈയിലെ ഒരു കാമുകന്‍ തന്റെ കാമുകിക്ക് വാലെന്റൈന്‍സ് ഡേക്ക് നല്‍കിയ പ്രണയ സമ്മാനം. ഇയാള്‍ ഉടന്‍ തന്നെ അറസ്റ്റിലായി എന്നതു സത്യം. എന്നാല്‍ ഈ ചിത്രവും വ്യാജമായിരുന്നു.

10. കിരണ്‍ബേദിയുടെ ‘ത്രിവര്‍ണ’ സ്മാരകങ്ങള്‍

ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ക്ലോക്ക് ടവര്‍, പിസാ ഗോപുരം, ട്വിന്‍ ടവര്‍, സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി എന്നിവ ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണത്തില്‍ മുങ്ങിയാല്‍ എങ്ങിനെയുണ്ടാകും? അങ്ങനെയൊരു ചിത്രമാണ് അടുത്തിടെ കിരണബേദി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് വാട്ട്‌സാപ്പ് വഴി പ്രചരിച്ച വ്യാജ ചിത്രം മാത്രമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook