തിരുവനന്തപുരം: “വെറും ഒരു വോട്ടുകൊണ്ടുകൊണ്ട് സംഘപരിവാരത്തെ വരച്ചവരയിൽ നിർത്താൻ കഴിയുന്ന ഞാൻ ആരാണ്?” തനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണത്തെ പൊളിച്ചടുക്കി ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ട്രോൾ. കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ, പാചകവാത വില വർധനവിന്  കാരണം ഡോ. തോമസ് ഐസക്കിന്റെ എതിർപ്പാണെന്ന് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നയം കാരണമാണ് ഇന്ധനവില കുതിച്ചുയരുന്നതെന്ന് കാണിച്ച് ദേശീയതലത്തിൽ​ പ്രതിപക്ഷം നടത്തിയ സമരത്തെ തുടർന്നാണ് കേരളത്തിൽ ധനമന്ത്രി തോമസ് ഐസക്കാണ് ഇതിന് കാരണക്കാരൻ എന്ന നിലയിൽ പ്രചാരണം നടത്തുന്നത്. വാട്ട്സാപ്പിലും മറ്റ് സോഷ്യൽ​മീഡിയകളിലുമാണ് ഇത്തരം ക്യാംപെയിൻ നടക്കുന്നത്. ഇതിനെതിരെയാണ് ഡോ. തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചത്.

വി കെ എന്നിന്റെ ഒരു കഥ ഉദ്ധരിച്ചാണ് ഐസക് ഈ പ്രചാരണത്തെ ട്രോളിയത്.
“എണ്ണവിലയുടെ വിൽപന നികുതി ജിഎസ്ടിയിൽ കൊണ്ടുവരാത്തതിനു കാരണം തോമസ് ഐസക്കാണത്രേ. തോമസ് ഐസക്ക് സമ്മതിക്കുന്നില്ലത്രേ. അതുകൊണ്ടവർക്കു വില കുറയ്ക്കാൻ കഴിയുന്നില്ലത്രേ. വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഫോർവേഡുകൾ ഒഴുകി നടക്കുകയാണ്.”

അണ്ഡകടാഹത്തിനുകീഴിൽ എന്തിനും ഏതിനും അധികാരമുള്ള സർക്കാരും പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും. ജിഎസ്ടി കൗൺസിലിലും മഹാഭൂരിപക്ഷം കേന്ദ്രത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുമാണ്. അവിടെയുളള മൊത്തം വോട്ട് 41 . അതിൽ ഒരു വോട്ടിന്റെ അധികാരമാണ് തനിക്കുള്ളത്. കേന്ദ്രഭരണവും, പതിനഞ്ചു സംസ്ഥാനങ്ങളിലെ അധികാരവും ബിജെപിയ്ക്ക്. മറ്റു നാലു സംസ്ഥാനങ്ങളിൽ ഭരണം ബിജെപി മുന്നണിയ്ക്ക്. പോരെങ്കിൽ, ഒരു നട്ടപ്പാതിരയ്ക്ക് മുഴുവൻ കറൻസിയും നിരോധിച്ച് ജനതയെ മുഴുവൻ തെരുവിലിറക്കി വട്ടം കറക്കിയ വീരശിങ്കങ്ങളും. പക്ഷേ, എന്തുകാര്യം? എണ്ണയുടെ നികുതി ജിഎസ്ടിയിലാക്കാൻ തോമസ് ഐസക് സമ്മതിക്കുന്നില്ലല്ലോ! എന്നാണ് പരിഭവമെന്ന് ഐസക്ക് വ്യാജപ്രചരണ ക്യാംപെയിനെ പരിഹസിക്കുന്നു.

ജിഎസ്ടിയുടെ നടപ്പിലാക്കലിനെ തുടർന്ന് ആസൂത്രണത്തിലും നിർവഹണത്തിനും ഉടലെടുത്ത സകല പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ഈ സംഘത്തിനും അവരുടെ അധികാരത്തിനുമാണ്. പക്ഷേ, എണ്ണയുടെ വിൽപന നികുതിയുടെ കാര്യം വരുമ്പോൾ ഈ സംഘബലം കാറ്റുപോയ ബലൂൺ പോലെയാകും. തോമസ് ഐസക്ക് കേറി വിലങ്ങു തടിയായി നിന്നാൽ വല്ലതും ചെയ്യാൻ പറ്റുമോ? ഐസക്ക് ചോദിക്കുന്നു.

“ആലോചിച്ചു നോക്കൂ. ഈ പരിവാർ സംഘത്തെ വെറും ഒരു വോട്ടുകൊണ്ടുകൊണ്ട് വരച്ചവരയിൽ നിർത്താൻ കഴിയുന്ന ഞാൻ ആരാണ്? ഒരു മഹാസംഭവം ആയിരിക്കാതെ വയ്യ. ആലോചിച്ചിട്ട് എനിക്കുതന്നെ തല കറങ്ങുന്നു. ആരെങ്കിലും അൽപം വെള്ളം തരൂ” എന്ന് എഴുതിയാണ് ഐസക്ക് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡോ. തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം:

തന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു വീരകേസരിയെക്കുറിച്ച് വികെഎൻ വക കഥയുണ്ട്. രത്നച്ചുരുക്കം പറയാം. വഴിയാത്രയിൽ വികെഎൻ ഒരാളെ പരിചയപ്പെടുന്നു. മലയാളത്തിൽ കഥകളൊക്കെ എഴുതാറുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ട് രണ്ടാമൻ സംഭാഷണം ആരംഭിച്ചു. സ്വന്തം പേരിലല്ല, എംടിയെന്ന പേരിലാണത്രേ കഥയെഴുത്ത്. യാത്രാവിവരണത്തിലും കൈവെച്ചിട്ടുണ്ട്. അതു പക്ഷേ, എസ്കെ പൊറ്റെക്കാട് എന്ന പേരിൽ. ഇവനാളു കൊള്ളാമല്ലോ എന്നു ചിന്തിക്കും മുമ്പ് ദാ വരുന്നു അടുത്ത വെളിപ്പെടുത്തൽ. മേപ്പടിയാൻ കവിതയും എഴുതും. അവയിലൊക്കെ പി കുഞ്ഞിരാമൻ നായർ എന്നാണ് പേരുവെച്ചിരിക്കുന്നത്. അവസാനം ആ സത്യവും വെളിപ്പെടുത്തി. ആൾ ഹാസ്യസാഹിത്യത്തിലും കൈവെച്ചിട്ടുണ്ട്. വികേയെൻ എന്ന പേരിൽ.

ഇത്രയുമായപ്പോൾ സാക്ഷാൽ വികെഎന്നിനു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. താങ്കൾ ദൈവത്തെ കണ്ടിട്ടുണ്ടോ എന്നായി അദ്ദേഹം. ഇല്ലെന്ന് മറ്റേയാൾ. എങ്കിൽ അതു ഞാനാണെന്ന് വികേയെൻ.

കഥ അവിടെ തീർന്നെങ്കിലും ഒരു സംശയം ബാക്കി നിൽക്കുന്നു. ദൈവവും താനാണെന്ന് മറ്റേ യാത്രക്കാരൻ കേറി ഏറ്റിരുന്നെങ്കിലോ? വികെഎൻ പെട്ടുപോയേനെ. അത്രയുമൊരു വിനയം പ്രകടിപ്പിച്ചതിന് ആ പൊങ്ങച്ചക്കാരൻ സഹയാത്രികനോട് വികെഎൻ മനസാ നന്ദി പറഞ്ഞിരിക്കണം.

ഏതാണ്ട് ആ അവസ്ഥയിലാണ് ഞാനിപ്പോൾ. എണ്ണവിലയുടെ വിൽപന നികുതി ജിഎസ്ടിയിൽ കൊണ്ടുവരാത്തതിനു കാരണം തോമസ് ഐസക്കാണത്രേ. തോമസ് ഐസക്ക് സമ്മതിക്കുന്നില്ലത്രേ. അതുകൊണ്ടവർക്കു വില കുറയ്ക്കാൻ കഴിയുന്നില്ലത്രേ. വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഫോർവേഡുകൾ ഒഴുകി നടക്കുകയാണ്.

അണ്ഡകടാഹത്തിനുകീഴിൽ എന്തിനും ഏതിനും അധികാരമുള്ള സർക്കാരും പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും. ജിഎസ്ടി കൌൺസിലിലും മഹാഭൂരിപക്ഷം കേന്ദ്രത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും. മൊത്തം 41 വോട്ട്. അതിൽ ഒരു വോട്ടിന്റെ അധികാരമാണ് എനിക്കുള്ളത്. കേന്ദ്രഭരണവും, പതിനഞ്ചു സംസ്ഥാനങ്ങളിലെ അധികാരവും ബിജെപിയ്ക്ക്. മറ്റു നാലു സംസ്ഥാനങ്ങളിൽ ഭരണം ബിജെപി മുന്നണിയ്ക്ക്. പോരെങ്കിൽ, ഒരു നടപ്പാതിരയ്ക്ക് മുഴുവൻ കറൻസിയും നിരോധിച്ച് ജനതയെ മുഴുവൻ തെരുവിലിറക്കി വട്ടം കറക്കിയ വീരശിങ്കങ്ങളും. പക്ഷേ, എന്തുകാര്യം? എണ്ണയുടെ നികുതി ജിഎസ്ടിയിലാക്കാൻ തോമസ് ഐസക് സമ്മതിക്കുന്നില്ലല്ലോ!

ജിഎസ്ടിയുടെ നടപ്പിലാക്കലിനെ തുടർന്ന് ആസൂത്രണത്തിലും നിർവഹണത്തിനും ഉടലെടുത്ത സകല പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ഈ സംഘത്തിനും അവരുടെ അധികാരത്തിനുമാണ്. പക്ഷേ, എണ്ണയുടെ വിൽപന നികുതിയുടെ കാര്യം വരുമ്പോൾ ഈ സംഘബലം കാറ്റുപോയ ബലൂൺ പോലെയാകും. തോമസ് ഐസക്ക് കേറി വിലങ്ങു തടിയായി നിന്നാൽ വല്ലതും ചെയ്യാൻ പറ്റുമോ?

ആലോചിച്ചു നോക്കൂ. ഈ പരിവാർ സംഘത്തെ വെറും ഒരു വോട്ടുകൊണ്ടുകൊണ്ട് വരച്ചവരയിൽ നിർത്താൻ കഴിയുന്ന ഞാൻ ആരാണ്? ഒരു മഹാസംഭവം ആയിരിക്കാതെ വയ്യ. ആലോചിച്ചിട്ട് എനിക്കുതന്നെ തല കറങ്ങുന്നു.

ആരെങ്കിലും അൽപം വെള്ളം തരൂ

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook