/indian-express-malayalam/media/media_files/uploads/2020/08/fact-check-1.jpg)
കരിപ്പൂർ വിമാനാപകടത്തിലെ രക്ഷകർക്ക് സല്യൂട്ട് ചെയ്ത് ആദരമര്‍പ്പിച്ച പൊലീസുകാരനെതിരെ വകുപ്പ് തല നടപടി ഉണ്ടാവില്ല. സിവിൽ പൊലീസ് ഓഫീസറുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനമാണെങ്കിലും സദുദ്ദേശത്തോടെ ചെയ്തതിനാണെന്നതിൽ നടപടി വേണ്ടെന്ന നിലപാടിലാണ് ജില്ലാ പൊലീസ് അധികൃതർ.
വിമാനത്താവളം ഉൾപ്പെടുന്ന കൊണ്ടോട്ടി മേഖല കണ്ടെയ്ൻമെന്റ് സോണായിട്ടു പോലും കോവിഡ് ഭീതി മറന്നാണു പ്രദേശവാസികൾ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടർന്ന് ക്വാറന്റീനില്‍ പോയ രക്ഷാപ്രവര്‍ത്തകരെ അവിടങ്ങളിലെത്തി സല്യൂട്ട് ചെയ്താണ് പൊലീസുകാരന്‍ ആദരമര്‍പ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ചിത്രങ്ങള്‍ വ്യാജമാകാനാണു സാധ്യതയെന്നുമായിരുന്നു പൊലീസ് ആദ്യം പ്രതികരിച്ചത്. പിന്നീട് സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്നതായി കണ്ടെത്തിയത്.
സംഭവത്തില്‍ കൊണ്ടോട്ടി സിഐയോട് മലപ്പുറം ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടിയിരുന്നു. പൊലീസുകാരൻ സർവീസ് ചട്ടലംഘനം നടത്തിയിട്ടുണ്ടെങ്കിലും ഉദ്ദേശം നല്ലതായിരുന്നുവെന്നാണ് സിഐ നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കം എന്നാണ് വിവരം. ഇതേത്തുടർന്ന് നടപടിയെടുക്കേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവി തീരുമാനിക്കുകയായിരുന്നു.
കണ്‍ട്രോള്‍ റൂമില്‍നിന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണു സല്യൂട്ടടിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചത്. ഇദ്ദേഹം സല്യൂട്ട് ചെയ്തത് ഔദ്യോഗിക അനുമതിയോടെ ആയിരുന്നില്ലെന്നും സർവീസ് ചട്ടം ലംഘിച്ച പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.
''ഔദ്യോഗികമായി അങ്ങനെയൊരു ആദരം നടന്നിട്ടില്ല. ഔദ്യോഗികമായുള്ള ആദരമാണെങ്കില്‍ സംസ്ഥാന തലത്തില്‍ ഡിജിപി ഉള്‍പ്പെടടെയുള്ളവരും ജില്ലാ തലത്തിലാണെങ്കില്‍ എസ്പി ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കുന്ന ചടങ്ങിലുമാണു നടക്കുക. അങ്ങനെയൊരു ചടങ്ങ് എവിടെയും നടന്നില്ല. മാത്രമല്ല, അതിനുള്ള സമയവുമല്ല ഇത്. ഇത്തരത്തില്‍ സല്യൂട്ട് ചെയ്തുള്ള അനുമോദനം പൊലീസിന്റെ രീതിയുമല്ല. ഇത് വ്യക്തിപരമായി ചെയ്തതാണ്. അങ്ങനെ ചെയ്യാന്‍ പാടുള്ളതല്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്,'' എന്നാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
രക്ഷാപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ കഴിയുന്ന രണ്ട് സ്ഥലങ്ങളിലെത്തി സല്യൂട്ട് ചെയ്ത് ആദരമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങള്‍ സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും മറ്റു പ്രമുഖരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.