ലണ്ടൻ: ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ നാല് ദിവസത്തെ മൗനം അവസാനിപ്പിച്ച് മാർക് സുക്കർബർഗ്. വിവരങ്ങൾ ചോർന്ന സംഭവത്തിൽ തങ്ങൾക്ക് തെറ്റുപറ്റിയെന്ന് സുക്കർബർഗ് പറഞ്ഞു. ഫെയ്‌സ്ബുക്കിൽ വ്യക്തിസുരക്ഷ ഉറപ്പാക്കുന്നതിന് നടപടികൾ ആരംഭിച്ചതായും സുക്കർബർഗ് വ്യക്തമാക്കി.
മറ്റ് ആപ്ലിക്കേഷനുകൾക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുമായി സംവദിക്കാനുളള സാധ്യതകൾ കുറയ്ക്കാനാണ് സുക്കർബർഗും സംഘവും തീരുമാനിച്ചിരിക്കുന്നത്. കേംബ്രിഡ്‌ജ് അനലറ്റിക്ക ചതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഫെയ്‌സ്ബുക്ക് തുടങ്ങിയത് ഞാനാണ്. ഇതിൽ എന്ത് സംഭവിച്ചാലും ഉത്തരവാദി ഞാനാണ്,” സുക്കർബർഗ് പറഞ്ഞു.
അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിൽ ഫെയ്‌സ്ബുക്കിൽ നിന്നും ശേഖരിച്ച വ്യക്തിവിവരങ്ങൾ നിർണായക പങ്കുവഹിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്. സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ലബോറട്ടറീസ് (എസ്സിഎൽ) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിഡ്‌ജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങൾ ഫെയ്സ്ബുക്കിൽനിന്നു സ്വന്തമാക്കിയത്.
ട്രംപിന്റെ സുഹൃത്ത് റോബർട്ട് മെർസർ കേംബ്രിഡ്‌ജ് അനലറ്റിക്കയ്ക്ക് 97.5 കോടി രൂപ (ഒന്നരകോടി ഡോളർ) നൽകി വിവരങ്ങൾ സ്വന്തമാക്കുകയായിരുന്നു. 2010 ലെ ബിഹാർ തിരഞ്ഞെടുപ്പ് വിജയത്തിൽ അനലറ്റിക്കയുടെ മാതൃ കമ്പനി ബിജെപി-ജെഡിയു സഖ്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. ഫെയ്‌സ്ബുക്കിനെതിരെയും ഈ ആപ്ലിക്കേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കെതിരെയും ബ്രിട്ടനിലും അമേരിക്കയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അനലറ്റിക്കയ്ക്ക് ഫെയ്സ്ബുക്കിൽ പ്രവേശിക്കാനുളള അനുമതി നിഷേധിച്ചതായി സുക്കർബർഗ് അറിയിച്ചു.