പ്രതിദിനം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് ലക്ഷകണക്കിന് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പോസ്റ്റുകളാണ്. ഫെയ്സ്ബുക്കില്‍ ഓരോ സമയത്തും ഓരോ ട്രെന്‍ഡാണ്. രാഷ്ട്രീയം, സിനിമ, സാഹിത്യം, തുടങ്ങി ആകാശത്തിന് കീഴിലുളള എന്ത് വിഷയങ്ങളും ഫെയ്സ്ബുക്കില്‍ ട്രെന്‍ഡിങ്ങായി മാറാറുണ്ട്.
ഫെയ്സ്ബുക്കില്‍ സിനിമാ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങായി മാറുന്നത് മലയാളത്തിലെ എക്കാലത്തേയും ‘മികച്ച ഉഡായിപ്പ് കഥാപാത്രങ്ങള്‍’ ആണ്. മലയാള സിനിമകളില്‍ തട്ടിപ്പും വെട്ടിപ്പും കൊണ്ട് മലയാളികളെ ചിരിപ്പിച്ച കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍. അത്തരം കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ അതേപടി പകര്‍ത്തി തയ്യാറാക്കി അവതരിപ്പിക്കുകയാണ് ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ. ‘ഉഡായിപ്പ് വാരം’ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ഫെയ്സ്ബുക്കിലെ പേരുകേട്ട സിനിമാ ഗ്രൂപ്പായ സിനിമാ പാരഡൈസോ ക്ലബ്ബിലാണ് ഇത്തരം പോസ്റ്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.
പിന്നീട് വ്യക്തിഗത ടൈംലൈനുകളിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഉഡായിപ്പ് കഥാപാത്രങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത് നടന് മുകേഷാണ്. അദ്ദേഹം അവതരിപ്പിച്ച നിരവധി തട്ടിപ്പ് കഥാപാത്രങ്ങളാണ് സിനിമാ പാരഡൈസോ ക്ലബ്ബിലെ പോസ്റ്റുകളില്‍ നിറഞ്ഞത്. പ്രിയദര്ശന്-മുകേഷ്-മോഹന്‍ലാല്‍ ത്രയങ്ങളുടെ ചിത്രങ്ങളിലെ നിരവധി മുഹൂര്‍ത്തങ്ങളും പോസ്റ്റുകളായി വീണ്ടും മലയാളികളുടെ മുമ്പിലെത്തി.