കേരളത്തിൽ കാലവർഷം കനക്കുകയും മലയോര മേഖലകളിൽ ഉരുൾപ്പൊട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ കേരളീയരുടെ സുരക്ഷ ഉറപ്പു വരുത്താൻ സേഫ്റ്റി ചെക്ക് സംവിധാനം പ്രദാനം ചെയ്തിരിക്കുകയാണ് ഫെയ്സ്ബുക്ക് അധികൃതർ.
കനത്ത മഴയിലും മണ്ണിടിച്ചിലുമൊക്കെ പെട്ട് പല സ്ഥലങ്ങളും ഒറ്റപ്പെട്ടു കിടക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ഫെയ്സ്ബുക്ക് ‘ദ ഫ്ളഡിങ് എക്രോസ് കേരള, ഇന്ത്യ ‘ എന്ന പേജിലൂടെ സേഫ്റ്റി ചെക്ക് നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇതിനകം ആയിരത്തോളം ആളുകളാണ് സേഫ്റ്റി ചെക്ക് ഉപയോഗിച്ച് സുരക്ഷിതരാണെന്ന് മാർക്ക് ചെയ്തിരിക്കുന്നത്. പ്രശ്നബാധിത പ്രദേശങ്ങളിൽ പെട്ടുപോയ ആളുകൾക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കിൽ അതും സേഫ്റ്റി ചെക്കിൽ മാർക്ക് ചെയ്യാവുന്നതാണ്. വോളന്റിയർ വർക്ക്, ട്രാൻസ്പോർട്ട്, ഷെൽട്ടർ, ഫുഡ് തുടങ്ങി അത്യാവശ്യമായി വേണ്ട സഹായങ്ങൾ എന്തെന്നും ഇതിൽ മാർക്ക് ചെയ്യാം.
വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക്, തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സുരക്ഷിതരാണെന്ന് അറിയാനും ആശ്വാസം പകരാനും ഈ സേഫ്റ്റി ചെക്കിന് സാധിക്കുന്നുണ്ട്.
പാലക്കാട്, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളാണ് ഇപ്പോൾ പ്രധാനമായും മഴക്കെടുതികളെ നേരിട്ടു കൊണ്ടിരിക്കുന്നത്. സർക്കാരും പൊലീസും ദുരന്തനിവാരണ സേനയുമൊക്കെ ദ്രുതഗതിയിൽ നടത്തുന്ന ദുരന്തനിവാരണ യജ്ഞങ്ങളിൽ കൈകോർത്ത് ദുരിതാശ്വാസത്തിൽ പങ്കാളിയാവുകയാണ് ഫെയ്സ്ബുക്കും. മുൻപ് ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായ സമയത്തും ഫെയ്സ്ബുക്ക് ഈ ഫീച്ചർ ഏർപ്പെടുത്തി സാമൂഹിക പ്രതിബദ്ധതയുമായി മുന്നോട്ടു വന്നിരുന്നു.
ക്രൈസിസ് റെസ്പോൺസ് വഴി സഹായം ഓഫർ ചെയ്യാം
പ്രശ്നബാധിതരെ സഹായിക്കാൻ ജനങ്ങൾക്കും അവസരം നൽകുന്നുണ്ട് ഫെയ്സ്ബുക്ക് സേഫ്റ്റി ചെക്ക്. സഹായമനസ്തത ഉള്ളവർക്ക് സോഷ്യൽ റെസ്പോൺസിന്റെ ഭാഗമാകാനുള്ള അവസരം കൂടിയാണ് ഇതുവഴി ലഭിക്കുന്നത്.
സഹായിക്കാൻ ചെയ്യേണ്ടത്
ദുരിതബാധിത പ്രദേശത്ത് പെട്ടവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ, അതിനായി ക്രൈസിസ് പേജിലേക്ക് പോയി ‘ഗിവ് ഹെൽപ്പ്’ എന്ന നിർദ്ദേശത്തിൽ ക്ലിക്ക് ചെയ്യുക. ഓഫർ ചെയ്യാവുന്ന സഹായങ്ങളുടെ വിശദമായ കാറ്റഗറി ലിസ്റ്റ് നൽകിയിട്ടുണ്ട്. അതിൽ നിന്നും നിങ്ങൾക്ക് ഓഫർ ചെയ്യാവുന്ന സഹായം കണ്ടെത്താം. മാപ്പ് വ്യൂ ബ്രൗസ് ചെയ്താൽ ഓരോ ഏരിയയിലെയും ആളുകൾ എത്തരത്തിലുള്ള സഹായമാണ് ആവശ്യപ്പെടുന്നതെന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
ആരെയെങ്കിലും സഹായിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെങ്കിൽ, അവിടെ കമന്റ് ചെയ്യാനും സഹായം ആവശ്യമുള്ള വ്യക്തിക്ക് മെസേജ് അയച്ച് ആശയവിനിമയം നടത്താനും സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് പിന്തുടരുന്ന പോസ്റ്റുകളെ അനുവദനീയമായിട്ടുള്ളൂ. പോസ്റ്റുകൾ പ്രതിസന്ധി ഘട്ടത്തിനെ സംബന്ധിച്ച് പ്രസക്തമായിരിക്കണം. പരസ്യത്തിന്റെയോ കൊമേഴ്സ്യൽ ഓഫറിന്റെയോ സ്വഭാവമുള്ള പോസ്റ്റുകൾ ഇതുമായി ബന്ധപ്പെട്ട് നൽകാൻ പാടില്ല.