കനത്ത മഴയില്‍ അസമിലെ കാസിരംഗ ദേശീയ ഉദ്യാനം 90 ശതമാനത്തിലധികവും വെള്ളത്തില്‍ മുങ്ങി. മൂന്ന് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ഉള്‍പ്പടെ ഏഴ് മൃഗങ്ങളുടെ ജ‍‌‍‍ഡങ്ങൾ കൂടി കണ്ടെത്തിയതോടെ പ്രളയത്തില്‍ ചത്തൊടുങ്ങിയ മൃഗങ്ങളുടെ എണ്ണം അമ്പതോളമായി. വെളളപ്പൊക്കത്തില്‍ എവിടെ പോവണമെന്ന് അറിയാതെ അലഞ്ഞ് തിരിഞ്ഞ കാണ്ടാമൃഗങ്ങള്‍ ഒരു കുന്നിന്‍ പ്രദേശത്തെ വെളളം കയറാത്ത ഭാഗത്ത് ക്ഷീണിച്ച് അവശരായി കിടക്കുന്നതിന്റെ ചിത്രം വൈറലായി മാറി.

430 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ഉദ്യാനം ഇപ്പോഴും വെള്ളത്തിലാണ്. ജലനിരപ്പ് അല്‍പം താഴ്ന്നതോടെ മൃഗങ്ങളുടെ ജഡങ്ങള്‍ കണ്ടെത്തുന്നുണ്ട്. നിരവധി മാനുകളും കാണ്ടാമൃഗങ്ങളും, ആനകളും ഒക്കെ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

വെള്ളം നിറഞ്ഞതോടെ ദേശീയ പാത 37 മറികടന്ന് മൃഗങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് നീങ്ങി. ഇതിനിടെ വാഹനങ്ങളിടിച്ചും മൃഗങ്ങൾ ചത്തതായി റിപ്പോർട്ടുണ്ട്. ഇതോടെ ഇതുവഴി 40 കിലോമീറ്ററായി വാഹനങ്ങളുടെ വേഗത നിജപ്പെടുത്തി.

Read More: അസാം വെള്ളപ്പൊക്കം: 21 ജില്ലകൾ വെള്ളത്തിനടിയിൽ, ആറ് മരണം

വെള്ളക്കെട്ടില്‍ മുങ്ങിയ ഒരു കുഞ്ഞുകാണ്ടാമൃഗത്തെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ രക്ഷിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മനുഷ്യരുടെ ജീവനൊപ്പം തന്നെ മൃഗങ്ങളുടെ ജീവനും വിലകല്‍പിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടാണ് വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഹൃദയം തൊടുന്ന കാഴ്ചയെന്നും, കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും പലരും വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കി.

റോയൽ ബംഗാൾ കടുവ സമീപത്തെ വീടുകളിൽ‌ അഭയം തേടിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. വേട്ടക്കാരെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച 199 ക്യാമ്പുകളില്‍ 155 എണ്ണവും വെള്ളത്തിലായി.

യുനെസ്‌കോയുടെ ദേശീയ പൈതൃക പട്ടികയില്‍ ഇടംനേടിയ ഉദ്യാനം ഏറ്റവും കൂടുതല്‍ ഒറ്റകൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ വാസസ്ഥലം കൂടിയാണ്. കടുവ, ആന, കരടി, കുരങ്ങന്‍, കസ്തൂരിമാന്‍ എന്നിവയെല്ലാം ഇവിടത്തെ വനത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook