വിവാഹങ്ങളും വിവാഹ മോചനങ്ങളും നമ്മുടെ സമൂഹത്തിൽ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ സെലിബ്രിറ്റികളുടെ വിവാഹങ്ങളും വിവാഹ മോചനങ്ങളുമാകുമ്പോൾ​ അത് വാർത്തയാകാറുണ്ട്. അവർക്ക് ആശംസകൾ നേരുന്നതോടൊപ്പം അസഭ്യം പറയാനും ഉത്സാഹം കാണിക്കുന്ന ഒരു വിഭാഗമുണ്ടാകും. പലപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ചുഴിഞ്ഞ് നോക്കാനുള്ള മനുഷ്യന്റെ ആ ദുസ്വഭാവത്തിന് ഇരയാകുന്നത് സാധുക്കളായ മറ്റ് ചില മനുഷ്യരാകും.

മഴവിൽ‌ മനോരമയിലെ ജനപ്രിയ പരമ്പര ‘മറിമായ’ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സ്നേഹ  എസ്.പി ശ്രീകുമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. വിവാഹിതരായ ഇരുവർക്കും പലരും ആശംസകൾ നേർന്നു. അതേസമയം ഇവരെ അവഹേളിക്കാനും മറ്റു ചിലർ ഉണ്ടായിരുന്നു. സ്നേഹയുടെ ആദ്യ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചായിരുന്നു പലരും അവരെ അപമാനിക്കാൻ ശ്രമിച്ചത്.

എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്നേഹയുടെ മുൻ ഭർത്താവ് ദിൽജിത് എം ദാസ്. തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്ന് ദിൽജിത് തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സ്നേഹയുടെ വിവാഹ വാർത്തയോടുള്ള പ്രതികരണമായി പലരും ആദ്യ വിവാഹത്തിന്റെ ചിത്രങ്ങൾ​ പോസ്റ്റ് ചെയ്തതായി കണ്ടുവെന്നും അതാണ് ഇത്തരത്തിലൊരു കുറിപ്പെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും ദിൽജിത് പറയുന്നു.

“ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും,” ദിൽജിത് പറഞ്ഞു.

സ്നേഹ വിവാഹിതയാകുന്ന വിവരം തനിക്ക് നേരത്തേ അറിയാമായിരുന്നു എന്നും അതിൽ​ സന്തോഷം മാത്രമേ ഉള്ളൂവെന്നും പറഞ്ഞ് ദിൽജിത് ഇരുവർക്കും ആശംസകൾ നേരാനും മറന്നില്ല. പോസ്റ്റിന് താഴെ ദിൽജിത്തിന്റെ ചിന്താഗതിയെ അഭിനന്ദിച്ച് നിരവധി പേർ എത്തി.

‘മറിമായം’ എന്ന പരമ്പരയിൽ മണ്ഡോദരിയായി സ്നേഹയും ലോലിതൻ ആയി ശ്രീകുമാറും പ്രേക്ഷക പ്രീതി നേടിയവരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook