വനത്തിലൂടെയുള്ള യാത്ര അത്ര എളുപ്പമുള്ള ഒന്നല്ല. റോഡില്‍ ഏത് സമയവും വന്യമൃഗങ്ങളെ പ്രതീക്ഷിക്കാം. രാത്രിയാത്രകളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പട്ടാപ്പകല്‍ ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കണമെന്ന് കാണിച്ച് തരുന്നു ഒരു ആനയും കുട്ടിയാനയും.
കരിമ്പ് കൊണ്ടുപോകുന്ന ലോറി തടഞ്ഞായിരുന്നു ഇരുവരും മാസ് കാണിച്ചത്. ആദ്യം കുറച്ച് നേരം ലോറിയുടെ മുന്നില്‍ നിന്നായിരുന്നു അഭ്യാസങ്ങള്‍. ലോറിക്കിട്ടൊരു തട്ടൊക്കെ കൊടുത്ത് രണ്ടാളും ഒരൊറ്റ നില്‍പ്പായിരുന്നു.
ആനകളെ മാറ്റാന്‍ മറ്റ് മാര്‍ഗമില്ലെന്ന് കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറുടെ സഹായി അറ്റ കൈ പ്രയോഗിച്ചു. ലോറിയുടെ പുറകില്‍ ഉണ്ടായിരുന്ന കരിമ്പിന് തണ്ടുകള്‍ റോഡിലേക്ക് എറിഞ്ഞു കൊടുത്തു തുടങ്ങി.
ഒന്ന് രണ്ട് തണ്ടുകള്‍ മാത്രമായിരുന്നു ആദ്യം നല്‍കിയത്. എന്നാല്‍ അതൊന്നും പോരാ എന്ന നിലപാടിലായിരുന്നു ആനകള്‍ കൂടുതല്‍ കിട്ടിയാല്‍ പിന്മാറം എന്ന മട്ടിലായി കുട്ടിയാന. കൊടുക്കാതെ രക്ഷയില്ലെന്ന് ലോറിക്കാരനും മനസിലായി.
അവസാനം ഒരു വലിയ കെട്ട് കരിമ്പിന് തണ്ടുകള്‍ ആനകള്‍ക്ക് കൊടുക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വലിയ കെട്ട് താഴെ വീണതോടെ ആനകള്‍ രണ്ടും ലോറിയുടെ മുന്നില്‍ നിന്ന് മാറിക്കൊടുക്കുകയും ചെയ്തു.
വീഡിയോ ചിത്രീകരിച്ചരിക്കുന്നത് അകലെ നിര്‍ത്തിയിട്ടിരിക്കുന്ന മറ്റൊരു വാഹനത്തില്‍ നിന്നാണ്. സ്ഥലം എവിടെയാണെന്നതില്‍ വ്യക്തതയില്ല. ഭക്ഷണം തേടി ആനകള്‍ കാടിറങ്ങുന്നത് പതിവായിരിക്കുകയാണ്. പല മേഖലകളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.