ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) കഴിഞ്ഞു, എടികെ മോഹന്‍ ബഗാന്‍ ചാമ്പ്യന്മാരുമായി. എന്നാല്‍ ഇതുവരെ ഫുട്ബോള്‍ ലഹരി വിട്ടുമാറാത്ത ഒരാളുണ്ട്. പ്രായം 33 ആയെങ്കിലും ഫുട്ബോള്‍ കളിക്കുന്നതിന് ഒരു മടിയുമില്ല മഹാലക്ഷ്മി എന്ന ആനക്ക്. കുട്ടികളുടെ കൂടെയുള്ള മഹാലക്ഷ്മിയുടെ ഫുട്ബോള്‍ കളിക്ക് ആരാധകരും ഏറെയാണ്.
കർണാടകയിലെ മംഗളൂരുവിലെ കട്ടീൽ ദുർഗാപരമേശ്വരി ക്ഷേത്രത്തിലാണ് മഹാലക്ഷ്മിയുള്ളത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ മഹാക്ഷ്മി നിരവധി പേരുടെയൊപ്പം പന്ത് തട്ടുന്നത് കാണാം. ഫുട്ബോള്‍ കളിയൊക്കെ കഴിഞ്ഞ് മഹാലക്ഷ്മിയുടെ അനുഗ്രഹം മേടിക്കുന്ന ചിലരേയും വീഡിയോയില്‍ കാണാം.
എട്ട് മാസത്തോളം ആനയ്ക്ക് പരിശീലനം നല്‍കിയതായാണ് പരിശീലകര്‍ പറയുന്നത്. ഒഡീഷ ടിവി യൂട്യൂബില്‍ പങ്കുവച്ച എഎൻഐയുടെ വീഡിയോയിലാണ് ഇക്കാര്യം കേള്‍ക്കാന്‍ കഴിയുവന്നത്. ഫുട്ബോള്‍ മാത്രമല്ല മഹാലക്ഷ്മി ക്രിക്കറ്റും കളിക്കുമെന്നാണ് ക്ഷേത്രത്തിലെത്തിയ ഒരു സന്ദര്‍ശകന്‍ പറയുന്നത്.
നെറ്റിസണ്‍സിനിടെയില്‍ വീഡിയോയ്ക്ക് രണ്ട് അഭിപ്രായമാണ് ഉയരുന്നത്. ഒരുപക്ഷം മഹാലക്ഷ്മിയുടെ കളികളില്‍ ആശ്ചര്യം കണ്ടെത്തിയെങ്കില്‍ മറ്റുള്ളവര്‍ മൃഗങ്ങളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പറയുന്നത്.