ഫോമിലുള്ള ഒരു ബാറ്റ്‌സ്‍മാൻ തനിക്ക് നേരെ വരുന്ന എല്ലാ പന്തുകളും ചിലപ്പോ സിക്സറിന് പറത്തി എന്നിരിക്കും. അതെ, അങ്ങനെ ഫോമിലുള്ള ഒരു ബാറ്റ്സ്മാന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ബാറ്റ്സ്മാൻ പക്ഷെ മനുഷ്യനല്ല ഒരു ആനയാണെന്ന് മാത്രം. കേരളത്തിൽ നിന്നുള്ള ഒരു ആന ക്രിക്കറ്റ് കളിക്കുന്നതും തനിക്ക് നേരെ വരുന്ന പന്തുകൾ സിക്സറിന് പറത്തുന്നതുമായ വീഡിയോ ട്വിറ്ററിലാണ് വൈറലാകുന്നത്.
ഗുണപ്രേം എന്നൊരു ട്വിറ്റർ അക്കൗണ്ടിൽ “നിങ്ങൾ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? എന്തായാലും ഇവൻ മിക്ക അന്തരാഷ്ട്ര താരങ്ങളേക്കാൾ മികച്ചതാണ്” എന്ന അടികുറിപ്പോടെ പങ്കുവെച്ച വിഡിയോ, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനായ മൈക്കിൾ വോൻ റീട്വീറ്റ് ചെയ്തതോടെയാണ് വൈറലായത്. “ഉറപ്പായിട്ടും ഈ ആനക്ക് ഇംഗ്ലീഷ് പാസ്പോർട്ട് ഉണ്ട്” എന്ന ക്യാപ്ഷനുമായി വോൻ വീഡിയോ പങ്കുവെച്ചതോടെ ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകർ ട്വീറ്റ് ഏറ്റെടുക്കുകയായിരുന്നു.
നിരവധി രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ഫൂട്ട് വർക്കിന്റെ കുറവുണ്ടെന്നും, ബോളർക്ക് പിച്ചിനെ കുറ്റം പറയാമെന്നും തുടങ്ങിയ രസകരമായ കമന്റുകൾ വീഡിയോക്ക് താഴെ വന്നിട്ടുണ്ട്. ചിലരുടെ അഭിപ്രായത്തിൽ ചില താരങ്ങളേക്കാൾ നല്ല കളിക്കാരൻ ആനയാണെന്നാണ്. ചിലരുടെ ആശങ്ക അവൻ പിച്ചിലെ പുല്ല് തിന്നുമെന്നാണ്. അവനെ സ്റ്റമ്പ് ചെയ്യാൻ സാധിക്കില്ലെന്നും രണ്ട് ഫീൽഡർമാർക്ക് പകരം ആന ഒരാൾ മതിയെന്നും തുടങ്ങി നിരവധി രസകരമായ കമന്റുകൾ വീഡിയോക്ക് താഴെ കാണാൻ കഴിയും.
Read Also: തേയിലത്തോട്ടത്തിലെ വിരുന്നുകാർ, മനം കവർന്ന് ആനക്കൂട്ടം; വീഡിയോ
ആനക്ക് പന്ത് എറിഞ്ഞു കൊടുക്കുന്നയാളും ഫീൽഡ് ചെയ്യുന്നവരും കീപ്പർ നില്കുന്നയാളും മലയാളികൾ തന്നെയാണെന്നാണ് മനസിലാകുന്നത്. എന്നാൽ ഇവർ കേരളത്തിൽ എവിടെയാണെന്നോ ഈ മികച്ച ‘ബാറ്റ്‌സ്‍മാൻ’ ആരാണെന്നോ ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. എന്തായാലും ലോകം മുഴുവനുള്ള നിരവധി ക്രിക്കറ്റ് ആരാധകരെ തന്റെ ‘ഫാനാക്കാൻ’ ആനക്ക് കഴിഞ്ഞു.