മനുഷ്യര്‍ക്കു വികസനമാകുന്നതു പലപ്പോഴും വന്യമൃഗങ്ങള്‍ക്കു ഭീഷണിയാവാറുണ്ട്. ഗ്രാമവാസികള്‍ ഓടിച്ചതിനെത്തുടര്‍ന്ന് കനാലില്‍ അകപ്പെട്ട ആനക്കൂട്ടം കരകയറാന്‍ പാടുപെടുന്ന കാഴ്ച അത്തരമൊരു ഉദാഹരണമാണ്. കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ തിങ്കളാഴ്ചയാണു സംഭവം.
കനാലില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കുന്ന അഞ്ച് ആനകള്‍ പലതവണ തെന്നിവീഴുന്നത് വിഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വിഡിയോ വലിയ ചര്‍ച്ചയ്ക്കു കാരണമായിരിക്കുകയാണ്.
ആനത്താരകളിലെ ഒരേനിരയിലുള്ള ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ വെല്ലുവിളി സൃഷ്ടിക്കുന്നതായും ആനകളെ പിന്നീട് രക്ഷിച്ചതായും ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സുസാന്ത നന്ദ പറഞ്ഞു. കരപറ്റാന്‍ ആനകള്‍ മല്ലിടുന്നതിന്റെ വിഡിയോ സഹിതമായിരുന്നു നന്ദയുടെ ട്വീറ്റ്.
മൈസൂരു ഹുന്‍സൂര്‍ താലൂക്കിലെ ഹനഗോഡു ഗ്രാമത്തിലെ ലക്ഷ്മണ തീര്‍ഥ നദി കനാലില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവമെന്നു കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗ്രാമവാസികള്‍ തുരത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ആനക്കൂട്ടം കനാലില്‍ കുടുങ്ങിയതെന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. വെള്ളവും ഭിത്തിയിലെ വഴുവഴുപ്പും കാരണം കനാലില്‍നിന്ന് പുറത്തേക്കു കടക്കാന്‍ ആനകള്‍ പ്രയാസപ്പെടുകയായിരുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഒരു കൂട്ടം ഗ്രാമവാസികള്‍ ആനക്കൂട്ടത്തെ ഓടിച്ചു. ഒടുവില്‍ കനാലില്‍നിന്നു പുറത്തുകടക്കാന്‍ അവയ്ക്ക് ഒരു ഇടം ലഭിച്ചു,” ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആനകള്‍ ഒരു തരത്തിലും ഉപദ്രവവും നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനാലില്‍നിന്നു രക്ഷപ്പെട്ട ആനക്കൂട്ടം നാഗരഹോളെ കടുവാ സങ്കേതത്തിലേക്കു കടക്കുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാനും ഭാവിയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതു തടയാനും മികച്ച ആസൂത്രണം വേണമെന്നാണു വിഡിയോ കണ്ട മിക്കവരും ചൂണ്ടിക്കാട്ടുന്നത്.
Also Read: റൂളറിലൊരു വിവാഹ മെനു; കൂടുതല്‍ കഴിക്കുന്നവരെ അടിക്കാനാണോയെന്ന് നെറ്റിസണ്‍സ്