മൃഗങ്ങളുടെ രസകരമായ വീഡിയോകൾ പലപ്പോഴും സോഷ്യല്‍ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ, ഒരു കൊമ്പനാനയുടെ പരാക്രമങ്ങളാണ് വൈറലാവുന്നത്. മാങ്ങ മോഷ്ടിക്കാനായി മതിൽ ചാടിയ കൊമ്പൻ എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. അരഭിത്തികളും മതിലുമെല്ലാം ശ്രദ്ധാപൂർവ്വം ചാടി കടന്നാണ് കൊമ്പന്റെ മാങ്ങ മോഷണം.
അഞ്ചടിയോളം ഉയരമുള്ള മതിലാണ് ആന ചാടി കടക്കുന്നത്. സാംബിയയിലെ സൗത്ത് ലുവാങ്വ നാഷണൽ പാർക്കിലാണ് സംഭവം. സമീപത്തുള്ള എംഫുവെ ലോഡ്ജ് പരിസരത്തേക്കായിരുന്നു കൊമ്പന്റെ മതിലുചാട്ടം. പാർക്കിന്റെ ജനറൽ മാനേജറായ ഇയാൻ സാലിസ്ബറിയാണ് ഈ ദൃശ്യം പകർത്തിയത്. നാല് കാലുകളും പ്രയാസപ്പെട്ട് കൽഭിത്തിക്ക് മുകളിലേക്ക് ഉയർത്തി മതിൽ ചാടികടക്കുന്ന ആനയുടെ ദൃശ്യങ്ങൾ ആരിലും കൗതുകമുണ്ടാക്കും.
ലോഡ്ജിന്റെ ഉടമയായ ബുഷ്‌ക്യാമ്പ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആൻഡി ഹോഗും ആനയുടെ കുസൃതി വീഡിയോയിൽ പകർത്തിയിട്ടുണ്ട്.