കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിരിക്കുകയാണ്. വിലക്ക് പിന്‍വലിച്ച് തൃശൂര്‍ പൂരത്തിന് എഴുന്നെള്ളിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് ശാരീരിക ബുദ്ധിമുട്ടുകളും അക്രമ വാസനകളുമുള്ള ആനയെ എഴുന്നെള്ളിക്കുന്നത് അവസാനിപ്പിക്കണമെന്ന് വേറൊരു വിഭാഗവും വാദിക്കുന്നുണ്ട്.

അതിനിടയിലാണ് ആനയുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ടവരെ പോസ്റ്റുമോര്‍ട്ടം ചെയ്ത അനുഭവം വിവരിച്ച് ഡോ.ജിനേഷ് പി.എസ്.രംഗത്തെത്തിയിരിക്കുന്നത്. ആനയുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ടവരെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ കാണേണ്ടി വന്ന ദാരുണമായ കാഴ്ചയാണ് ഡോ.ജിനേഷ് പി.എസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നത്. ട്രെയിന്‍ ഇടിച്ചുള്ള പരുക്കുകളേക്കാള്‍ കൂടുതലാണ് ആന മര്‍ദിച്ച ശേഷമുള്ള പരുക്കുകളെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വെെകാരികമായ വരികളാണ് ഫേസ്ബുക്ക് പോസ്റ്റിലേത്.

Read More: അക്രമ സ്വഭാവമുള്ള ആനയെ ഉത്സവത്തിന് എഴുന്നെള്ളിച്ചാലുള്ള ബുദ്ധിമുട്ട് വളരെ വലുതായിരിക്കും: വനംമന്ത്രി

ഒരു കണ്ണിന് പൂർണ്ണമായ കാഴ്ച ശക്തിയില്ലാത്ത, മറ്റേ കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള, ഇതുവരെ 13 പേരുടെ മരണത്തിന് കാരണക്കാരനായുള്ള, പ്രായാധിക്യം ബാധിച്ച ഒരു ആനയെ ലക്ഷക്കണക്കിന് ആൾക്കാർ തിങ്ങിനിറഞ്ഞിരിക്കുന്ന തൃശൂർ പൂരത്തിന് പങ്കെടുക്കണോ എന്ന് പറയുന്നതിനു മുമ്പ് ആനയുടെ മർദനമേറ്റ് കൊല്ലപ്പെട്ടവരുടെ കാഴ്ചകൾ കൂടി കാണണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജിനേഷ് ഓർമ്മിപ്പിക്കുന്നു.

“ഇനിയെങ്കിലും ചിന്തിക്കൂ… ആറ് പാപ്പൻമാരെയും നാല് സ്ത്രീകളെയും കുട്ടികളെയും അടക്കം 13 പേരുടെ മരണത്തിന് കാരണക്കാരനായ ഒരു ആനയെ ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ആഘോഷത്തിന് നടുവിലേക്ക് ആനയിക്കണോ എന്ന് തലയോട്ടിക്കുള്ളിലെ തലച്ചോറിന്റെ സ്ഥാനത്ത് ചാണകം അല്ലെങ്കിൽ ചിന്തിച്ചാൽ മതി.” എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില അതീവ മോശമാണെന്ന് കാണിച്ചുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തെച്ചിക്കോട്ടുകാവിനെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൃശൂര്‍ പൂരത്തിന് ആനയെ എഴുന്നള്ളിക്കാന്‍ സാധിക്കാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് വിലയിരുത്തല്‍.

Read More: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 54 വയസിനേക്കാള്‍ കൂടുതല്‍ പ്രായമുണ്ടാകാം; കാഴ്ചയുള്ളത് ഒരു കണ്ണിന് മാത്രം

തെച്ചിക്കോട്ടുകാവിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. ആനയെ അമിതമായി ജോലി ചെയ്യിക്കുന്ന അവസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് ദിവസത്തിനിടെ 750 മണിക്കൂര്‍ വരെ ആനയെ യാത്ര ചെയ്യിപ്പിച്ച സന്ദര്‍ഭങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റെക്കോര്‍ഡുകള്‍ പ്രകാരം ആനയ്ക്ക് 54 വയസാണ് കാണിക്കുന്നത്. എന്നാല്‍, ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ അതിനേക്കാള്‍ പ്രായമുണ്ടാകാനുള്ള സാധ്യതകളാണ് കാണുന്നത്.

ആനയ്ക്ക് വലിയ രീതിയില്‍ ദഹന പ്രശ്‌നങ്ങളുണ്ട്. ദഹന പ്രശ്‌നങ്ങളാണ് പ്രായം വളരെ കൂടുതലാകാന്‍ സാധ്യതയുള്ളതിന് തെളിവായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആനയ്ക്ക് സാധാരണ കാഴ്ച ശക്തി പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. തെച്ചിക്കോട്ടുകാവിന് വലത് കണ്ണിന് കാഴ്ച ശക്തിയില്ല. ഒറ്റക്കണ്ണ് കൊണ്ടാണ് ചുറ്റുപാടും നോക്കികാണുന്നത്. അതിനാല്‍ തന്നെ അക്രമാസക്തനാകാന്‍ സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല, ജോലി ഭാരം കുറച്ചും യാത്രകള്‍ ഒഴിവാക്കിയും തെച്ചിക്കോട്ടുകാവിന് പൂര്‍ണ വിശ്രമം അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook