തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽനിന്നും പാപ്പാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നവംബർ 10-ാം തീയതി തെക്കേ നടയിൽവച്ചായിരുന്നു സംഭവം. വിവാഹ ഫൊട്ടോഷൂട്ട് നടക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്.
വിവാഹം കഴിഞ്ഞ് ഫൊട്ടോഷൂട്ടിനായി വധുവും വരനും പോസ് ചെയ്യുന്നതിനു സമീപമായാണ് ആന കടന്നു പോയത്. ഇതിനിടെ പെട്ടെന്ന് ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന പാപ്പാനെ തുമ്പികൈ കൊണ്ട് ചുറ്റിയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ പാപ്പാൻ നിലത്തുവീഴുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു. ഉടൻ തന്നെ മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ തളച്ചു. സംഭവ സമയത്ത് നിരവധി പേർ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു.
വിവാഹം ഷൂട്ട് ചെയ്യാനെത്തിയ ഫൊട്ടോഗ്രാഫർമാരാണ് ആന ഇടഞ്ഞ ദൃശ്യം പകർത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.